ബാലവേല: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ശിശു ക്ഷേമ സമിതി
കാസര്‍കോട്: (www.kasargodvartha.com 25.11.2020) ജില്ലയിലെ തൊഴിലിടങ്ങളില്‍ ബാലവേല ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്
ശിശു ക്ഷേമ സമിതി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരികയും അന്തര്‍ സംസ്ഥാന ട്രെയിന്‍-ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തതോടെ ജില്ലയിലെ തൊഴിലിടങ്ങളില്‍ ബാലവേല വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് നടപടി കടുപ്പിക്കുന്നത്.
ബാലവേലയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനായ ബാലവേല വിരുദ്ധ ജില്ലാ ടാസ്‌ക് ഫോഴ്സ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് കീഴിലുള്ള ശരണബാല്യം പദ്ധതി എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുഴല്‍ക്കിണര്‍ വാഹനങ്ങള്‍ നിരീക്ഷണത്തില്‍
അടുത്തിടെ തമിഴ്നാട്ടില്‍ നിന്നുള്ള കുഴല്‍ക്കിണര്‍ വാഹനത്തില്‍ ജില്ലയിലെത്തിയ മധ്യപ്രദേശ് സ്വദേശിയായ കുട്ടിയെ അലഞ്ഞ് തിരിഞ്ഞ് നടക്കവേ കാഞ്ഞങ്ങാട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുഴല്‍ക്കിണര്‍ വാഹനങ്ങളില്‍ കുട്ടികളടക്കമുള്ള ആളുകള്‍ സുരക്ഷാ മുന്‍കരുതലില്ലാതെ അപകടകരമായ സാഹചര്യത്തില്‍ പ്രവൃത്തിയിലേര്‍പ്പെടുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ തൊഴില്‍ ആവശ്യത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കും.
ബാലവേല കണ്ടാല്‍ അറിയിക്കൂക
ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാം. 24 മണിക്കൂറും സേവനം ലഭിക്കുന്ന ചൈല്‍ഡ് ലൈനിന്റെ ടോള്‍ ഫ്രീ നമ്പറായ 1098 ലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസ് നമ്പറായ 04994 238 800 ലും ജില്ലാ ലേബര്‍ ഓഫീസ് നമ്പറായ 04994 04994 256 950 ലും ജില്ലാ ശിശുസംരക്ഷണ ഓഫീസ് നമ്പറായ 04994 256990 ലും പരാതി അറിയിക്കാന്‍ വിളിക്കാം.