Controversy | ‘അമ്മ’യിലെ കൂട്ടരാജിയിൽ സന്തോഷം; വനിതകളെ റബ്ബർ സ്റ്റാമ്പായി പ്രതിഷ്ഠിച്ചിട്ട് കാര്യമില്ല: ഗായത്രി വർഷ
ഗായത്രി വർഷ അമ്മയിലെ അവസ്ഥയെ വിമർശിച്ചു. സംഘടനയിൽ വനിതകളെ റബ്ബർ സ്റ്റാമ്പായി കണ്ടെന്നും അവർ പറഞ്ഞു. പുതിയ കമ്മിറ്റിയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം ഉണ്ടാകണം.
കണ്ണൂർ: (KasargodVartha) താരസംഘടനയായ അമ്മയിലെ അംഗങ്ങൾ വ്യാപകമായി രാജിവച്ച സംഭവത്തിൽ സന്തോഷം പ്രകടിപ്പിച്ച് നടി ഗായത്രി വർഷ. പുതിയ കമ്മിറ്റിക്ക് കെട്ടുറപ്പും ഐക്യവും അനിവാര്യമാണെന്ന് ഗായത്രി അഭിപ്രായപ്പെട്ടു. കണ്ണൂർ ഇ.കെ നായനാർ അക്കാദമിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിൽ ഞാൻ സന്തുഷ്ടയാണെന്നും, കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്നാണ് തൻ്റെ ആഗ്രഹമെന്നും അവർ പറഞ്ഞു.
അർത്ഥവത്തായ ഒരു സംഘടനയായിരുന്നില്ല അമ്മ. അതിൽ ജനാധിപത്യബോധവും സമത്വവും ഇല്ലാത്ത അവസ്ഥയായിരുന്നു. നയരൂപീകരണ സമിതിയിൽ നിന്നു മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ആരോപണ വിധേയരായ മുകേഷ് ഉൾപ്പെടെയുള്ളവർ മാറി നിന്ന് അന്വേഷണത്തെ നേരിടണം എന്നും ഗായത്രി വർഷ പറഞ്ഞു.
സ്ത്രീകൾ പരാതി പറഞ്ഞാലും പരിഗണിക്കപ്പെടാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ പരാതി നൽകാൻ ഇരയായവർ തയ്യാറാകണമെന്നും അമ്മ സംഘടനയിൽ വനിതകളെ റബ്ബർ സ്റ്റാമ്പായി പ്രതിഷ്ഠിച്ചിട്ട് കാര്യമില്ലെന്നും ഗായത്രി വർഷ കൂട്ടിച്ചേർത്തു.