Public Transport | കാഞ്ഞങ്ങാട്ട് പൊതുഗതാഗതത്തിന് പുതുജീവൻ നൽകാൻ ജനകീയ സദസ്സ്
സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഉൾനാടൻ പ്രദേശങ്ങളിലേക്ക് ബസ് സർവീസ് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു.
കാഞ്ഞങ്ങാട്: (KasargodVartha) ജില്ലയിലെ പൊതുഗതാഗത സംവിധാനത്തെ പുതുക്കിപ്പണിയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ഈ സദസ്സിൽ ജനപ്രതിനിധികൾ, ബസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു.
സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഉൾനാടൻ പ്രദേശങ്ങളിലേക്ക് ബസ് സർവീസ് വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് സ്വകാര്യ സ്റ്റേജ് കാര്യേജ് സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റൂട്ട് പ്രൊപ്പോസലുകൾ സംബന്ധിച്ച് ആശയവിനിമയം നടത്തി.
കാഞ്ഞങ്ങാട് നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്‌സൺ കെ. വി. സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. വി. ശകുന്തള, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജു കട്ടക്കയം, ടി.കെ. നാരായണൻ, ടി.കെ. രവി, പി. ശ്രീജ, എസ്. പ്രീത, പ്രസന്ന പ്രസാദ്, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, കാസർകോട് ആർ.ടി.ഒ കെ. സജി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. കാഞ്ഞങ്ങാട് എം.വി.എൽ ഇൻ ചാര്ജ് എം. വിജയൻ സ്വാഗതവും എം.വി.എൽ കെ.വി. ജയൻ നന്ദിയും പറഞ്ഞു.
ഈ സദസ്സിൽ പൊതുജനങ്ങളിൽ നിന്നും 170-ലധികം പരാതികളും നിർദ്ദേശങ്ങളും ലഭിച്ചു. ഇവയെല്ലാം പരിഗണിച്ച് പൊതുഗതാഗത സംവിധാനത്തിന് അടിസ്ഥാനപരമായ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.