city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Controversy | മുസ്ലിം ലീഗ് വനിതാ പഞ്ചായത് അംഗത്തിന്റെ രാജിക്ക് സമ്മര്‍ദം ചെലുത്തിയത് സിപിഎം സജീവപ്രവര്‍ത്തകനെന്ന് ആരോപണം; ഒറ്റക്ക് ഭൂരിപക്ഷം കിട്ടാന്‍ വേണ്ടി ചെയ്തതാണെന്നും ആക്ഷേപം; നിഷേധിച്ച് പാർടി ലോകൽ കമിറ്റി അംഗം

ഉപ്പള: (KasargodVartha) മുസ്ലിം ലീഗ് വനിതാ പഞ്ചായത് അംഗം സിയാസുന്നീസയുടെ രാജിക്ക് സമ്മര്‍ദം ചെലുത്തിയത് സിപിഎം സജീവപ്രവര്‍ത്തകനെന്ന് ആരോപണം ശക്തമായി. സിയാസുന്നീസയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് കൂടിയായ സകരിയ്യ എന്ന സക്കിയാണ് ഇവരെ സമ്മര്‍ദത്തിലാക്കി രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് പുറത്തുവന്ന വിവരം. സകരിയ്യ നേരത്തെ മുസ്ലിം ലീഗിലായിരുന്നു.

Controversy | മുസ്ലിം ലീഗ് വനിതാ പഞ്ചായത് അംഗത്തിന്റെ രാജിക്ക് സമ്മര്‍ദം ചെലുത്തിയത് സിപിഎം സജീവപ്രവര്‍ത്തകനെന്ന് ആരോപണം; ഒറ്റക്ക് ഭൂരിപക്ഷം കിട്ടാന്‍ വേണ്ടി ചെയ്തതാണെന്നും ആക്ഷേപം; നിഷേധിച്ച് പാർടി ലോകൽ കമിറ്റി അംഗം

ബലാത്സംഗം, വധശ്രമം, വര്‍ഗീയസംഘര്‍ഷം അടക്കമുള്ള കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് കാപ ചുമത്തപ്പെട്ട ഇയാളെ നേരത്തെ ലീഗില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാവും കയ്യാർ വാർഡ് അംഗവുമായ ബി സുൽഫികർ അലി കാസർകോട് വാർത്തയോട് പറഞ്ഞു. ഇതിന് ശേഷം സിപിഎമില്‍ ചേര്‍ന്ന സകരിയ്യ പൈവളികെയില്‍ സിപിഎമിന്റെ നേട്ടത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് പഞ്ചായത് അംഗത്തിന്റെ ഭര്‍ത്താവിനെ സമ്മര്‍ദത്തിലാക്കി രാജിക്ക് പ്രേരിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം. പാർടിയുടെ ബായാർ ലോകൽ കമിറ്റി അംഗമാണ് ഇപ്പോൾ സകരിയ്യ. രാജിവെക്കുന്നതിന് വേണ്ടി ഇദ്ദേഹം ഒരു ലക്ഷം രൂപ പഞ്ചായത് അംഗത്തിന്റെ കുടുംബത്തിന് നൽകിയെന്നും ആരോപണമുണ്ട്.

രാജിയും തിരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവും

ഈ വർഷം സെപ്റ്റംബർ 18നാണ് സീറന്തടുക്ക വാർഡ് (രണ്ട്) അംഗമായ സിയാസുന്നീസ തന്റെ രാജിക്കത്ത് പൈവളികെ ഗ്രാമപഞ്ചായത് സെക്രടറി വി ജഗദീഷിന് രജിസ്റ്റർ ചെയ്ത തപാൽ വഴി അയച്ചുകൊടുത്തത്. സെപ്തംബർ 20ന് ഉച്ചയ്ക്ക് 12.45 മണിയോടെയാണ് പഞ്ചായത് സെക്രടറിക്ക് കത്ത് ലഭിച്ചത്.എന്നാൽ അതിനുമുമ്പ് 11 മണിയോടെ പഞ്ചായത് ഓഫീസിലെത്തിയ സിയാസുന്നീസ രാജിക്കത്ത് പിൻവലിക്കാൻ അനുമതി തേടി സെക്രടറിക്ക് കത്ത് നൽകി. ചിലരുടെ ഭീഷണിക്കും സമ്മർദത്തിനും വഴങ്ങിയാണ് രാജിക്കത്തിൽ ഒപ്പിട്ടതെന്നായിരുന്നു അവർ ഉന്നയിച്ചത്.

