World Cup | ഫുട്‍ബോള്‍ ലോകകപ് കിരീടം അർജന്റീനയ്ക്ക്; ഫ്രഞ്ച് ടീമിന്റെ സ്വപ്‍നം തകർത്ത് മെസിയും സംഘവും
Dec 18, 2022, 23:59 IST
ദോഹ: (www.kasargodvartha.com) ഫുട്‍ബോള്‍ ലോകകപ് കിരീടം അർജന്റീന നേടി. ഖത്വറിലെ ലുസൈൽ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2ന് തോല്‍പ്പിച്ചാണ് അർജന്റീന ചരിത്രത്തിലെ മൂന്നാമത്തെ ലോകകപ് കിരീടം നേടിയത്.
ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന അത്യന്തം വാശിയേറിയ ഫൈനലിൽ, 23-ാം മിനിറ്റിൽ ലയണൽ മെസിയുടെ പെനാൽറ്റിയിലൂടെയാണ് അർജന്റീനയുടെ ആദ്യ ഗോൾ പിറന്നത്. പെനാൽറ്റി ബോക്‌സിൽ ഫ്രാൻസിന്റെ ഔസ്മാൻ ഡെംബലെ അർജന്റീനയുടെ എയ്ഞ്ചൽ ഡി മരിയയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മെസി ഒരു പിഴവും വരുത്താതെ പന്ത് നേരെ ഗോൾപോസ്റ്റിലേക്ക് പായിച്ചു. 36-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ ലീഡ് ഉയർത്തി.
രണ്ടാം പകുതിയിൽ ഫ്രാൻസ് തുടർച്ചയായി രണ്ട് ഗോളുകൾ നേടി. 80-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഫ്രാൻസിന്റെ യുവതാരം കൈലിയൻ എംബാപ്പെയാണ് ആദ്യ ഗോൾ നേടിയത്. തൊട്ടടുത്ത മിനിറ്റിൽ തന്നെ രണ്ടാം ഗോളും നേടി യുവതാരം മത്സരം സമനിലയിലാക്കി. മുഴുവൻ സമയത്ത് സമനിലയിലായ മത്സരത്തിൽ അധികസമയത്തിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസി മിന്നുന്ന ഗോൾ നേടി.
118-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി കൈലിയൻ എംബാപ്പെ ഫ്രാൻസിനെ സമനിലയിലാക്കി. അധിക സമയത്തും സമനിലയിലായതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ മൂന്നാം തവണയാണ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ചാമ്പ്യനെ തീരുമാനിക്കുന്നത്. നേരത്തെ 1994-ൽ ബ്രസീലും 2006-ൽ ഇറ്റലിയും കിരീടം നേടിയിരുന്നു.
1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്സികോയിലും കിരീടം നേടിയ അർജന്റീന 36 വർഷത്തിന് ശേഷമാണ് ഫുട്‍ബോളിന്റെ ലോകകിരീടത്തിൽ മുത്തമിടുന്നത്. 2014 ൽ അർജന്റീന ലോകകപ് ഫൈനലിൽ എത്തിയെങ്കിലും ജർമനിക്കെതിരെ പരാജയപ്പെട്ടിരുന്നു. അതിനുള്ള മധുര പ്രതികാരം കൂടിയായി ഇത്.
ഇത് തന്റെ അവസാന ലോകകപ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ച മെസിക്ക്, ഇതുവരെ കൈപ്പിടിയിൽ ഒതുക്കാൻ കഴിയാത്ത ലോകകപ് കിരീടമെന്ന സ്വപ്‌നവും സാക്ഷാത്കരിക്കാനായി. കരുത്തുറ്റ പ്രതിരോധ നിരയും ചടുല വേഗവുമുള്ള മുന്നേറ്റ താരങ്ങളും അർജന്റീനൻ ടീമിന് കരുത്തായി.
നാല് വർഷം മുമ്പ് റഷ്യയിൽ ഏറ്റുവാങ്ങിയ കിരീടം നിലനിർത്താമെന്ന ഫ്രഞ്ച് ടീമിന്റെ മോഹം പൊലിയുന്നതിനാണ് ഖത്വർ സാക്ഷ്യം വഹിച്ചത്. കാൽ നൂറ്റാണ്ടിനിടെ മൂന്നാം കിരീടമായിരുന്നു ഫ്രഞ്ച് ടീമിന്റെ സ്വപ്നം. 2018ന് മുൻപ് 1998ൽ സ്വന്തം നാട്ടിൽ നടന്ന ചാംപ്യൻഷിപിലാണ് ഫ്രാൻസ് ജേതാക്കളായത്. തോൽവിക്കിടയിലും 23 കാരനായ കൈലിയൻ എംബാപ്പെ, ലോകകപിൽ ഗോൾ വേട്ടയിൽ മുന്നിലെത്തിയത് അവർക്ക് അഭിമാനമായി.