Protest | പെർവാഡിൽ അടിപ്പാതയ്ക്കായുള്ള പ്രക്ഷോഭം ശക്തമായി; പ്രവൃത്തി സ്ഥലത്തേക്ക് പ്രദേശവാസികൾ നടത്തിയ മാർചിൽ പ്രതിഷേധമിരമ്പി; പൊലീസ് തടഞ്ഞു
കുമ്പള: (www.kasargodvartha.com) പെർവാഡിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന ബഹുജന പ്രക്ഷോഭം ശക്തമായി. ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന സ്ഥലത്തേക്ക് ആക്ഷൻ കമിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർചിൽ പ്രതിഷേധമിരമ്പി. സ്ത്രീകളും, കുട്ടികളും ഉൾപെടെ അനവധി പേർ പങ്കെടുത്തു. മാർച് പൊലീസ് തടഞ്ഞു.
കഴിഞ്ഞ നാലുമാസത്തോളമായി അടിപ്പാതയ്ക്കായുള്ള സമരത്തിലാണ് പ്രദേശവാസികൾ. ദേശീയപാത പ്രവൃത്തി പുരോഗമിക്കവേ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് സമീപത്തെ വിവിധ പ്രദേശങ്ങൾ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഫിഷറീസ് കോളനി എന്നിവിടങ്ങളിലേക്കുള്ള വഴികൾ അടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്താൻ ആക്ഷൻ കമിറ്റി തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച മാർച് നടത്തിയത്. സമരം അക്രമാസക്തമായേക്കുമെന്ന് കണ്ട് വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇനിയും നടപടി സ്വീകരിക്കാത്ത പക്ഷം ദേശീയപാത നിർമാണം തടയുന്നതുൾപെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ആക്ഷൻ കമിറ്റി ഭാരവാഹികൾ അറിയിച്ചു. സമരം കുമ്പള ഗ്രാമപഞ്ചായത് പ്രസിഡണ്ട് യുപി ത്വാഹിറാ യൂസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അശ്‌റഫ് കർള അധ്യക്ഷത വഹിച്ചു. ആക്ഷൻ കമിറ്റി കൺവീനർ പി മുഹമ്മദ് നിസാർ പെർവാട് സ്വാഗതം പറഞ്ഞു.
കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, നസീമ ഖാലിദ്, റിയാസ് മൊഗ്രാൽ, നസീമ പേരാൽ, വിദ്യാപൈ കുമ്പള, ബിഎൻ മുഹമ്മദലി, യൂസഫ് ഉളുവാർ, അനിൽകുമാർ, സുജിത് റൈ, അൻവർ ആരിക്കാടി, സിഎം മുഹമ്മദ്, കുസുമം, എകെഎം ആരിഫ്, ടിഎം ശുഐബ്, ടികെ ജാഫർ, എഎംഎ ഖാദർ, മുനീർ കണ്ടാളം, അശ്റഫ് പെർവാഡ്, ലത്വീഫ് കുമ്പള, സുഭാകര, സകീന അക്ബർ, സഹനാസ് നിസാർ, മിശാൽ റഹ്‌മാൻ, ജലീൽ കെഎസ്ആർടിസി, ഹാരിസ് പി എസ് സി, ഇബ്രാഹിം കെ കെ റോഡ്, മുഹമ്മദ് കുഞ്ഞി കോയിപ്പാടി, ഫിർശാദ് കോട്ട, ഹനീഫ് കോയിപ്പാടി പ്രസംഗിച്ചു.കൃഷ്ണ ഗട്ടി നന്ദി പറഞ്ഞു.
Keywords: Kumbala, news, Kasaragod, Top-Headlines, Police, March, Protest for underpass in Perwad.