തെക്കിലില്‍ നിന്ന് ചെങ്കള വരെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ചന്ദ്രഗിരിപുഴയുടെ ഓരത്തുകൂടി കാസര്‍കോട് എത്താന്‍ ബൈപാസ് റോഡ് വേണമെന്ന് നാട്ടുകാര്‍; പെരുമ്പള പ്രദേശത്തെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്ന കാര്യം പരിശോധിക്കാനായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ഇടപെടുമെന്ന് സി എച് കുഞ്ഞമ്പു എം എല്‍ എ
Jul 4, 2021, 22:15 IST
കാസര്‍കോട്: (www.kasargodvartha.com 04.07.2021) തെക്കിലില്‍ നിന്ന് ചെങ്കള വരെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ചന്ദ്രഗിരിപുഴയുടെ ഓരത്തുകൂടി കാസര്‍കോട് എത്താന്‍ ബൈപാസ് റോഡ് വേണമെന്ന് നാട്ടുകാര്‍. നേരത്തെ എന്‍ എച് 66-ല്‍ തെക്കില്‍ നിന്ന് ചെങ്കള വരെയുള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് ചന്ദ്രഗിരിപുഴയുടെ ഓരത്തുകൂടി കാസര്‍കോട് എത്താന്‍ ഒരു ബൈപാസ് റോഡ് നിര്‍മാണത്തിന് കിഫ്ബി 55.27 കോടി രൂപ അനുവദിച്ചിരുന്നു. മറ്റ് കിഫ്ബി പ്രൊജക്ടുകളെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കലിന് പണം നല്‍കുന്നതിനും ഈ പ്രൊജക്ടില്‍ തുക വകയിരുത്തിയിട്ടുണ്ട്.
തെക്കില്‍ പാലത്തു നിന്നും തുടങ്ങി പെരുമ്പള പാലത്തിലേക്ക് എത്തിക്കുന്ന തരത്തില്‍ 4.5 കിമീ റോഡിനുള്ള ഡി പി ആറിനാണ് കിഫ്ബി അംഗീകാരം നല്‍കിയത്. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ഈ റോഡില്‍ ഏഴു മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങോടുകൂടി രണ്ട് ലൈനായി നിര്‍മിക്കുന്ന റോഡിന് ഇരുവശത്തും ഡ്രൈനേജ്, കേബിള്‍, വാടെര്‍പൈപ്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കായി 1.5മീറ്റര്‍ വീതിയില്‍ അണ്‍ പേവഡ് ഷോല്‍ഡര്‍ നിര്‍മാണം, നടപ്പാത നിര്‍മാണം എന്നിവക്കാണ് ഏഴു മീറ്റര്‍ കഴിഞ്ഞുള്ള ബാക്കി സ്ഥലം ഉപയോഗിക്കുന്നത്. ആരാധനാലയങ്ങളുടെ അടുത്ത് 10 മീറ്റര്‍ മാത്രമാണ് റോഡിനായി സ്ഥലം എടുക്കുന്നത്.
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ഭൂമി, വീട് ഇവ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുക നല്‍കും. 55.27 കോടി രൂപയില്‍ 24.48 കോടി രൂപ ഭൂമി ഏറ്റെടുക്കലിനാണ്. പല പ്രാവശ്യം ഈ പദ്ധതി നടപ്പിലാക്കുന്നതിന് യോഗം ചേര്‍ന്നെങ്കിലും പ്രൊജക്ടിലെ ചില സംശയങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കാത്തതിനാലും ഓരോരുത്തര്‍ക്കും നഷ്ടപ്പെടുന്ന ഭൂമിയെകുറിച്ചും വീടിനെ കുറിച്ചും വ്യക്തമായ അറിവില്ലാത്തതും പ്രൊജക്ട് ഉപേക്ഷിക്കേണ്ട ഘട്ടം വരെ എത്തിച്ചു. എന്നാല്‍ ചന്ദ്രഗിരി പുഴയുടെ ഓരത്തുകൂടി പോകുന്ന നല്ല ടൂറിസം സാധ്യതയുള്ള ഈ പ്രൊജക്ട് വേണ്ടെന്ന് വെക്കുന്നതില്‍ നാട്ടുകാര്‍ക്കും വിഷമം ഉണ്ടായിരുന്നു.
