Tribute | പുഷ്പന് നാടിന്റെ യാത്രാമൊഴി; അന്തിമ അഭിവാദ്യമർപ്പിക്കാൻ എം വി നികേഷ് കുമാറെത്തി
● കോഴിക്കോട് നിന്നും വിലാപയാത്രയായി ചൊക്ലിയിലെത്തിച്ചു.
● പാർട്ടി നേതാക്കൾ അടക്കം പങ്കെടുത്തു.
കണ്ണൂർ: (KasargodVartha) സഹന സമരത്തിൻ്റെ മൂന്ന് പതിറ്റാണ്ടുകൾ താണ്ടിയ കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പന് (54) നാടിന്റെ യാത്രാമൊഴി. കൂത്തുപറമ്പിലെ സമരത്തിന് ജീവനും ജീവിതവും നൽകിയ പുഷ്‌പന്റെ മൃതദേഹം വൈകുന്നേരം അഞ്ചിന് ചൊക്ലി മേനപ്രത്തെ വീട്ടുപരിസരത്ത് സംസ്കരിച്ചു.
വെടിയുണ്ടയെ തോൽപ്പിച്ച മനക്കരുത്തോടെ മൂന്നുപതിറ്റാണ്ട് ജീവിതത്തോട് പൊരുതിയ പുഷ്പന്റെ മൃതദേഹം ഞായറാഴ്ച രാവിലെ കോഴിക്കോട് നിന്നും വിലാപയാത്രയായാണ് ജന്മനാടായ ചൊക്ലിയിലെത്തിച്ചത്. കോഴിക്കോട്ടും തലശേരി, കൂത്തുപറമ്പ് , പാനൂർ നടത്തിയ പൊതുദർശനങ്ങളിൽ പ്രിയ സഖാവിന് അന്ത്യാഭിവാദ്യമർപ്പിക്കായി ആയിരങ്ങളാണ് എത്തിച്ചേർന്നത്. ജനനേതാക്കൾ, ജനപ്രതിനിധികൾ, ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിവരെല്ലാം ആദരാഞ്ജലി നേർന്നു.
കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവാദിയെന്ന് സി.പി.എം ആരോപിക്കുന്ന മുൻ മന്ത്രി എം വി രാഘവൻ്റെ മകനും സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമായ എം.വി നികേഷ് കുമാർ ചൊക്ലി രാമവിലാസം യു.പി സ്കൂളിൽ പുഷ്പൻ്റെ ഭൗതിക ശരീരത്തിൽ ആദരാജ്ഞലികൾ അർപ്പിക്കാനെത്തിയിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുൻ മന്ത്രി ഇ.പി ജയരാജൻ, ഉൾപ്പെടെയുള്ള നേതാക്കൾ ചൊക്ലി മേനപ്രത്ത് വീട്ടിൽ നടന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽനിന്ന് ഏറ്റുവാങ്ങിയ പുഷ്പന്റെ ചേതനയറ്റ ശരീരം ശനിയാഴ്ച സന്ധ്യക്കാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിലെത്തിച്ചത്. ഞായറാഴ്ച രാവിലെ എട്ടിന് കോഴിക്കോടുനിന്നും വിലാപയാത്ര പുറപ്പെട്ടു. എലത്തൂർ, പൂക്കാട്, കൊയിലാണ്ടി, നന്തി, വടകര, നാദാപുരം റോഡ്, മാഹി, മാഹിപാലം, പുന്നോൽ എന്നിവടങ്ങളിലെ പൊതുദർശനത്തിന് ശേഷം പത്തരയോടെ കണ്ണൂരിലെത്തി. തുടർന്ന് തലശേരി ടൗൺ ഹാൾ, കൂത്തുപറമ്പ്, പാനൂർ, പൂക്കോം, രജിസ്ട്രാപ്പീസ്, ചൊക്ലി രാമവിലാസം സ്കൂളിൽ എന്നിവടങ്ങളിലെ പൊതുദർശനത്തിന് ശേഷമാണ് പുഷ്പന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്.
#Pushpan #Koothuparamb #Kerala #CPM #Martyr #Tribute #RIP