കാർഷിക വൃത്തിയുടെ നേർസാക്ഷ്യമായി വീണ്ടുമൊരു എരുത് കളി; പുതുതലമുറക്ക് ഇത് അപൂർവ്വ അനുഭവം
Oct 26, 2020, 23:24 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.10.2020) കാർഷിക സംസ്കാരത്തിന്റെ നേർസാക്ഷ്യമായി പത്താമുദയ നാളിൽ എരുത് (എരിതു) കളി. വെസ്റ്റ് എളേരി പുങ്ങംചാൽ കൊടിയം കുണ്ട് കോളനിയിലാണ് തുലാമാസം പത്തായ തിങ്കളാഴ്ച എരിതു കളി നടന്നത്. മാവില സമുദായത്തിന് മാത്രം അവകാശപ്പെട്ട എരിതു കളി കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ ഇത്തവണ കോളനി വീടുകളിൽ മാത്രം നിറഞ്ഞാടി.
ചെണ്ട മേളത്തിന്റെ താളത്തിൽ അണിയിച്ചൊരുക്കിയ കാളയുടെ രൂപം ചുമന്ന് ചിലങ്ക കെട്ടിയവർ എടുത്താടുന്നതാണ് എരിതു കളി. കാർഷിക വൃത്തിയുടെ ഭാഗമായി മലയാള മാസത്തിലെ തുലാമാസത്തിലെ പത്താമുദയ നാളിലാണ് എരിതു കളി എന്ന ആചാരഅനുഷ്ടാനങ്ങൾ നടന്നിരുന്നത്. മാവില സമുദായത്തിൽപ്പെട്ടവർ വളരെ വിശ്വാസ പൂർവ്വമാണ് എരിതു കളി കൊണ്ടാടുന്നത്.
മനുഷ്യന്റെ ജീവിതത്തിനും കാർഷിക വൃത്തിക്കും ഉപകരിക്കുന്ന മൃഗങ്ങളോടുള്ള ആരാധനയാണ് എരിതു കളി. അതിന്റെ നേർസാക്ഷ്യമെന്നോണം കാളകളെ അണിയിച്ചൊരുക്കി എല്ലാ വീടുകളിലും കാളയെ കൊണ്ടുപോയി നൃത്ത മാടും.
കാള രൂപം ഉണ്ടാക്കിയശേഷം വെച്ചൊരുക്കൽ ചടങ്ങ് നടത്തും. അവൽ, മലർ പഴം എന്നിവ കാള രൂപത്തിന് മുന്നിൽ വെച്ച് തൊട്ട് നമസ്കരിച്ച ശേഷം മാത്രമേ കാളയെ എഴുന്നള്ളിക്കുകയുള്ളു. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട എല്ലാ വീടുകളിലും കാളയെ കൊണ്ടുപോകും. അവിടെ നിന്നും ലഭിക്കുന്ന തുണികളും അരിയും എല്ലാം എരിതു കളിക്കാർ സ്വീകരിക്കും.
എരിതു കളിക്കൊപ്പം മരമീടനും ഉണ്ടാകും. ഇത് ആളുകളെ തമാശ വത്കരിക്കാൻ വേണ്ടിയാണ്. മര മീടൻ കെട്ടുന്നത് മലവെട്ടുവ വിഭാഗത്തിൽപ്പെട്ട ആളുകളാണ്. എല്ലാവർഷവും തുലാമാസത്തിലെ പത്താമുദയ നാളിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടുന്ന എരിതു കളി ഇത്തവണ കോവിഡ് നിയന്ത്രണമുള്ളതിനാൽ വളരെ ലളിതമായിട്ടാണെങ്കിലും പുങ്ങം ചാൽ കൊടിയൻ കുണ്ട് കോളനിയിൽ നടന്നപ്പോൾ പുതു തല മുറയ്ക്ക് അത് മറ്റൊരു അപൂർവ്വ അനുഭവമായി മാറി.
Keywords: Vellarikundu, news, Kerala, Kasaragod, Top-Headlines, COVID-19, House, Another 'Erith Kali' as a direct testament to agricultural cleanliness; Rare experience for the new generation