പുതിയ സര്‍കാര്‍ വന്നതിനുശേഷം പല കോണുകളില്‍ നിന്നും റോഡിന്റെ നിര്‍മാണം നടപ്പിലാക്കണമെന്ന് ആവശ്യം ഉയരുകയും അതിനോട് എം എല്‍ എ സി എച് കുഞ്ഞമ്പു അനുകൂല പ്രതികരണം നടത്തുകയും ചെയ്തു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബൈപാസ് റോഡു കമിറ്റി എന്നിവരുമായി കൂടിയാലോചിച്ച് ഒരു പുനരാലോചന കമിറ്റി വിളിക്കാന്‍ തീരുമാനിക്കുകയും കമിറ്റി 4/7/2021ന് പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ വച്ച് നടക്കുകയും ചെയ്തു.
യോഗത്തില്‍ പ്രൊജക്ട് ഉപേക്ഷിക്കാന്‍ പാടില്ലെന്ന ഏക അഭിപ്രായമാണുണ്ടായത്. യോഗ തീരുമാന പ്രകാരം 4.5 കി.മീ റോഡില്‍ പെരുമ്പള ഭാഗത്തെ 500 മീറ്റര്‍ ഭാഗത്തുമാത്രമാണ് പ്രശ്നമുള്ളത്. അതുകൊണ്ടുതന്നെ ഒന്നുകൂടി പുനപരിശോധിച്ചശേഷം അലൈമെന്റില്‍ ഈ ഭാഗത്ത് മാറ്റം വരുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു.
ഈ പരിശോധനക്ക് ശേഷം വീണ്ടും കമിറ്റി ചേര്‍ന്ന് അനുയോജ്യമായ തീരുമാനം കൈക്കൊള്ളാനും അതനുസരിച്ച് മുന്നോട്ട് പോകാനും തീരുമാനച്ചു. കൂടുതല്‍ ആളുകളെ ഉള്‍പെടുത്തി റോഡ് കമിറ്റി പുനസംഘടിപ്പിക്കാനും തീരുമാനിച്ചു.
പദ്ധതിക്കായി ഒരാളുടെ ഭൂമിപോലും അനാവശ്യമായി ഏറ്റെടുക്കില്ലെന്നും എന്നാല്‍ റോഡിന് ആവശ്യമായത് വിട്ടുവീഴ്ചാ മനോഭാവത്തോടെ വിട്ടു നല്‍കാന്‍ സന്നദ്ധമാകണമെന്നും പറഞ്ഞ സി എച് കുഞ്ഞമ്പു എം എല്‍ എ നമുക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും മനോഹരമായ റോഡ് പ്രൊജക്ടാണെന്നും കമിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി.
പെരുമ്പള പ്രദേശത്തെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്ന കാര്യം പരിശോധിക്കാനായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആര്‍ ബി ഡി സി കെ എം ഡി ജാഫര്‍ മാലിക്ക് ഐ എ എസിന് കത്ത് നല്‍കുമെന്നും സി എച് കുഞ്ഞമ്പു എം എല്‍ എ അറിയിച്ചു.
യോഗത്തില്‍ റോഡ് കമിറ്റി കണ്‍വീനര്‍ എ നാരായണന്‍ നായര്‍ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബകര്‍ അധ്യഷതയും വഹിച്ചു. പദ്ധതിയെ വിശദീകരിച്ച് ആര്‍ ബി ഡി സി കെ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂടി കലക്ടര്‍ അനില്‍കുമാര്‍, പ്രൊജക്ട് എഞ്ചിനീയര്‍ അനീഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവരും സംസാരിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Road, Chandragiri-river, MLA, Chengala, Traffic-block, Bypass, Locals want bypass road to reach Kasaragod along Chandragiri river to avoid traffic jam from Thekkil to Chengala.
< !- START disable copy paste -->