Prakash Karat | 'രാജസ്താനിൽ മോദി പ്രസംഗിച്ചത് നുണ', പരാജയഭീതി പൂണ്ട പ്രധാനമന്ത്രി മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് പ്രകാശ് കാരാട്ട്
* 'പരാതികൾ നൽകിയിട്ടും കമീഷന് അനക്കമില്ല'
കാസർകോട്: (KasaragodVartha) തിരഞ്ഞെടുപ്പിൽ പരാജയഭീതി പൂണ്ട പ്രധാനമന്ത്രി മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കാസർകോട് പ്രസ് ക്ലബിന്റെ ‘ജനസഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിരാശയിലാണ് പ്രധാനമന്ത്രി. അധികാരത്തിൽ വന്നാൽ സ്വത്തുക്കളും സ്വർണവും പിടിച്ചെടുത്ത് മുസ്ലിംങ്ങൾക്ക് നൽകുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നുണ്ടെന്ന് രാജസ്താനിൽ മോദി പ്രസംഗിച്ചത് നുണയാണ്. കൂടുതൽ കുട്ടികളുണ്ടെങ്കിൽ കൂടുതൽ സ്വത്ത് കിട്ടുമെന്നും പറയുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ ഹിന്ദു വികാരമുണ്ടാക്കി വോട് പിടിക്കലാണ് ലക്ഷ്യമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഒന്നാംഘട്ടത്തിൽ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ പോലും ലഭിക്കില്ലെന്ന് ഇന്റലിജൻസ് ഏജൻസികളിൽനിന്ന് അദ്ദേഹത്തിന് വിവരം ലഭിച്ചിട്ടുണ്ടാകാം. ഇൻഡ്യ കൂട്ടായ്‌മയിലെ പാർടികൾ കഴിഞ്ഞ തവണത്തേക്കാളും മികച്ച മുന്നേറ്റമുണ്ടാക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ സിപിഎം രാജസ്താനിൽ പരാതി നൽകിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽചെന്ന് മോദി വിദ്വേഷ പ്രസംഗം നടത്തുമ്പോൾ തിരഞ്ഞെടുപ്പ് കമീഷൻ ഉറക്കം നടിക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമൊന്നും അദ്ദേഹത്തിന് ബാധകമല്ല. രാമക്ഷേത്രത്തിന്റെ പേരിൽ പ്രതിപക്ഷ പാർടികളെയും നേതാക്കളെയും ആക്ഷേപിച്ച് പ്രചാരണം നടത്തുമ്പോൾ പരാതികൾ നൽകിയിട്ടും കമീഷന് അനക്കമില്ലെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസ് പ്രകടനപത്രികയിൽ സിഎഎ നിലപാട് ഉൾപ്പെടുത്താൽ സ്ഥലമില്ലെന്ന് പറയുന്നത് പരിഹാസ്യമാണ്. പി ചിദംബരം കേരളത്തിൽ വന്ന് പറഞ്ഞത് സിഎഎ പിൻവലിക്കുമെന്ന് എഴുതി ചേർക്കാൻ പ്രകടന പത്രികയിൽ സ്ഥലമില്ലായിരുന്നു എന്നാണ്. ഈ ഒറ്റവരി ചേർക്കാൻ അത്ര സ്ഥലം വേണോ. അതുകൊണ്ട് പ്രകടനപത്രിക വലുതായി പോകുമോ. സിഎഎയിൽ നിലപാട് തുറന്നുപറയാൻ കോൺഗ്രസ് ഭയക്കുന്നത് എന്തിനാണ്. ഇതുകൊണ്ടാണ് ബിജെപിയെ പിന്തുണക്കുന്ന നിലപാടാണ് കോൺഗ്രസിനുള്ളതെന്ന് ഇടതുപക്ഷം വിമർശിക്കുന്നത്. ഉത്തരേന്ത്യയിൽ മോദിക്കെതിരെ പോരാടാതെ എന്തിന് ബിജെപിക്ക് ഇടമില്ലാത്ത കേരളത്തിൽ വന്ന് മത്സരിക്കുന്നു.
ബിജെപിക്കെതിരെ പോരാടുന്ന മറ്റ് പാർടികളുടെ കരുത്ത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇത് തിരിച്ചറിയുന്നില്ല. രണ്ട് മുഖ്യമന്ത്രിമാരെ അറസ്‌റ്റ് ചെയ്‌തിട്ടും കേരള മുഖ്യമന്ത്രിയെ എന്ത് കൊണ്ട് അറസ്‌റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നത് പക്വതയില്ലായ്‌മയാണ്. കേരളത്തിൽ നേരത്തെ തന്നെ വി ഡി സതീശനും കമ്പനിയും മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഇത് തെറ്റായ സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്.
ഇൻഡ്യ കൂട്ടായ്‌മയുടെ നിലപാടുകൾക്ക് വിരുദ്ധമാണിത്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തപ്പോൾ സിപിഎം ശക്തമായി എതിർത്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം അയോഗ്യമാക്കിയപ്പോഴും പ്രതിഷേധിച്ചു. ഇൻഡ്യ കൂട്ടായ്‌മക്ക് അധികാരം ലഭിച്ചാൽ സർകാർ രൂപീകരിക്കുക പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും. പ്രധാനമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി നിശ്ചയിക്കാറില്ല. ‘ഇൻഡ്യ’ എന്നത് മുന്നണിയില്ല. ബിജെപിക്കെതിരെ പൊരാടുന്ന 26 പാർടികളുടെ പൊതുവേദിയാണ്.
ഭരണണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ച ഇലക്ടറൽ ബോണ്ട് ബിജെപി അധികാരത്തിൽ വന്നാൽ പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത് അത്ഭുകരമാണ്. ആളുകളെ ഇഡിയെയും മറ്റും കാട്ടി ഭീഷണിപ്പെടുത്തി വാങ്ങുന്നതാണ് ഇലക്ടറൽ ബോണ്ട്. ഇത് തെറ്റാണെന്ന് കണ്ടാണ് പരമോന്നത കോടതി റദ്ദാക്കിയത്. സിപിഎമ്മാണ് കോടതിയിൽ പരാതി നൽകിയത്. ഇലക്ടറൽ ബോണ്ട് വഴി 8254 കോടിയുടെ അഴിമതി നടത്തിയ ബിജെപിക്ക് വേണ്ടി പ്രതിപക്ഷ നേതാക്കൾ അഴിമതിക്കാരെന്ന് ആരോപിക്കുകയാണ് മോദിയെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.