ബിജെപി സംസ്ഥാന സെക്രടറി അഡ്വ. കെ ശ്രീകാന്ത് സജീവ രാഷ്ട്രീയം വിടുമോ?
Nov 28, 2021, 21:10 IST
കാസർകോട്: (www.kasargodvartha.com 28.11.2021) ബി ജെ പി സംസ്ഥാന സെക്രടറിയും മുൻ ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ ശ്രീകാന്ത് സജീവ രാഷ്ട്രീയം ഉപേക്ഷിക്കാനൊരുങ്ങുന്നുവെന്ന് സൂചനകൾ. പാർടിക്കുള്ളിലെ ചില പ്രശ്നങ്ങളാണ് ശ്രീകാന്തിനെ സജീവ രാഷ്ട്രീയം വിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
അഭിഭാഷകനായ ശ്രീകാന്ത് ജില്ലാ പ്രസിഡണ്ടായ ശേഷം പ്രാക്ടീസ് നടത്താതെ മുഴുവൻ സമയ പാർടി പ്രവർത്തനവുമായാണ് കഴിഞ്ഞ 12 വർഷത്തിലധികമായി മുന്നോട്ട് പോയിരുന്നത്. ജില്ലാ പ്രസിഡണ്ട് പദവിയിൽ നിന്നും മാറ്റിയ ശ്രീകാന്തിനെ നിരവധി പാർടി സംസ്ഥാന സെക്രടറിമാരിൽ ഒരാളായായാണ് പകരം ചുമതല നൽകിയത്.
എന്നാൽ ഈ പദവിയിൽ ശ്രീകാന്ത് സംതൃപ്തനായിരുന്നില്ലെന്നും മാത്രവുമല്ല പാർടിയിലെ ബദ്ധവൈരിയായ രവീശ തന്ത്രി കുണ്ടാറിനെ ജില്ലാ പ്രസിഡണ്ടാക്കിയത് ശ്രീകാന്തിനെ ചൊടിപ്പിച്ചിരുന്നുവെന്നും പറയുന്നു. ഇതെല്ലാമാണ് അദ്ദേഹത്തെ സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാൻ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
കാസർകോട് വിദ്യാനഗറിൽ പുതിയ ഓഫീസ് തുറന്ന് അഭിഭാഷകവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രീകാന്തിൻ്റെ തീരുമാനം. കാസർകോട് ജില്ലയിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ശ്രീകാന്ത് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം തിരിച്ചടി തന്നെയാണ്.
സജീവ രാഷ്ട്രീയം മതിയാക്കുമോ എന്ന കാര്യത്തിൽ ശ്രീകാന്ത് വ്യക്തമായി മനസ് തുറക്കാൻ തയ്യാറായിട്ടില്ല. സംസ്ഥാന സെക്രടറി എന്ന ചുമതല വഹിക്കുമ്പോൾ തന്നെ കൂടുതൽ സമയം ലഭിക്കുന്നതിനാൽ തൻ്റെ പ്രൊഫഷണലിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് ശ്രീകാന്ത് കാസർകോട് വാർത്തയോട് പ്രതികരിച്ചു.
പാർടിക്ക് ദോഷകരമാകുന്ന ഒന്നും അദ്ദേഹത്തിൻ്റെ പ്രതികരണത്തിൽ നിന്നും തൽക്കാലം ഉണ്ടായിട്ടില്ലെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുക എന്ന തീരുമാനത്തിൻ്റെ ഭാഗമായാണ് പുതിയ വകീൽ ഓഫീസ് തുറന്നതെന്ന വിലയിരുത്തൽ പാർടി നേതാക്കളും പങ്കുവെക്കുന്നു. തിങ്കളാഴ്ച എടനീർ മഠാധിപതിയാണ് ശ്രീകാന്തിൻ്റെ വിദ്യാനഗറിലെ വിപുലമായ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്.
Keywords: News, Kerala, Kasaragod, BJP, Adv.Srikanth, Top-Headlines, Politics, Political party, State, State- Committee, Secretary, District, President, Office, Kasargodvartha, Information that BJP state secretary Adv. K Srikanth is about to quit active politics.