Fine | 'ഉപയോഗജലം ഒഴുക്കിവിടുന്നത് റോഡിലേക്കും പൊതുഓടയിലേക്കും'; ഉപ്പളയിൽ ഫ്‌ലാറ്റ് ഉടമകൾക്ക് കനത്ത പിഴ ചുമത്തി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
● പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കർശന നടപടി
● നിരവധി ഫ്ലാറ്റ് ഉടമകൾക്ക് 20,000 രൂപ വീതം പിഴ ചുമത്തി.
● മലിനജലം സംസ്കരിക്കുന്നതിന് സ്ഥിരമായ സംവിധാനം ഒരുക്കണമെന്ന് നിർദേശം.
ഉപ്പള: (KasargodVartha) ടൗണിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നും ഉപയോഗജലം റോഡിലേക്കും പൊതു ഓടയിലേക്കും ഒഴുക്കിവിട്ട് പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കർശന നടപടി സ്വീകരിച്ചു. സോക്ക് പിറ്റുകൾ നിറയുമ്പോൾ പൈപ്പ് വഴി പൊതു ഓടയിലേക്ക് ജലം ഒഴുക്കിവിടുന്നതായാണ് കണ്ടെത്തിയത്. നിരവധി അപ്പാർട്ട്‌മെന്റ് ഉടമകൾക്ക് 20,000 രൂപ വീതം പിഴ ചുമത്തി.
ഒരു സൂപ്പർമാർക്കറ്റിനോട് ചേർന്നുള്ള അപ്പാർട്ട്‌മെന്റ് ഉടമയിൽ നിന്നും 10,000 രൂപ തത്സമയം ഈടാക്കുകയും ചെയ്തു. മലിനജലം സംസ്കരിക്കുന്നതിന് സ്ഥിരമായ സംവിധാനം ഒരുക്കണമെന്നും അഞ്ചു ദിവസത്തിനുള്ളിൽ സോക്ക് പിറ്റുകൾ സ്ഥാപിക്കണമെന്നും സ്‌ക്വാഡ് നിർദേശിച്ചു.
മലിനജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടുന്നത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നും പലതരം ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നും സ്‌ക്വാഡ് അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ തുടർന്നാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് ലീഡർ കെ വി മുഹമ്മദ് മദനി മുന്നറിയിപ്പ് നൽകി.
വിവിധ പ്രദേശങ്ങളിൽ ഇത്തരം പരിശോധനകൾ തുടരുമെന്നും സ്‌ക്വാഡ് അംഗങ്ങൾ അറിയിച്ചു. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗങ്ങളായ ഒ പി വിനേഷ് കുമാര്‍, ഇ കെ ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.
#KeralaPollution #SewageDischarge #EnvironmentalProtection #Fines #LocalNews #PublicHealth