Allegation | ‘പിന്നിൽ രാഷ്ട്രീയം’, മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന ആരോപണം വ്യാജമെന്ന് ട്രാവൽസ് ഏജൻസി അധികൃതർ
● ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പ്രതികരണം .
● കർണാടകയിലെ ചിലരാണ് ആരോപണം ഉന്നയിച്ചത്.
● സ്ഥാപനം നിയമ നടപടി സ്വീകരിക്കും.
കാസർകോട്: (KasaragodVartha) കുമ്പള മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന അൽ മദീന ടൂർസ് ആൻഡ് ട്രാവൽസിനെതിരെ ചിലർ ഉയർത്തിയ ആരോപണങ്ങൾ വ്യാജമെന്നും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും സിപിഎം നേതാവ് കെ കെ അബ്ദുല്ലക്കുഞ്ഞിയും മകനും സ്ഥാപന ഉടമയുമായ കെ കെ റഹീമും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കർണാടകയിലെ ചിലർ ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് തങ്ങളെ വഞ്ചിച്ചു എന്ന ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും അടിസ്ഥാന രഹിതമാണെന്ന് ഇരുവരും വ്യക്തമാക്കി.
കർണാടകയിലെ ആളുകളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല. തലപ്പാടി ടോൾ ഗേറ്റിന് സമീപം താമസിക്കുന്ന റിയാസ് എന്നയാൾ മാത്രമാണ് ഇടയ്ക്കിടെ ടിക്കറ്റ് എടുക്കാൻ വരാറുള്ളത്. റിയാസ് വഴിയാണ് ഈ ആളുകൾ സ്ഥാപനവുമായി ബന്ധപ്പെട്ടത്. റിയാസ് ആവശ്യപ്പെട്ടതിനെ തുടർന്ന് മലേഷ്യയിലേക്കുള്ള ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് തുടങ്ങിയ സേവനങ്ങൾ സ്ഥാപനം നൽകി.
തുടർന്ന് ചിലർ മലേഷ്യയിൽ നിന്ന് തിരിച്ചെത്തി സ്ഥാപനത്തിൽ വന്ന് റിയാസ് ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ആരോപിച്ചു. എന്നാൽ സ്ഥാപനം ജോലി വാഗ്ദാനം നൽകിയിട്ടില്ലെന്നും ടിക്കറ്റും കറൻസി മാറാനുള്ള സേവനവും മാത്രമാണ് നൽകിയിട്ടുള്ളതെന്നും അബ്ദുല്ലക്കുഞ്ഞിയും റഹീമും വ്യക്തമാക്കി. സംഭവത്തിൽ സ്ഥാപനം നിയമനടപടി സ്വീകരിക്കുമെന്നും ഇരുവരും പറഞ്ഞു.
#MalaysiaJobScam #AlMadinaTours #Kasaragod #Kerala #India #Fraud #TravelAgency