city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: സിപിഎം നേതാവും അഭിഭാഷകനും സുന്ദരയെ സന്ദർശിച്ചു; തട്ടിക്കൊണ്ടുപോകൽ കേസിൽ കെ സുരേന്ദ്രനെ കുരുക്കാൻ പൊലീസ്

കാസർകോട്: (www.kasargodvartha.com 15.06.2021) മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ പണം വാങ്ങി മത്സരരംഗത്ത് നിന്ന് പിന്മാറിയ ബി എസ് പി സ്ഥാനാർഥി കെ സുന്ദരയെ അദ്ദേഹം ഇപ്പോൾ തങ്ങുന്ന എൻമകജെ പഞ്ചായത്തിലെ ഷേണി പട്ടികജാതി കോളനിയിൽ സി പി എം പ്രാദേശിക നേതാവും പരാതിക്കാരന്റെ അഭിഭാഷകനും രഹസ്യമായി സന്ദർശിച്ചു.

                                                           
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: സിപിഎം നേതാവും അഭിഭാഷകനും സുന്ദരയെ സന്ദർശിച്ചു; തട്ടിക്കൊണ്ടുപോകൽ കേസിൽ കെ സുരേന്ദ്രനെ കുരുക്കാൻ പൊലീസ്



സി പി എം മുൻ കുമ്പള ഏരിയ സെക്രടറി സി എ സുബൈറും മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർഥിയായിരുന്ന വി വി രമേശന്റെ അഭിഭാഷകൻ ഹൊസ്ദുർഗ് ബാറിലെ സി ശുകൂറുമാണ് സുന്ദരയുടെ മാതൃസഹോദരിയുടെ കുടിലിൽ എത്തിയത്. ബി ജെ പി കേന്ദ്രമായ വാണിനഗർ പഡ്രെയിൽ നിന്ന് അക്രമം ഭയന്ന് കോൺഗ്രസ് ആധിപത്യ മേഖലയായ ഷേണിയിലേക്ക് താമസം മാറിയ സുന്ദരക്ക് പൊലീസ് സംരക്ഷണവുമുണ്ട്.

രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി സ്വീകരിച്ചു എന്നതാണ് സുന്ദരയുടെ മൊഴി. എന്നാൽ ഇതുസംബന്ധിച്ച് അദ്ദേഹം തന്നെ പറയുന്നതിലും മാതാവിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ സുന്ദരയുടെ മൊഴിയും മഞ്ചേശ്വരത്ത് പരാജയപ്പെട്ട ഇടതുപക്ഷ സ്ഥാനാർഥി വി വി രമേശന്റെ പരാതിയും അടിസ്ഥാനമാക്കി ഐപിസി 171ബി പ്രകാരമാണ് ക്രൈം നമ്പർ 193/21 ആയി കെ സുരേന്ദ്രനും ബിജെപി പ്രാദേശിക നേതാക്കൾക്കും എതിരെ കേസെടുത്തത്.

പരമാവധി ഒരു വർഷം തടവ് ശിക്ഷ ലഭിക്കാവുന്നതാണ് പണം നൽകിയും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചു എന്ന കുറ്റം ചുമത്തിയ കേസ്. ഇതിൽ പണം കൈപ്പറ്റിയ താനും മാതാവും ഉൾപെടെ ശിക്ഷിക്കപ്പെടും എന്നതിനാൽ കേസുമായി മുന്നോട്ടുപോവാൻ സുന്ദര താൽപര്യപ്പെടില്ലെന്ന് പൊലീസ് പറയുന്നു.

രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് എന്ന നിലയിൽ തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്താവുന്ന ഐ പി സി 365 വകുപ്പിന്റെ പരിധിയിൽ സംഭവം കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. വലിയ സംഘം തട്ടിക്കൊണ്ടുപോയതായി സുന്ദരയും മാതാവും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. സുന്ദരക്കും മാതാവിനും ഒപ്പം മൂന്ന് ബിജെപി നേതാക്കൾ നിൽക്കുന്ന ചിത്രം ഇതിനകം പുറത്തുവന്നിട്ടുണ്ട്. സ്ഥാനാർഥിത്വം പിൻവലിച്ചു എന്ന് പ്രഖ്യാപിച്ച വേളയിൽ എടുത്തതാണത്.

തട്ടിക്കൊണ്ടുപോയ സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നു എന്ന മൊഴിയിൽ ഉറച്ചുനിന്നാൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന പ്രതിയായി കെ സുരേന്ദ്രൻ മാറും. 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ശേഷമേ ബിജെപി സംസ്ഥാന പ്രസിഡണ്ടിന് ജാമ്യം പോലും കിട്ടൂ.

ജ്വലറി തട്ടിപ്പു കേസിൽ മുൻ എംഎൽഎ എം സി ഖമറുദ്ദീനെ പൂട്ടിയതിന് സമാനമായ ശൈലി അതേ അന്വഷണ ഏജൻസിയായ ജില്ലാ ക്രൈംബ്രാഞ്ച് സ്വീകരിക്കുകയാണ്. കോഴയായി ലഭിച്ച തുകയിൽ ലക്ഷം രൂപ സുഹൃത്തിന്റെ അകൗണ്ടിൽ നിക്ഷേപിച്ചു എന്നാണ് സുന്ദര മൊഴി നൽകിയത്. ആ സുഹൃത്ത് വാണിനഗറിലെ ബിജെപി പ്രവർത്തകനും ഓടോറിക്ഷ ഡ്രൈവറുമായ ഉയർന്ന ജാതിക്കാരനാണെന്നാണ് വിവരം. ബാക്കി തുക ചെലവായതായും മൊഴി നൽകിയിട്ടുണ്ട്. മൊബൈൽ ഫോൺ അന്വഷണ സംഘം കസ്റ്റഡിയിലെടുത്ത് കോൾലിസ്റ്റ് പരിശോധിക്കുകയാണ്.

സുന്ദരയെ സന്ദർശിച്ചതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചു കാസർകോട് വാർത്ത ബന്ധപ്പെട്ടപ്പോൾ അക്കാര്യം സുബൈറും അഡ്വ. ശുകൂറും തള്ളുകയോ കൊള്ളുകയോ ചെയ്തില്ല. കൂടുതൽ വിവരങ്ങൾ ദിവസങ്ങൾക്കകം പുറത്ത് വരുമെന്നാണ് ഇവർ പറയുന്നത്.

Keywords: Kerala, News, Top-Headlines, Manjeshwaram, Niyamasabha, Election, Police, BJP, CPIM, CPM, Case, Mobile Phone, K Surendran, Sundara, Manjeswaram election bribery case: CPM leader and lawyer visited Sundara.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia