Insurance | ക്ഷീരകർഷകർക്ക് മിൽമ ഇൻഷുറൻസ് തുക വിതരണം ചെയ്തു
കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്‌തു
കാസർകോട്: (KasargodVartha) കാലാവസ്ഥ വ്യതിയാനം മൂലം കറവ മൃഗങ്ങളുടെ ഉൽപ്പാദനം കുറഞ്ഞതിനുള്ള നഷ്ടപരിഹാരമായി മിൽമ ഇൻഷുറൻസ് തുക ക്ഷീരകർഷകർക്ക് വിതരണം ചെയ്തു. കാഞ്ഞങ്ങാട് എംഎൽഎ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മിൽമ ചെയർമാൻ കെ എസ് മണി അധ്യക്ഷനായിരുന്നു.
കാസർകോട് ജില്ലയിലെ 79 സംഘങ്ങളിൽ നിന്നായി 2680 കർഷകരുടെ 5025 പശുക്കൾക്ക് ആകെ 50.25 ലക്ഷം രൂപയാണ് ക്ലെയിം ലഭിച്ചിരിക്കുന്നത്. രാജ്യത്തു ആദ്യമായി മലബാർ മിൽമ നടപ്പിലാക്കിയ കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസ് പദ്ധതിയിലൂടെയാണ് ഈ തുക വിതരണം ചെയ്തത്.
നിശ്ചിത പരിധിക്കുമുകളിൽ അന്തരീക്ഷ താപനില ഉയരുമ്പോൾ കറവ മൃഗങ്ങളിൽ ഉണ്ടാവുന്ന ഉൽപ്പാദന കുറവുമൂലം ക്ഷീരകർഷകർക്ക് നേരിടുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായാണ് ഈ പദ്ധതി.
ചടങ്ങിൽ പാൽ സംഭരണം കുറവുള്ള സംഘങ്ങളെ ശാക്തീകരിക്കാനുള്ള മിൽമ ജീവൻ പദ്ധതി ധനസഹായ വിതരണം മിൽമ ഡയറക്ടർ പി പി നാരായണൻ, മിൽമ ക്ഷീരസമാശ്വാസ ധനസഹായ വിതരണ എം ആർ സീ എം പി യു ഡയറക്ടർ കെ സുധാകരൻ, മിൽമ എൽഐസി ഗ്രൂപ്പ് ഇൻഷുറൻസ് ധനസഹായം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി കെ എന്നിവർ നിർവഹിച്ചു.
മിൽമ കാസർകോട് ഡയറി മാനേജർ മാത്യു വർഗീസ്, മാനേജർ പി ആർ അനിൽ കുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. മാനേജിങ് ഡയറക്ടർ കെ സി ജെയിംസ് സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ട് ഓഫീസ് ഹെഡ് പി ആൻഡ് ഐ ഷാജി വി നന്ദി അറിയിച്ചു.