Train | യാത്രക്കാർക്ക് സന്തോഷവാർത്ത: മംഗ്ളുറു - ചെന്നൈ എഗ്‌മോർ എക്‌സ്പ്രസിന് സ്ഥിരമായി 2 ജനറൽ കോച്ചുകൾ അനുവദിച്ചു
ട്രെയിനിൽ ഇനി മൊത്തം 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ.
കാസർകോട്: (KasargodVartha) ഉത്തരമലബാറിലെ യാത്രക്കാർ നേരിടുന്ന യാത്രക്ഷാമത്തിന് നേരിയ ആശ്വാസം പകർന്ന് പ്രധാന ട്രെയിനുകളിലൊന്നായ ചെന്നൈ-മംഗ്ളുറു എഗ്‌മോർ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16159/16160) രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ സ്ഥിരമായി അനുവദിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഇതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ലഭിക്കും.
സെപ്റ്റംബർ നാല് മുതൽ ചെന്നൈയിൽ നിന്നും അഞ്ച് മുതൽ മംഗ്ളൂറിൽ നിന്നും യാത്രക്കാർക്ക് ഈ പുതിയ കോച്ചുകൾ ഉപയോഗിക്കാം. പുതിയ കോച്ചുകൾ അനുവദിക്കുന്നതോടെ, 3- എസി ത്രീ ടയർ കോച്ചുകൾ, 11- സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4- ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, 2- സെക്കൻഡ് ക്ലാസ് ചെയർ കാർ കോച്ചുകൾ, 2- ലഗേജ് കം ബ്രേക്ക് വാൻ കോച്ചുകൾ (ഭിന്നശേഷി സൗഹൃദം) എന്നിങ്ങനെയായിരിക്കും ട്രെയിനിലെ കോച്ചുകൾ.
ഉത്തരമലബാറിൽ ജനങ്ങൾ വളരെക്കാലമായി യാത്രാ സൗകര്യത്തിന്റെ അഭാവം നേരിട്ടുവരുന്നു. മതിയായ ട്രെയിനുകൾ ഇല്ലാത്തതിനാൽ, യാത്രക്കാർക്ക് ഉള്ള ട്രെയിനുകളിൽ തിക്കിത്തിരക്കി യാത്ര ചെയ്യേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ, ചെന്നൈ-മംഗ്ളൂരു എക്സ്പ്രസിന് കൂടുതൽ കോച്ചുകൾ അനുവദിച്ചത് യാത്രക്കാർക്ക് അൽപമെങ്കിലും ആശ്വാസം പകർന്നിട്ടുണ്ട്.
#ChennaiMangaloreExpress #SouthernRailway #Kerala #Kasaragod #TrainTravel