Ceremony | ആലംപാടി നൂറുൽ ഇസ്ലാം വിമൻസ് കോളജ് രണ്ടാം വാർഷിക സനദ് ദാന സമ്മേളനത്തിന് തുടക്കമായി
● വിവിധ കോഴ്സുകളിലെ വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
● നിരവധി പ്രമുഖ വ്യക്തികൾ ചടങ്ങുകളിൽ പങ്കെടുക്കും
കാസർകോട്: (KasargodVartha) ആലംപാടി നൂറുൽ ഇസ്ലാം വിമൻസ് കോളജ് രണ്ടാം വാർഷിക സനദ് ദാന സമ്മേളനത്തിന് തുടക്കമായി. ചൊവ്വാഴ്ച വൈകീട്ട് ഓർഫനേജ് പ്രസിഡന്റ് എൻ എ അബൂബക്കർ ഹാജി പതാക ഉയർത്തി. ഫാളില പഠനം പൂർത്തിയാക്കിയ 23 വിദ്യാർത്ഥിനികൾക്കുള്ള ബിരുദം കൈമാറി. പുതിയ ഫാളില കെട്ടിടത്തിന് സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ ശിലാസ്ഥാപനം നടത്തുമെന്ന് ഇതുസംബന്ധിച്ച് കാസർകോട് പ്രസ് ക്ലബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
പുതുതായി നിർമിച്ച ഫാളില ഓഫീസ് ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എംഎൽഎ യും കമ്പ്യൂട്ടർ ലാബ് ഉദ്‌ഘാടനം കേന്ദ്ര മുശാവറ അംഗം പി വി അബ്ദുൽ സലാം ദാരിമിയും നിർവഹിക്കും. ഫാളില ഓഡിറ്റൊറിയംസമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നാടിനു സമർപ്പിക്കും. തുടർന്ന് നടക്കുന്ന ഫാളില രണ്ടാം വാർഷിക സനദ് ദാന സമ്മേളനം കർണാടക സ്പീക്കർ യു ടി ഖാദർ ഉദ്‌ഘാടനം ചെയ്യും.
ഫാളില പ്രിൻസിപ്പൽ ഹനീഫ് പടുപ്പ് ആമുഖ ഭാഷണം നടത്തും. യതീംഖാന സെക്രട്ടറി കെ സി അബ്ദുൽ റഹ്മാൻ കരോടി സ്വാഗതം പറയും. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാന പ്രസംഗം നടത്തും. കടയ്ക്കൽ നിസാമുദ്ദീൻ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. ഫാളില സ്റ്റേറ്റ് കോർഡിനേറ്റർ സഅദ് ഫൈസി അൽ ബുർഹാനി ഫാളില സംവിധാനം പരിചയപെടുത്തും.
ലത്തീഫ് ഉപ്പള ഗേറ്റ്, അബ്ദുൽ കരീം കോളിയാട്, സി ബി മുഹമ്മദ്, പി ബി അബ്ദുൽ സലാം, സി കെ അബ്ദുല്ല ഹാജി, ഗഫൂർ എരിയാൽ എന്നിവരെ ചടങ്ങിൽ ആദരിക്കും. വിവിധ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് കൊയ്യോട് ഉമർ മുസ്‌ലിയാർ വിതരണം ചെയ്യും. ഫാളില കോർഡിനേറ്റർ ഗോവ അബ്ദുള്ള ഹാജി, എസ് എൻ ഇ സി കോർഡിനേറ്റർ അബു മുബാറക്, എൻ ഐ ഒ മാനേജർ സാദിഖ് മുബാറക് എന്നിവർ ഏറ്റ് വാങ്ങും. മുൻ മന്ത്രി സി ടി അഹ്മദ് അലി, എ കെ എം അഷ്‌റഫ് എം എൽ എ, ഖാദർ ബദ്രിയ, മുനീർ ഹാജി കമ്പാർ, പി ബി ഷഫീഖ് റസാക് എന്നിവർ സംബന്ധിക്കും.
ബുധനാഴ്ച രാവിലെ ഏഴ് മണി മുതൽ യതീംഖാന വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റും ഒരു മണി മുതൽ ഫാളില ഫെസ്റ്റും വൈകുന്നേരം നാല് മുതൽ സമ്മാന ദാനവും മജ്‌ലിസുന്നൂറും നടക്കും. ഏഴ് മണിക്ക് നടക്കുന്ന സമാപന സംഗമം യതീംഖാന വൈസ് പ്രസിഡന്റ് ഹമീദ് മിഹ്റാജിന്റെ അധ്യക്ഷതയിൽ അബ്ദുൽ സലാം ദാരിമി ആലംപാടി ഉദ്ഘാടനം ചെയ്യും. ശാഖിർ ദാരിമി വളക്കൈ മുഖ്യ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ പി ബി ഷഫീഖ്, കെ സി അബ്ദുൽ റഹ്മാൻ കരോടി, പി എം അബ്ദുല്ല ഹാജി ഗോവ, സാദിഖ് മുബാറക്, ഹനീഫ് പടുപ്പ് സംബന്ധിച്ചു.
#NoorulIslamCollege #Kasaragod #Kerala #graduationceremony #womenscollege #education #India #highereducation