Opposition | 'ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കും'; ബോവിക്കാനം ടൗണിൽ പുതിയ ഓടോ റിക്ഷാ സ്റ്റാൻഡ് അനുവദിക്കരുതെന്ന് മുസ്ലിം ലീഗ്
● സഞ്ചാര സ്വാതന്ത്ര്യത്തെയും കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക.
● മുൻ സ്റ്റാൻഡുകളുടെ വിപുലീകരണം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
മുളിയാർ: (KasargofVarth) ബോവിക്കാനം ടൗണിൽ പുതിയ ഓട്ടോ റിക്ഷാ സ്റ്റാൻഡ് അനുവദിക്കുന്നതിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും വ്യാപാരികളുടെ കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് ലീഗിന്റെ ആശങ്ക.
നിലവിൽ ബോവിക്കാനത്ത് രണ്ട് അംഗീകൃത ഓട്ടോ റിക്ഷാ സ്റ്റാൻഡുകൾ ഉണ്ട്. ഇതിനു പുറമേ, ജീപ്പ് ടാക്സി സ്റ്റാൻഡും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, പുതിയ സ്റ്റാൻഡ് അനുവദിക്കുന്നത് ജനത്തിരക്കേറിയ ടൗണിൽ ഗതാഗതക്കുരുക്കും ബസ് കാത്തിരിപ്പിനുള്ള ബുദ്ധിമുട്ടും സൃഷ്ടിക്കുമെന്ന് ലീഗ് ചൂണ്ടിക്കാട്ടുന്നു.
മൂന്നാമതൊരിടം ആവശ്യപ്പെടുന്നവർക്ക് നിലവിലുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ വിപുലീകരിച്ച് ഓട്ടോ റിക്ഷാ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതിന് പകരം ജനത്തിരക്കുള്ള ടൗണിൽ ബസ് കാത്തിരിപ്പിന് തടസ്സമാകുന്ന തരത്തിൽ പുതിയ സ്ഥലം അനുവദിക്കുന്നത് ശരിയല്ല. ബോവിക്കാനം ടൗണിൽ പുതിയ ഓട്ടോറിക്ഷാ സ്റ്റാൻഡ് അനുവദിക്കാനുള്ള നീക്കത്തിൽ നിന്നും മോട്ടോർ വാഹന വകുപ്പും, ഗ്രാമ പഞ്ചായത്തും പിൻമാറണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
വ്യാപാരികൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകൾ തുടങ്ങിയവരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് പുതിയ സ്റ്റാൻഡ് അനുവദിക്കാനുള്ള നീക്കം നടക്കുന്നത്. ഇത് രണ്ട് ദിവസം മുമ്പ് പ്രദേശത്ത് പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ട്.
വ്യാപാരികളുടെയും സന്നദ്ധ, രാഷ്ട്രീയ സംഘടനകളുടെയും പൊതു ജനങ്ങളുടെയും, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകളുടെയും അഭിപ്രായത്തെ മുഖവിലക്കെടുക്കാതിരുന്നതാണ് രണ്ട് നാൾ മുമ്പുണ്ടായ പ്രശ്നങ്ങൾക്ക് കാരണമായാത്.
25 ന് നടക്കുന്ന ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് മുന്നൊരുക്കം ലീഡേഴ്സ് കോൺക്ലൈവ് ക്യാമ്പ് വിജയിപ്പിക്കാൻ തീരുമാനിച്ചു. പ്രസിഡണ്ട് ബി എം അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ മാർക്ക് മുഹമ്മദ്, ബി കെ ഹംസ, അബ്ദുല്ല ഡെൽമ പ്രസംഗിച്ചു.