Price Drop | മാംസാഹാര പ്രേമികൾക്ക് സന്തോഷം! കോഴിവിലയിൽ വൻ ഇടിവ്; കിലോയ്ക്ക് 100 രൂപയിലും താഴെയെത്തി
കാസർകോട്ട് വിവിധ സ്ഥലങ്ങളിലായി 80 മുതൽ 95 രൂപ വരെയാണ് വില. 170 രൂപ വരെ ഉയർന്ന വിലയാണ് ഇപ്പോൾ വലിയ രീതിയിൽ താഴ്ന്നിരിക്കുന്നത്
കാസർകോട്: (KasargodVartha) കോഴിവിലയിൽ വൻ ഇടിവ്. കാസർകോട്ട് വിവിധ സ്ഥലങ്ങളിലായി 80 മുതൽ 95 രൂപ വരെയാണ് ഒരു കിലോഗ്രാമിന്റെ വില. മേൽപറമ്പിലെ ഒരു കടയിൽ 79 രൂപയും ദേളിയിലെ ഒരു കടയിൽ 80 രൂപയുമാണ് വ്യാഴാഴ്ചത്തെ നിരക്ക്. 170 രൂപ വരെ ഉയർന്ന വിലയാണ് ഇപ്പോൾ വലിയ രീതിയിൽ താഴ്ന്നിരിക്കുന്നത്. വില ഈ നിലയിൽ തുടരുമെന്നാണ് ചെറുകിട വ്യാപാരികളുടെ കണക്കുകൂട്ടൽ.
കാലാവസ്ഥയിലെ മാറ്റം, ശ്രാവണ മാസത്തിലെ മാംസാഹാര വർജനം, വലിയ ഉത്സവങ്ങളൊന്നും ഇല്ലാത്തതിനാൽ ആവശ്യം കുറഞ്ഞത് എന്നിവയാണ് വില കുറയാൻ കാരണം. കൂടാതെ ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ മീൻ ലഭ്യത വർധിച്ചതും കോഴി വിപണിയെ ബാധിച്ചിട്ടുണ്ട്. കോഴി ഉത്പാദനം വർധിച്ചതും വില കുറയാൻ കാരണമായിട്ടുണ്ട്.
ശ്രാവണ വ്രതം പലരും പിന്തുടരുന്ന ഒരു ആചാരമാണ്. ഈ കാലയളവിൽ മിക്കവരും മാംസാഹാരം ഒഴിവാക്കുന്നത് ഒരു പാരമ്പര്യമായി കണക്കാക്കപ്പെടുന്നു. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ് നാട്, കർണാടക എന്നിവിടങ്ങളിലും ശ്രാവണ മാസത്തിന് വലിയ പ്രധാന്യമുള്ളതിനാൽ കോഴിയുടെ ആവശ്യകത കുറഞ്ഞിട്ടുണ്ട്. ഇതിന്റെ സ്വാധീനം കേരളത്തിലെ വിപണികളിലും പ്രകടമാണ്.
കോഴിയുടെ വില കുറഞ്ഞതോടെ വാങ്ങാൻ ആവശ്യക്കാർ ഏറിയിട്ടുണ്ട്. ചിലയിടങ്ങളിൽ ക്യൂ നിൽക്കേണ്ടി വന്നതായും ഉപഭോക്താക്കൾ പ്രതികരിച്ചു. അതേസമയം വലിയ രീതിയിൽ കോഴിവില കുറഞ്ഞാൽ തങ്ങളുടെ ബാധിക്കുമെന്ന് വ്യാപാരികളും കോഴി കർഷകരും ആശങ്കപ്പെടുന്നുണ്ട്. കോഴിയുടെ വിലയിൽ ഇടിവുണ്ടായെങ്കിലും മുട്ടയുടെ വിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് വിപണിയിൽ നിന്ന് ലഭിക്കുന്ന വിവരം.