EVM | 'വോട്ടിംഗ് മെഷീൻ തുറക്കാൻ ഒ ടി പി വേണ്ട, ഒരു ഉപകരണവുമായും ബന്ധിപ്പിച്ചിട്ടില്ല', ഹാക്കിംഗ് ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ
ശിവസേന ഷിൻഡെ വിഭാഗം എംപി രവീന്ദ്ര വൈകാറിൻ്റെ ബന്ധുവിനെതിരെ മുംബൈ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവിഎമ്മുകളെച്ചൊല്ലി വീണ്ടും ആരോപണങ്ങൾ ഉയർന്നത്
മുംബൈ: (KasargodVartha) ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) തുറക്കാൻ ഒ ടി പി ആവശ്യമില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. ഇവിഎം അൺലോക്ക് ചെയ്യാൻ ഒടിപി ആവശ്യമില്ലെന്നും ഇവിഎമ്മിനെതിരെയുള്ള എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇവിഎം ഹാക്ക് ചെയ്തെന്ന വാർത്തയുമായി ബന്ധപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. ഫോണുകളുമായി ഇവിഎമ്മിന് ബന്ധമില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
മുംബൈ നോർത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തിൽ 48 വോട്ടിൻ്റെ നേരിയ വ്യത്യാസത്തിൽ വിജയിച്ച ശിവസേന സ്ഥാനാർത്ഥി രവീന്ദ്ര വൈകാറിൻ്റെ ബന്ധുക്കളെ കുറിച്ച് മിഡ്-ഡേ ദിനപത്രത്തിൽ വന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു ഉദ്യോഗസ്ഥൻ. ശിവസേന ഷിൻഡെ വിഭാഗം എംപി രവീന്ദ്ര വൈകാറിൻ്റെ ബന്ധു മങ്കേഷ് പാണ്ടിൽക്കറിനെതിരെ മുംബൈ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവിഎമ്മുകളെച്ചൊല്ലി വീണ്ടും ആരോപണങ്ങൾ ഉയർന്നത്.
പത്രത്തിൽ വന്ന വാർത്തയെക്കുറിച്ച് ചിലർ ട്വീറ്റ് ചെയ്തതായി റിട്ടേണിംഗ് ഓഫീസർ വന്ദന സൂര്യവംശി പറഞ്ഞു. ഇവിഎം അൺലോക്ക് ചെയ്യാൻ ഒ ടി പി ആവശ്യമില്ല. ഇവിഎം എന്തുമായും ബന്ധിപ്പിച്ചിട്ടില്ല, തികച്ചും തെറ്റായ വാർത്തയാണ് പത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപകീർത്തിപ്പെടുത്തിയതിനും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 499, 505 പ്രകാരം ദിനപത്രത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പത്രത്തിൻ്റെ റിപ്പോർട്ടറെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പൊലീസ് അന്വേഷണത്തിന് ശേഷം ആഭ്യന്തര അന്വേഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കും. കോടതി ഉത്തരവില്ലാതെ സിസിടിവി ദൃശ്യങ്ങൾ ആർക്കും നൽകാൻ കഴിയില്ല. ഇവിഎം ഹാക്ക് ചെയ്യാൻ കഴിയില്ലെന്നും റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി.
സംഭവമിതാണ്
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിവസം രവീന്ദ്ര വൈകാറിൻ്റെ ബന്ധു, തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ നിരോധനം ഏർപ്പെടുത്തിയിട്ടും മൊബൈൽ ഫോൺ ഉപയോഗിച്ചെന്നാണ് പൊലീസ് കേസ്. ഇതോടൊപ്പം മൊബൈൽ ഫോൺ അനുവദിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ജീവനക്കാരനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ മത്സരിച്ച നിരവധി സ്ഥാനാർത്ഥികൾ ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു, അതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ശിവസേനയുടെ ഇരു വിഭാഗങ്ങളും - ഏകനാഥ് ഷിൻഡെയുടെ രവീന്ദ്ര വൈക്കറും ഉദ്ധവ് താക്കറെയുടെ അമോൽ കീർത്തികറും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. അന്തിമ ഫലത്തിന് ശേഷം വൈക്കർ വെറും 48 വോട്ടുകൾക്കാണ് വിജയിച്ചത്.
വോട്ടെണ്ണൽ ദിവസം മൊബൈൽ ഫോൺ ഒടിപി ജനറേറ്റ് ചെയ്‌തതായാണ് ആരോപണം. രവീന്ദ്ര വൈകാറിൻ്റെ ബന്ധു ഈ ഫോൺ ഉപയോഗിച്ചിരുന്നു. രാവിലെ മുതൽ വൈകിട്ട് 4.30 വരെ ഫോൺ ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു. വോട്ടെണ്ണൽ ദിവസത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലുണ്ട്, അവ ഇപ്പോൾ മുംബൈ പൊലീസിന് കൈമാറിയിട്ടുണ്ട്.
കേസ് അന്വേഷിക്കാൻ മുംബൈ പൊലീസ് മൂന്ന് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിൽ നിർണായക പങ്ക് വഹിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കും. കോൾ വിവരങ്ങളും എത്ര ഒടിപികൾ ലഭിച്ചെന്നും അടക്കമുള്ള വിവരങ്ങൾ അറിയാൻ പൊലീസ് ഫോൺ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.