എന്നാൽ നിശ്ചിത ഫോമിൽ നിയമപ്രകാരമാണ് രാജിക്കത്ത് നൽകിയതെന്ന് ചൂണ്ടിക്കാട്ടി സെക്രടറി രാജി സ്വീകരിച്ച് അക്‌നോളജ്‌മെന്റ് കാർഡ് തിരികെ നൽകുകയും ചെയ്തു. സിയാസുന്നീസ ഗസറ്റഡ് ഓഫീസറുടെ മുന്നിൽ ഒപ്പിടുകയും അതേ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുകയും ചെയ്തതായും സെക്രടറി കണ്ടെത്തിയിരുന്നു. ഇതും പരിഗണിച്ചാണ് അദ്ദേഹം സിയാസുന്നീസയുടെ അഭ്യർഥന തള്ളിയത്. എന്നാൽ സിയാസുന്നീസ അക്‌നോളജ്‌മെന്റ് കാർഡ് സ്വീകരിക്കാൻ വിസമ്മതിക്കുകയും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാൻ തീരുമാനിക്കുകയും ചെയ്തു.

കേരള പഞ്ചായത് രാജ് നിയമത്തിലെ സെക്ഷൻ 155 (3) പ്രകാരം, പഞ്ചായത് പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ അംഗങ്ങൾക്കോ രാജി സംബന്ധിച്ച് തർക്കമുണ്ടായാൽ 15 ദിവസത്തിനുള്ളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെ സിയാസുന്നീസ 15-ാം ദിവസമായ ഒക്ടോബർ മൂന്നിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു. തുടർന്ന് തിരഞ്ഞെടുപ്പ് കമീഷണർ സിയാസുന്നീസ, പഞ്ചായത് സെക്രടറി ജഗദീഷ്, സിയാസുന്നീസയുടെ രാജിക്കത്തിൽ ഒപ്പുവെച്ച ഗസറ്റഡ് ഓഫീസർ പൈവളികെ ഗവ. ഹയർസെകൻഡറി സ്‌കൂൾ അധ്യാപകൻ കെ വിശ്വനാഥ എന്നിവരെ നവംബർ 15ന് ഹിയറിംഗിനായി വിളിപ്പിച്ചു.

രാജി കത്തിൽ ഒപ്പിടാൻ ഭർത്താവ് തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നും രാജിക്കത്ത് പഞ്ചായത് സെക്രടറിക്ക് പോസ്റ്റ് ചെയ്തത് തന്റെ ഭർത്താവിന്റെ സുഹൃത്ത് സകരിയ്യയാണെന്നും സിയാസുന്നീസ തിരഞ്ഞെടുപ്പ് കമീഷണറുടെ മുന്നിലും ആവർത്തിച്ചു. സിയാസുന്നിസ തിരഞ്ഞെടുപ്പ് കമീഷന്റെ ഹിയറിങില്‍ നല്‍കിയ മൊഴി നിര്‍ണായകമായി. രാജിക്കത്ത് സാക്ഷ്യപ്പെടുത്തിയ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ മൊഴിയും പൈവളികെ ഗ്രാമപഞ്ചായത് സെക്രടറി വി ജഗദീഷിന്റെ മൊഴിയും കമീഷന്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് രാജി റദ്ദാക്കിക്കൊണ്ട് തീരുമാനം എടുത്തിരിക്കുന്നത്.

പഞ്ചായതിലെ നേതൃത്വത്തിൽ മാറ്റമില്ല

സിയാസുന്നീസയുടെ രാജി, തിരഞ്ഞെടുപ്പ് കമീഷന്‍ അസാധുവാക്കിയതോടെ പൈവളികെ പഞ്ചായതിലെ ഭരണ സമിതിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. എല്‍ഡിഎഫിനും ബിജെപിക്കും എട്ട് വീതം സീറ്റുകളാണ് ഇവിടെയുള്ളത്. യുഡിഎഫിന് മൂന്ന് അംഗങ്ങളാണ് ഉള്ളത്. 2020ൽ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതിനെ തുടര്‍ന്ന് പഞ്ചായത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ടോസിലൂടെയാണ് നിശ്ചയിച്ചത്. നിലവില്‍ പഞ്ചായത് പ്രസിഡണ്ട് എല്‍ഡിഎഫിനും വൈസ് പ്രസിഡണ്ട് ബിജെപിക്കുമാണ് ഉള്ളത്.

2010ല്‍ പട്ടികജാതി സംവരണവും 2015 വനിതാ സംവരണവും ആയിരുന്നപ്പോഴും എല്‍ഡിഎഫാണ് ഈ വാര്‍ഡില്‍ വിജയിച്ചിരുന്നത്. 2020ല്‍ ഈ വാര്‍ഡ് ബിഫാം ബിരുദധാരിയായ സിയാസുന്നീസയെ നിര്‍ത്തി മുസ്ലിം ലീഗ് പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ പഞ്ചായതില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരിക്കാമെന്ന സിപിഎമിന്റെ മോഹം പൊലിയുകയായിരുന്നു. മുസ്ലിം ലീഗ് അംഗത്തെകൊണ്ട് രാജിവെപ്പിച്ചാല്‍ ഇവിടെ ഉപതിരഞ്ഞെടുപ്പ് വരികയും വാര്‍ഡ് പിടിച്ചെടുത്ത് ഒറ്റയ്ക്ക് ഭരിക്കാമെന്നുള്ള ആലോചനയുടെ ഭാഗമായാണ് പഞ്ചായത് അംഗത്തിന്റെ ഭര്‍ത്താവിനെ കൊണ്ട് സമ്മർദം ചെലുത്തി അവരുടെ രാജി എഴുതി വാങ്ങിയതെന്നാണ് രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്നത്. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് സിയാസുന്നീസ തയ്യാറായിട്ടില്ല.

