Oldest Voter | 111 വയസ്, കാസർകോട്ടെ പ്രായം കൂടിയ വോടർ; കുപ്പച്ചിയമ്മയുടെ മനസിൽ തിരഞ്ഞെടുപ്പ് ഓർമകളുടെ കടലിരമ്പുന്നു; ഇഎംഎസിന്റെ കാലം തൊട്ടുള്ള ജനവിധിയുടെ ആവേശം ഇന്നും നെഞ്ചേറ്റി ഈ മുത്തശ്ശി
* അച്ഛൻ്റെ കൂടെയാണ് ആദ്യമായി വോട് രേഖപ്പെടുത്താൻ പോയത്
കാസർകോട്: (KasaragodVartha) വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട് രേഖപ്പെടുത്താൻ കാഞ്ഞങ്ങാട്,
വെള്ളിക്കോത്തു നിന്നും ഈ വര്‍ഷം 111 വയസ് തികഞ്ഞ കുപ്പച്ചിയമ്മയുമുണ്ടാകും. പ്രായം നൂറു കഴിഞ്ഞെങ്കിലും വോട് ചെയ്യാനുള്ള ആവേശത്തിന് മങ്ങലേറ്റിട്ടില്ല. പ്രഥമ മുഖ്യമന്ത്രി ഇഎംഎസിൻ്റെ കാലം മുതലുള്ള തിരഞ്ഞെടുപ്പോര്‍മകളുണ്ട് ഈ മുത്തശ്ശിയുടെ പക്കല്‍. അതില്‍ ചിലതൊക്കെ പേരക്കുട്ടികള്‍ക്ക് കഥയായി പറഞ്ഞു കൊടുക്കാറുമുണ്ട്.
പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിലും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും കുപ്പച്ചിയമ്മ വോട് ചെയ്തിരുന്നു, വരുന്ന തിരഞ്ഞെടുപ്പിലും എന്തായാലും വോട് ചെയ്യുമെന്നാണ് ഈ മുത്തശ്ശി പറയുന്നത്. അച്ഛൻ്റെ കൂടെ ആദ്യമായി വോട് രേഖപ്പെടുത്താൻ പോയത്, കുപ്പച്ചിയമ്മയ്ക്ക് ഇന്നലെ കഴിഞ്ഞ പോലെ ഓര്‍മയുണ്ട്. അതൊരു നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു. ഇഎംഎസ് ആണ് മുത്തശ്ശിയുടെ പ്രിയ നേതാവ്.
കാസർകോട്ടെ പ്രായം കൂടിയ വോടർ എന്ന ബഹുമതിയുള്ള കുപ്പച്ചിയമ്മ, ബെള്ളിക്കോത്ത് മഹാകവി പി സ്‌മാരക ഗവ. വൊകേഷണൽ ഹയർ സെകൻഡറി സ്‌കൂളിലെ 20-ാം നമ്പർ ബൂതിലെ വോടറാണ്. എന്നിരുന്നാലും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ഇത്തവണയും സ്വന്തം വീട്ടില്‍ വച്ച് തന്നെയാണ് വോട് രേഖപ്പെടുത്തുന്നത്. വയ്യായ്കകള്‍ക്കിടയിലും സമ്മതിദായകാവകാശം നിറവേറ്റുന്ന മുത്തശ്ശി, അരാഷ്ട്രീയവാദങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്.
1948 ലെ നെല്ലെടുപ്പ് സമരത്തിൽ പങ്കെടുത്ത ചരിത്രവും കുപ്പച്ചിയമ്മക്ക് പറയാനുണ്ട്. മിന്നുന്ന വളകളിട്ട കയ്യിൽ ഒരു വടിയും കുത്തിപിടിച്ച് മേല്‍കുപ്പായത്തിനു പകരം ഒരു തോർത്തും മുണ്ടുമായി കുപ്പച്ചിയമ്മ വീടിന്‍റെ ഉമ്മറത്ത് തന്നെ ഉണ്ടാകും. മകൻ മരിച്ചതിന്‍റെ 41 ദിവസം തികയും മുന്നേയാണ് കഴിഞ്ഞ തവണ വോട് ചെയ്യാൻ പോയത്. ഏറ്റവും പ്രായം ചെന്ന വോടർ എന്ന നിലയിൽ കുപ്പച്ചിയമ്മയെ തിരഞ്ഞെടുപ്പ് കമീഷൻ ആദരിച്ചിരുന്നു.