കർണാടക വനത്തിലേക്ക് പോയി കാണാതായ എട്ട് യുവാക്കളും ബുധനാഴ്ച പുലർച്ചെ തിരിച്ചെത്തി; മടങ്ങാൻ വൈകിയത് വനത്തിനുള്ളിലെ മഴ കാരണമെന്ന് വിശദീകരണം
Jan 6, 2021, 12:10 IST
കൊന്നക്കാട്: (www.kasargodvartha.com 06.01.2021) അത്തിയടുക്കത്ത് നിന്നും കർണാടക വനത്തിലേക്ക് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ എട്ട് പട്ടിക വർഗ യുവാക്കളും ആറാം ദിവസത്തിൽ നാട്ടിൽ തിരിച്ചെത്തി. അത്തിയടുക്കം പട്ടിക വർഗ കോളനിയിലെ പുതിയടത്ത് മധു (44), മകൻ മനു (16), പാപ്പിനി വീട്ടിൽ മനോജ് (30), പുതിയേടത്തു ബാലൻ (40), നിശാന്ത് (18), കോട്ടയിൽ രമേശൻ (25), പുതിയേടത്തു അനീഷ് (26), പാട്ടത്തിൽ രവി (45) എന്നിവരാണ് ബുധനാഴ്ച പുലർച്ചെ വീടുകളിൽ തിരിച്ചെത്തിയത്.
ജനുവരി ഒന്നിന് പുലർച്ചെയാണ് അത്തിയടുക്കം പട്ടിക വർഗ്ഗ കോളനിയിൽ നിന്നും എട്ട് പേർ വനവിഭവങ്ങൾ ശേഖരിക്കാൻ കർണാടക ഉൾ കാട്ടിലേക്ക് പോയത്. വനത്തിൽ ഉണ്ടായ കനത്ത മഴയും പതിവിൽ കൂടുതൽ ഉണ്ടായ തണുപ്പുമാണ് മടക്കം വൈകിപ്പിച്ചതെന്നും ഒരാഴ്ചക്കുള്ള ഭക്ഷണവിഭവങ്ങൾ കരുതിയിരുന്നുവെന്നുമാണ് മടങ്ങിയെത്തിയവർ വെളിപ്പെടുത്തിയത്.
എട്ടു പേരും അഞ്ചു ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തത് സംബന്ധിച്ചു ബന്ധുക്കളും വാർഡ് മെമ്പർ അടക്കമുള്ളവരും ആശങ്ക അറിയിച്ചതോടെയാണ് യുവാക്കളെ കാണാതായ വിവരം പുറത്തറിഞ്ഞത്. ഫോറസ്റ്റ് ഓഫീസർമാരെയും പൊലീസിനെയും ഇക്കാര്യം അറിയിച്ചിരുന്നു.
ഇത് സംബന്ധിച്ച് കാസർകോട് വാർത്തയുടെ റിപോർട് പുറത്ത് വന്നതോടെ പോലീസും വനം വകുപ്പും അന്വേഷണം ഉർജ്ജിതമാക്കുന്നതിനിടയിലാണ് യുവാക്കൾ തിരിച്ചെത്തിയത്.
Keywords: Kerala, News, Forest, Youth, Police, Rain, Top-Headlines, Missing, Forest-range-officer, Eight ST youths who went missing to collect forest resources in Karnataka returned on Wednesday morning.
< !- START disable copy paste --> 






