Election | കാസർകോട് നഗരസഭ വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനിടെ കനത്ത മഴ; വോട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ കുട പൂട്ടി മഴ നനഞ്ഞു; കാരണമുണ്ട്!
നഗരസഭ ചെയർമാനായിരുന്ന അഡ്വ. വി എം മുനീർ രണ്ടരവർഷത്തിന് ശേഷം ചെയർമാൻ സ്ഥാനം രാജിവെക്കുന്നതോടൊപ്പം കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഖാസിലേൻ വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്
കാസർകോട്: (KasargodVartha) നഗരസഭ വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനിടെ കനത്ത മഴയെത്തിയപ്പോൾ വോട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ കുട പൂട്ടി മഴ നനഞ്ഞു. എതിർ സ്ഥാനാർഥിയുടെ ചിഹ്നമായതിനാലാണ് തുറന്ന കുട പെട്ടെന്ന് പൂട്ടി മഴ നനഞ്ഞത്. മുസ്ലിം ലീഗ് സ്ഥാനാർഥിയായി ഏണി അടയാളത്തിൽ മത്സരിക്കുന്നത് കെ എം ഹനീഫാണ്. എതിർ സ്ഥാനാർഥിയായ സ്വതന്ത്ര സ്ഥാനാർഥി ഉമൈർ തളങ്കര കുട അടയാളത്തിലാണ് മത്സരിക്കുന്നത്.
ബിജെപിയിലെ എൻ മണി താമര അടയാളത്തിലും ഇവിടെ മത്സരിക്കുന്നുണ്ട്. വോടെടുപ്പ് പുരോഗമിച്ച് കൊണ്ടിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ മഴ വന്നതോടെ എല്ലാവരും കുട തുറന്നു. എന്നാൽ എതിസ്ഥാനാർഥിയുടെ ചിഹ്നം കുട ആണെന്നും ചിഹ്നം തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്ത് ഉപയോഗിക്കരുതെന്നും അഭിപ്രായം ഉയർന്നതോടെയാണ് വോട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ കുട പൂട്ടി മഴ നനഞ്ഞത്.
മഴക്കാലമായതിനാൽ എതിർ സ്ഥാനാർഥിക്ക് കുട ചിഹ്നം അനുവദിക്കുന്നതിൽ നേരത്തെ തന്നെ പരാതി ഉന്നയിച്ചെങ്കിലും അധികൃതർ ഗൗനിച്ചില്ലെന്നും അതുകൊണ്ടാണ് പ്രതിഷേധ സൂചകമായി മഴ നനഞ്ഞ് പ്രതിഷേധിച്ചതെന്നും മുസ്ലിം ലീഗ് പ്രവർത്തകർ പറഞ്ഞു. നഗരസഭ ചെയർമാനായിരുന്ന അഡ്വ. വി എം മുനീർ രണ്ടരവർഷത്തിന് ശേഷം ചെയർമാൻ സ്ഥാനം രാജിവെക്കുന്നതോടൊപ്പം കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഖാസിലേൻ വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മൊഗ്രാൽ പുത്തൂർ പഞ്ചായതിലെ കല്ലങ്കൈ, കോട്ടക്കുന്ന് വാർഡുകളിലും ചൊവ്വാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. യുഡിഎഫ് സ്വതന്ത്രയായ വാർഡ് മെമ്പർ മരിച്ചതിനാലും എസ് ഡി പി ഐയുടെ വാർഡ് മെമ്പർ രാജിവെച്ചതിനാലുമാണ് ഇവിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.