ഗ്രാമവണ്ടി പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കണം: എ.കെ.എം അഷറഫ് എം.എൽ.എ
മഞ്ചേശ്വരം:(KasargodVartha) ഗ്രാമവണ്ടി പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കണമെന്ന് എ.കെ.എം അഷറഫ് എം.എൽ.എ, ആവശ്യപ്പെട്ടു. കുമ്പള ഗ്രാമപഞ്ചായത്ത് ഈ സൗകര്യം ഫലപ്രദമായി ഉപയോഗിച്ചതിന്റെ അനുഭവം പങ്കുവെച്ച അദ്ദേഹം, സാധാരണക്കാരന്റെ വാഹനമായ ബസ്സുകളും സുഗമമായ യാത്രാ സൗകര്യവും മുഴുവൻ പ്രദേശങ്ങളിലും എത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നടന്ന ജനകീയ സദസ്സിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി, യാത്രാക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിൽ സ്വകാര്യ സ്റ്റേജ് കാര്യേജ് സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ബസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ എന്നിവരുടെ ചർച്ച നടന്നു.
മംഗൽപാടി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചർ അധ്യക്ഷയായി. മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് റുബീന, മഞ്ചേശ്വരം എസ്.ഐ പി.യു സലീം, കുമ്പള എ.എസ്.ഐ പ്രകാശൻ എന്നിവർ സംസാരിച്ചു. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സജിപ്രസാദ് സ്വാഗതവും കാസർകോട് ആർ.ടി.ഒ സീനിയർ സൂപ്രണ്ട് കെ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
ഈ സദസ്സിൽ പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ച് പൊതുഗതാഗത സംവിധാനത്തിന് അടിസ്ഥാനപരമായ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.