Appointment | ഹിസ്ബുല്ലയുടെ പുതിയ തലവനായി നഈം ഖാസിമിനെ തിരഞ്ഞെടുത്തു
● നിയമനം ഷൂറാ കൗണ്‍സില്‍ അംഗീകരിച്ചു
● 1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ്
● ഹിസ് ബുല്ലയുടെ വക്താവും സ്ഥാപക അംഗങ്ങളില്‍ ഒരാളുമായിരുന്നു
● മറ്റ് തലവന്‍മാരില്‍ നിന്നും വ്യത്യസ്തമായി ധരിക്കുന്നത് വെളുത്ത തലപ്പാവ്
ജറുസലം: (KasargodVartha) ഹിസ്ബുല്ലയുടെ പുതിയ തലവനായി നഈം ഖാസിമിനെ തിരഞ്ഞെടുത്തു. ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. നഈം ഖാസിമിന്റെ നിയമനം ഷൂറാ കൗണ്‍സില്‍ അംഗീകരിച്ചു.
1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. അതുകൊണ്ടുതന്നെ
സംഘടനയുടെ പ്രത്യയശാസ്ത്രവും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ആഴത്തിലുള്ള അറിവുണ്ട്. ഹിസ്ബുല്ലയുടെ തത്വങ്ങളും ലക്ഷ്യങ്ങളും പൂര്‍ണമായി പാലിക്കുന്നതിനാലാണ് ഖാസിമിനെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ പറഞ്ഞു.
ഹിസ് ബുല്ലയുടെ വക്താവും സ്ഥാപക അംഗങ്ങളില്‍ ഒരാളുമായിരുന്നു ഖാസിം. 1992ല്‍ മുതല്‍ ഹിസ്ബുല്ലയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്ററും നഈം ഖാസിം ആയിരുന്നു.
ഇസ്രാഈലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം പലപ്പോഴും വിദേശ മാധ്യമങ്ങളുടെ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷന്‍ പരാമര്‍ശങ്ങള്‍ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം.
1953ല്‍ ബെയ്റൂട്ടിലാണ് നഈം ഖാസിം ജനിച്ചത്. 1982ല്‍ ഇസ്രാഈല്‍ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപവത്കരിക്കുന്നത്. വെളുത്ത തലപ്പാവാണ് നഈം ഖാസിം ധരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ നസ്‌റല്ലയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നത്.
പദവി ഏറ്റെടുക്കുന്നതോടെ ഖാസിം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇറാന്‍, സിറിയ പോലുള്ള രാജ്യങ്ങളുമായി ഹിസ്ബുല്ലയ്ക്കുള്ള ബന്ധം ശരിയായി നിലനിര്‍ത്തുക എന്നതാണ്. ഹിസ്ബുല്ലയുടെ പുതിയ നേതാവായതിനാല്‍, ഈ ബന്ധങ്ങളെക്കുറിച്ച് പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ഹിസ്ബുല്ലയില്‍ വളരെ കാലമായി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ നഈം ഖാസിമിന് ഈ തീരുമാനങ്ങള്‍ എടുക്കാന്‍ എളുപ്പമായിരിക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
#Hezbollah #NaimQassem #MiddleEast #Lebanon #IsraelConflict #NewLeadership