പഞ്ചായതില്‍ ബിജെപിയുടെ വൈസ് പ്രസിഡണ്ടിനെതിരെ മൂന്ന് വര്‍ഷമായിട്ടും സിപിഎം അവിശ്വാസം കൊണ്ടുവരാത്തതും ചര്‍ച്ചയായിട്ടുണ്ട്. വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ബിജെപിയെ പുറത്താക്കിയാല്‍ പകരം വൈസ് പ്രസിഡണ്ട് സ്ഥാനം നല്‍കേണ്ടത് സിപിഐക്കായതുകൊണ്ടാണ് അവിശ്വാസം കൊണ്ടുവരാന്‍ സിപിഎം രംഗത്തുവരാത്തതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ നടന്ന പൈവളികെ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ബിജെപിയും സിപിഐയും തമ്മിലുള്ള മുന്നണിയാണ് വിജയിച്ചത്. അവര്‍ പരാജയപ്പെടുത്തിയതാവട്ടെ സിപിഎമിനെയും- ലീഗ് കോണ്‍ഗ്രസ് മുന്നണിയെയും ആയിരുന്നു. ആകെ കലങ്ങി മറിഞ്ഞ പൈവളികെ പഞ്ചായതിലെ രാഷ്ട്രീയത്തില്‍ ഇനി എന്ത് സംഭവിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആരോപണം നിഷേധിച്ച് സകരിയ്യ

അതേസമയം, പഞ്ചായത് അംഗത്തിന്റെ രാജിയിൽ ഒരുതരത്തിലുള്ള ഇടപെടലോ സമ്മർദമോ ചെലുത്തിയിട്ടില്ലെന്നും കുടുംബ സുഹൃത്തായതിനാൽ അംഗത്തിന്റെ ഭർത്താവ് വിളിച്ചതനുസരിച്ച് പോവുകയും ആവശ്യപ്പെട്ടത് അനുസരിച്ച് രാജിക്കത്ത് തപാലിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സിപിഎം ലോകൽ കമിറ്റി അംഗമായ സകരിയ്യ കാസർകോട് വാർത്തയോട് പറഞ്ഞു. ബിസിനസ് സംബന്ധമായി പല ഇടപാടുകളും അംഗത്തിന്റെ ഭർത്താവുമായും ഭർതൃപിതാവുമായും ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപ നൽകി എന്ന് പറയുന്നതും കുടുംബവുമായുള്ള പണം ഇടപാടിന്റെ ഭാഗമായാണ്. രാഷ്ട്രീയപരമായ ഒരു ഇടപാടും ഇക്കാര്യത്തിൽ ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

പഞ്ചായത് അംഗത്തിന്റെ ഭർത്താവുമായും ഭർതൃപിതാവുമായും അവർക്ക് കുടുംബ പ്രശ്‌നങ്ങൾ നിലവിലുണ്ടായിരുന്നു. അതിന്റെ ഭാഗമായിയായിരിക്കാം അവർ അംഗത്വം രാജിവച്ചതെന്ന് കരുതുന്നു. സിപിഐയുടെ കയ്യിലുണ്ടായിരുന്ന ഈ വാർഡ് ഏതെങ്കിലും തരത്തിൽ പണം കൊടുത്ത് രാജിവെപ്പിച്ച് വാർഡ് പിടിച്ചെടുക്കാമെന്നത് വ്യാമോഹമായിരിക്കുമെന്ന തിരിച്ചറിവ് സിപിഎമിനുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നാൽ തീർച്ചയായും ബിജെപി ലീഗിന് വോട് ചെയ്യുമെന്നത് 100 ശതമാനം ഉറപ്പാണ്. പല വിധത്തിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള പൈവളികെയിൽ ഒരു വാർഡിൽ അംഗത്വം രാജിവെപ്പിച്ച് പഞ്ചായത് ഭരണം പിടിച്ചെടുക്കാമെന്ന് കരുതുന്നില്ലെന്നും സകരിയ്യ കൂട്ടിച്ചേർത്തു. ലീഗ് നേതാക്കളുടെ ശബ്ദ സന്ദേശം അടക്കമുള്ള പല തെളിവുകളും തന്റെ കയ്യിലുണ്ടെന്നും സകരിയ്യ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Keywords: News, Kerala, Kasaragod, Uppala, Controversy, CPM, Muslim League, Paivalike, Malayalam News, Allegation that CPM activist pressured resignation of Muslim League Panchayat member. < !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia