city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് ജോലി ഭയന്ന് നാടുവിട്ട യുവാവിനെ പത്തു വർഷത്തിനൊടുവിൽ പോലീസ് തന്നെ കണ്ടെത്തി

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 30.10.2020) 
പോലീസ് ട്രെയിനിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ പേടിച്ച് നാടുവിട്ട യുവാവിനെ പത്തു വർഷത്തിന് ശേഷം പോലീസ് തന്നെ കണ്ടെത്തി. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ പുങ്ങംചാലിലെ പരേതനായ വെള്ളാപ്പള്ളിൽ വി വി വർഗീസിന്റെ മകൻ ജോസ് വർഗീസിനെയാണ് (38)പത്തു വർഷത്തിനൊടുവിൽ കോഴിക്കോട് ജില്ലയിലെ പുതിയാപ്പ ഹാർബറിലെ ഒരുഹോട്ടലിൽ വച്ച് വെള്ളരിക്കുണ്ട് പോലീസ് കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ വെള്ളരിക്കുണ്ട് പോലിസ് സ്റ്റേഷനിൽ എത്തിച്ച ജോസ് വർഗീസിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി. കോടതി ജോസിനെ ബന്ധുക്കൾക്കൊപ്പം വിട്ടു. 
കേരള പോലീസിൽ ജോലി ലഭിച്ച ജോസ് വർഗീസ് പോലീസിന്റെ ട്രെയ്നിങ് പേടിച്ച് നാടുവിടാൻ ഉണ്ടായ സംഭവം വെള്ളരിക്കുണ്ട് സി ഐ കെ പ്രേംസദൻ പറയുന്നത് ഇങ്ങനെ...

2011 ജൂൺ മാസം 5 മുതൽ അനുജൻ ജോസ് വർഗീസിനെ കാണ്മാനില്ല എന്ന് കാണിച്ച് ഇയാളുടെ സഹോദരൻ ജോർജ് വർഗീസ് വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി മുംബൈയിലേക്ക്‌ പോകുന്നു എന്ന് പറഞ്ഞാണ് ജോസ് വർഗീസ് വീട്ടിൽ നിന്നും ഇറങ്ങിയത് എന്നും അനുജനെ കുറിച്ച് യാതൊരു വിവരവും പിന്നീട് ഉണ്ടായില്ല എന്നും കാണിച്ച് 2016 ൽ ജോർജ്‌ വർഗീസ് വെള്ളരിക്കുണ്ട് പോലീസിൽ മൊഴിയും നൽകിയിരുന്നു.

പോലീസ് ജോലി ഭയന്ന് നാടുവിട്ട യുവാവിനെ പത്തു വർഷത്തിനൊടുവിൽ പോലീസ് തന്നെ കണ്ടെത്തി


പിന്നീട് ജോസ് വർഗീസിനെ കണ്ടെത്താൻ പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. പലസ്ഥലങ്ങളിലായി വെള്ളരിക്കുണ്ട് പോലീസ് ജോസ് വർഗീസിനെ കണ്ടെത്താൻ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ജോസ് വർഗീസ് കോഴിക്കോട് പുതിയാപ്പ ഹാർബറിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്നുവെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചത്. 
ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്റെ നിർദ്ദേശം പ്രകാരം എ എസ് ഐ ജോമി ജോസഫ് കോഴിക്കോട് വെച്ച് ജോസ് വർഗീസിനെ കസ്റ്റഡിയിൽ എടുത്തു.

വെള്ളിയാഴ്ച പുലർച്ചെയാണ് ജോസ് വർഗീസിനെ വെള്ളരിക്കുണ്ടിൽ എത്തിച്ചത്.
2011 ജൂൺ മാസം അഞ്ചിന് മുംബൈക്ക് പോകുന്നു എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ ഞാൻ നേരെ പോയത് ബാംഗ്ളൂരിലേക്കാണ്. അവിടെ മൂന്ന് വർഷത്തോളം അലുമിനിയം ഫ്രാബ്രിക്കേഷൻ ജോലി ചെയ്തു. പിന്നീട് അവിടെ നിന്നും മൈസൂരിലേക്ക് പോയി. അവിടെ രണ്ട് വർഷത്തോളം ഹോട്ടൽ ജോലി ചെയ്തു. ഇവിടെ നിന്നും നേരെ കോഴിക്കോട് പുതിയാപ്പ ഹാർബറിൽ എത്തി. ഇവിടെയും ഹോട്ടൽ ജോലി ചെയ്യുകയായിരുന്നുവെന്നും നാടുവിട്ടു പോയശേഷം വീട്ടുകാരുമായോ നാട്ടുകാരുമായോ ബന്ധപെട്ടിരുന്നില്ലെന്നും ഫോൺ ഉപയോഗിക്കാറില്ല എന്നും ജോസ് വർഗീസ് പറയുന്നു.

നാടുവിട്ടു പോകുവാൻ എന്താണ് കാരണം എന്ന ചോദ്യത്തിന് ജോസ് വർഗീസ് നൽകിയ മറുപടി വളരെ കൗതുകമുള്ളതാണ് എന്ന് സി ഐ കെ പ്രേം സദൻ പറഞ്ഞു. തനിക്ക് കേരള പോലിസിൽ ജോലി ലഭിച്ചിരുന്നുവെന്നും പോലീസ് ജോലിയോട് താൽപര്യമുണ്ടായിരുന്നില്ലെന്നും ട്രൈനിങ്ങിന്റെ ബുധിമുട്ട് ഓർത്ത്‌ നാടുവിടുകയായിരുന്നുവെന്നും പോലീസ് ജോലിക്ക് പോകാൻ വീട്ടുകാർ നിർബന്ധിക്കുന്നതിനാലുമാണ് വീട്ടുകാരുമായി ബന്ധപ്പെടാതിരുന്നത് എന്നും തിരികെ വന്നാൽ വീണ്ടും പോലീസ് ട്രെയിനിങ്ങിനു പോകേണ്ടി വരുമെന്ന ഭയം കൊണ്ടാണ് തിരികെ വരാതിരുന്നത് എന്നുമാണ് ജോസ് നൽകിയ മറുപടി.

കേരള പോലിസിൽ ജോലി ലഭിച്ച ജോസ് വർഗീസ് കണ്ണൂർ മങ്ങാട്ട് പറമ്പിലെ പോലീസ് ട്രൈനിംഗ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2010 ലായിരുന്നു ഇത്.‌ ക്യാമ്പിൽ എത്തിയ ജോസ് വർഗീസ് ഒരാഴ്ചത്തെ അവധി എടുത്ത് മുങ്ങുകയായിരുന്നു.

നീണ്ട പത്തു വർഷത്തെ പോലീസ് അന്വേഷണത്തിനിടയിൽ ജോസ് വർഗീസ് എന്ന യുവാവിനെ കണ്ടെത്താൻ സാധിച്ചത് വെള്ളരിക്കുണ്ട് പോലീസിന് അഭിമാനം നൽകുന്നുവെന്ന് സി ഐ കെ പ്രേം സദൻ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords: Kerala, News, Kasaragod, Vellarikundu, Youth, Missing, Police, Investigation, Job, Top-Headlines, Ten years after the young man left home for fear of a police job, the police found him.

< !- START disable copy paste -->



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia