Bekal Fest | നാടിന് ഉത്സവ ദിനരാത്രങ്ങൾ സമ്മാനിച്ച ബേക്കൽ ഫെസ്റ്റിന് ഉജ്വല സമാപനം; ആഘോഷത്തിമിർപ്പിൽ പുതുവർഷത്തെ വരവേറ്റ് ജനക്കൂട്ടം; അടുത്ത വർഷവും ഡിസംബറിൽ ബീച് ഫെസ്റ്റ് നടത്തുമെന്ന് അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ
Jan 1, 2024, 11:42 IST
ബേക്കൽ: (KasargodVartha) 10 ദിനരാത്രങ്ങൾ ഉത്സവക്കാഴ്ച സമ്മാനിച്ച ബേക്കൽ അന്താരാഷ്ട്ര ഫെസ്റ്റിന് ഉജ്വല സമാപനം. അവസാന ദിനത്തിൽ പുതുവത്സരത്തെ വരവേൽക്കാൻ ഗംഭീര പരിപാടികളാണ് ഒരുക്കിയിരുന്നത്. റാസാ ബീഗത്തിന്റെ ഗസലും ആട്ടം കലാസമിതിയുടെ മ്യൂസിക് ഫ്യൂഷനും തുടര്‍ന്ന് പുതുവര്‍ഷത്തെ വരവേറ്റുകൊണ്ടുള്ള മെഗാ ന്യൂ ഇയര്‍ നൈറ്റും അവിസ്മരണീയമായി.
അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇത് ജനങ്ങളുടെ മഹോത്സമാണ്, എല്ലാവർക്കും വേണ്ടത് സന്തോഷമാണ്. ഇത്തവണ ജനപ്രവാഹമാണ് ഉണ്ടായതെന്നും അടുത്ത വർഷവും ഡിസംബറിൽ ബീച് ഫെസ്റ്റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠൻ, മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി ടി സുരേന്ദ്രൻ, പ്രോഗ്രാം കമിറ്റി ചെയർമാൻ ഹകീം കുന്നിൽ, വി രാജൻ, കെ ഇ എ ബകർ എന്നിവർ സംസാരിച്ചു. ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത് സ്വാഗതവും മാനജർ കെ എം രവീന്ദ്രൻ നന്ദിയും പറഞ്ഞു.
ഉത്തര മലബാറിലെ ഏറ്റവും വലിയ ആഘോഷമായി ബേക്കല്‍ ഫെസ്റ്റ് രണ്ടാം സീസണും മാറുന്ന കാഴ്ചയാണ് കാണാനായത്. പ്രശസ്തരായ കലാകാരന്മാരുടെ സാന്നിധ്യം ഫെസ്റ്റിന് മാറ്റുകൂട്ടി. കാസർകോട് നിന്നും പുറത്തുനിന്നുമായി അനവധി പേരാണ് ഒഴുകിയെത്തിയത്. ഫെസ്റ്റ് വൻവിജയമാക്കുന്നതിൽ അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ നേതൃത്വം നല്‍കുന്ന സംഘാടക സമിതിയുടെ മികവും കയ്യടി നേടി.
അവസാന രാവിൽ തിളങ്ങി കാസർകോടൻ നക്ഷത്രങ്ങൾ
ബേക്കൽ ഫെസ്റ്റിന്റെ അവസാന രാവിൽ കാസർകോടൻ നക്ഷത്രങ്ങൾ തിളങ്ങി നിന്നു. ജില്ലയിലെ ചലചിത്ര താരങ്ങൾ അണിനിരന്ന ചലചിത്ര സംഗമം വിഖ്യാത ചലചിത്ര സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്തു. എല്ലാ ഇന്ദ്രിയങ്ങളും ഒരുമിച്ച് സംവദിക്കുമ്പോഴാണ് അത് ചലച്ചിത്രമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകം അവസാനിക്കുംവരെ സിനിമ നിലനിൽക്കും. ഒരു മനുഷ്യനെ നല്ലതാക്കാനും ചീത്തയാക്കാനും സിനിമയ്ക്ക് സാധിക്കും. അത്രമാത്രം സ്വാധീനമാണ് സിനിമ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോവലിസ്റ്റും തിരക്കഥാകൃത്തുമായ പിവികെ പനയാൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികൾക്കുള്ള ഉപഹാര വിതരണം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠൻ സംബന്ധിച്ചു. കൃഷ്ണൻ മുന്നാട്, ഉത്പൽ പി നായർ, വിനു കോളിച്ചാൽ, വിജയകുമാർ പാലക്കുന്ന്, അമ്മിണി ചന്ദ്രാലയം എന്നിവരെ ആദരിച്ചു. കലാസാംസ്കാരിക സബ് കമിറ്റി കൺവീനർ അജയൻ പനയാൽ സ്വാഗതവും ലൈറ്റ് ആൻഡ് സൗണ്ട് സബ് കമിറ്റി ചെയർമാൻ പി കെ അബ്ദുല്ല നന്ദിയും പറഞ്ഞു.