Earthquake | ജപാനില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പുമുണ്ട്
Jan 1, 2024, 14:36 IST
ടോക്യോ: (KasargodVartha) ന്യൂ ഇയര്‍ ദിനത്തില്‍ ജപാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വടക്കന്‍ ജപാനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ജപാന്‍ കാലാവസ്ഥാ ഏജന്‍സി ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ജപാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായും വലിയ തിരമാല പ്രതീക്ഷിക്കുന്നതായും ജപാനീസ് മാധ്യമമായ എന്‍ എച് കെ റിപോര്‍ട് ചെയ്തു. ഭൂകമ്പത്തെ തുടര്‍ന്ന് ആണവനിലയങ്ങളില്‍ എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കുന്നതായും റിപോര്‍ടില്‍ വ്യക്തമാക്കുന്നു.താമസക്കാരോട് ഒഴിഞ്ഞു മാറാനും തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്‍ എച് കെ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇഷികാവയില്‍ കെട്ടിടങ്ങള്‍ തകരുന്നതും എതിര്‍ വശത്തുള്ള തലസ്ഥാനമായ ടോകിയോയിലെ കെട്ടിടങ്ങള്‍ കുലുങ്ങുന്നതായും കാണാം.
നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതര്‍ ഇപ്പോഴും പരിശോധിച്ചുവരികയാണെന്നും തുടര്‍ ഭൂചലനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗരൂകരാകണമെന്നും ഉന്നത സര്‍കാര്‍ വക്താവ് ഹയാഷി യോഷിമാസ അടിയന്തര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോകത്തില്‍ ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപാന്‍. 2011-ലാണ് ജപാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുകുഷിമ ആണവനിലയത്തിനുള്‍പെടെ തകരാറ് സംഭവിച്ചിരുന്നു.
Keywords: Magnitude 7.6 earthquake strikes Japan, tsunami warning issued, Japan, News, Natives, Media, Report, Earthquake, Tsunami Warning, Press Meet, World News.