Quarry | സിനിമാ തിയേറ്റർ നിർമാണത്തിന്റെ പേരിൽ വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനമെന്ന് ആരോപണം; അനധികൃതമെന്നും നിയമങ്ങൾ ലംഘിക്കുന്നുവെന്നും പ്രദേശവാസികൾ
Jan 31, 2024, 11:20 IST
/ സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasaragodVartha) മൾടി പ്ലസ് സിനിമാ തിയേറ്റർ നിർമാണത്തിന്റെ മറവിൽ നിയമങ്ങൾ ലംഘിച്ച് വെള്ളരിക്കുണ്ട് ടൗണിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനമെന്ന് ആരോപണം. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന ക്വാറിയുടെ പ്രവർത്തനംമൂലം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും. അവിടെ എത്തുന്നവർക്കും ഓടോറിക്ഷ - ടാക്സി തൊഴിലാളികൾക്കും കടുത്ത ദുരിതം നേരിടുകയാണെന്നാണ് ആക്ഷേപം.
തികച്ചും അശാസ്ത്രീയമായ രീതിയിൽ പാറപൊട്ടിക്കുന്നത് മൂലം വെള്ളരിക്കുണ്ട് ടൗൺ പകൽ നേരത്ത് പാറപ്പൊടിയിൽ മുങ്ങുകയാണെന്നും പലർക്കും അലർജി പോലുള്ള ശാരീരിക പ്രശ്നങ്ങളും ഉണ്ടാകുന്നതായും പ്രദേശവാസികൾ പറയുന്നു. സിനിമാ തിയേറ്റർ നിർമാണത്തിന്റെ മറവിൽ നിയമങ്ങൾ ലംഘിച്ചു കൊണ്ട്
ക്വാറി പ്രവർത്തിപ്പിക്കാൻ ഉദ്യോഗസ്ഥ ഭരണതലങ്ങളിലെ സ്വാധീനം ഇവർക്ക് തണലേകുന്നുവെന്നും രാത്രിയിൽ കടത്തികൊണ്ട് പോകുന്ന ചരക്കുകൾക്ക് കൃത്യമായ വിഹിതം ഇവർക്ക് ലഭിക്കുകയും ചെയ്യുന്നുവെന്നും ആരോപണമുണ്ട്.
സിനിമാ തിയേറ്റർ നിർമാണത്തിന് കെട്ടിടം പണിയാൻ പാറപൊട്ടിച്ചു മാറ്റാൻ മാത്രമാണ് ഇവർക്ക് മൈനിങ് ആൻഡ് ജിയോളജിയും പഞ്ചായതും അനുമതി നൽകിയിട്ടുള്ളതെന്നും എന്നാൽ റോഡ് നിർമാണത്തിന് വരെ ഇവിടെ നിന്നും കരിങ്കൽ പോകുന്നുവെന്നുമാണ് പരാതി. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഇലക്ട്രിക് ഡിറ്റനേറ്റർ വരെ ഇവർക്ക് ഇവിടെ യഥേഷ്ടം ലഭിക്കുന്നുവെന്നതും ആശങ്കാജനകമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അലക്ഷ്യമായി കൂട്ടിയിടുകയും ഈ മേഖലയിൽ പരിചയക്കുറവുള്ളവരുമായ തൊഴിലാളികൾ കരാർ അടിസ്ഥാനത്തിൽ പാറമട പ്രവർത്തിപ്പിക്കുന്നതും വലിയൊരു ദുരന്തത്തിനും കാരണമായേക്കാമെന്ന് പ്രദേശവാസികൾ പറഞ്ഞു. അടിയന്തര നടപടികൾ ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
Keywords: News, Malayalam News, Kasaragod, Vellarikundu, Quarry, Filim, Thiyettar, Residents complain on illegal quarrying