തലപ്പാടിയിൽ സംയോജിത ചെക് പോസ്റ്റ് സമുച്ചയം വരുന്നു; ശിലാസ്ഥാപനം നിർവഹിച്ചു
Jul 20, 2021, 20:07 IST
കാസർകോട്: (www.kasargodvartha.com 20.07.2021) കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിര്‍മിക്കുന്ന സംയോജിത ചെക് പോസ്റ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക, വനം കുറ്റകൃത്യങ്ങള്‍ക്ക് തടയിടുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന പദ്ധതി മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും വനപരിപാലനപ്രവര്‍ത്തനങ്ങളുടെ ശാക്തീകരണത്തിനും ഏറെ പ്രയോജനകരമായിരുക്കുമെന്ന് മന്ത്രി പറഞ്ഞു.
സംയോജിത ഫോറസ്റ്റ് ചെക് പോസ്റ്റ് സമുച്ചയങ്ങള്‍ 10.27 കോടി രൂപ ചെലവിലും ഫോറസ്റ്റ് സ്റ്റേഷനുകള്‍ 11.27 കോടി രൂപ ചെലവിലുമാണ് നിര്‍മിക്കുക. അടുത്തവര്‍ഷം മാര്‍ചോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് സംയോജിത ചെക് പോസ്റ്റ് സമുച്ചയം നിര്‍മിക്കുന്നത്. വിവരവിജ്ഞാന കേന്ദ്രം, വനശ്രീ ഇകോ ഷോപ്, മറ്റു അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പെടുത്തി പ്രധാന ചെക് പോസ്റ്റുകളെ സംയോജിത ഫോറസ്റ്റ് ചെക്‌പോസ്റ്റ് കോംപ്ലക്‌സുകളാക്കി മാറ്റുന്നതാണ് പദ്ധതി. നൂറ് ദിന പദ്ധതികളുടെ ഭാഗമായി ഒന്‍പത് ജില്ലകളിലായി 14 സംയോജിത ഫോറസ്റ്റ് ചെക് പോസ്റ്റ് സമുച്ചയങ്ങളാണ് നിര്‍മിക്കുക.
ചടങ്ങില്‍ എകെഎം അശ്‌റഫ് എംഎല്‍എ അധ്യക്ഷനായി. കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ രാമന്‍, കാസര്‍കോട് റെയ്ഞ്ച് ഓഫീസര്‍ ടി ജി സോളമന്‍ പങ്കെടുത്തു.
Keywords: Kerala, News, Kasaragod, Top-Headlines, Thalappady, Check-post, Development project, Foundation stone, Laid foundation stone of check post complex in Thalapady.
< !- START disable copy paste -->