Tribute | 'അവർക്ക് ആരുണ്ട് ചെയ്യാൻ?' വയനാട് ദുരന്തത്തിൽ മരണപ്പെട്ട അജ്ഞാതർക്ക് ബലിതർപ്പണം നടത്തി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി
തൃക്കണ്ണാട് കടപ്പുറത്തായിരുന്നു ചടങ്ങുകൾ
ബേക്കൽ: (KasargodVartha) വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി തൃക്കണ്ണാട് കടപ്പുറത്ത് കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണം നടത്തി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. പിതൃക്കൾക്ക് പതിവ് പോലെ ബലിയിട്ട അദ്ദേഹം വയനാട് ദുരന്തത്തിൽ മരണപ്പെട്ട് തിരിച്ചറിയാൻ കഴിയാതെ സംസ്‌കാരം നടത്തിയ അജ്ഞാതർക്ക് വേണ്ടിയാണ് ബലിയിട്ടത്.
തിരിച്ചറിഞ്ഞവർക്ക് വേണ്ടി മരണാനന്തര കർമങ്ങൾ ചെയ്യാൻ അവരുടെ ബന്ധുക്കൾ ഉണ്ടാകും എന്നാൽ തിരിച്ചറിയാതെ പോയവർക്ക് വേണ്ടി അത് ഉണ്ടാകണമെന്നില്ല. അതിനാലാണ് അവർക്ക് വേണ്ടി ബലിയിട്ടതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാഹുൽ ഗാന്ധിയോടൊപ്പം ദുരന്ത മേഖല സന്ദർശിച്ചതിന് പിന്നാലെ വെള്ളിയാഴ്ച രാത്രിയാണ് രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട്ട് എത്തിയത്.
ഇത്തവണ ബലിതർപ്പണം വയനാട് തിരുനെല്ലിയിൽ തന്നെ ചെയ്യണമെന്ന് ദുരന്തമേഖല സന്ദർശിച്ചപ്പോൾ തന്നെ തീരുമാനിച്ചിരുന്നുവെങ്കിലും മറ്റു തിരക്കുകൾ കൂടി പരിഗണിച്ച് തൃക്കണ്ണാട് തർപ്പണം നടത്തുകയായിരുന്നുവെന്ന് എം പി വ്യക്തമാക്കി. പതിവായി തിരുവനന്തപുരത്തെ തിരുവല്ലം
പരശുരാമ ക്ഷേത്രത്തിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ബലി തർപ്പണം നടത്താറുള്ളത്.
ഇത്തവണ അതിന് മാറ്റമുണ്ടായി. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ എത്തിയത്. എംപിക്കൊപ്പം പയ്യന്നൂർ ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് ജയരാജും ബലിയിടാൻ ഉണ്ടായിരുന്നു. ക്ഷേത്രം മേൽശാന്തി നവീൻ ചന്ദ്ര കായർത്തായ, മുഖ്യ പുരോഹിതൻ രാജേന്ദ്ര അരളിത്തായ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.