Tragedy | കടലിൽ മറിഞ്ഞ ബോടിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്ന് വ്യക്തമായി; 6 പേരെ കൂടി രക്ഷപ്പെടുത്തി; ഒരാൾക്ക് കലശലായ നെഞ്ചുവേദന
● ലെയലൻഡ് ഫൈബർ ബോട് മുങ്ങിയത് മാവിലാ കടപ്പുറത്ത്.
● ബോട്ടിൽ 37 പേർ ഉണ്ടായിരുന്നു.
● ഒരാൾ മരിച്ചു
വലിയപറമ്പ്: (KasargodVartha) മാവിലാ കടപ്പുറത്ത് ലെയലൻഡിന്റെ ഫൈബർ ബോട് മുങ്ങി കടലിൽ അകപ്പെട്ട ആറ് പേരെ കൂടി റെസ്ക്യൂ വിഭാഗം രക്ഷപ്പെടുത്തി. ബോടിൽ 37 പേർ ഉണ്ടായിരുന്നുവെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രക്ഷപ്പെടുത്തിയ ആറ് പേരെയും കൊണ്ട് റെസ്ക്യൂ ബോട് അഴിത്തല ബോട് ജെട്ടിയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഹൊസ്ദുർഗ് എസ്ഐയും നീന്തൽ വിദഗ്ധനുമായ സൈഫുദ്ദീൻ കാസർകോട് വാർത്തയോട് പറഞ്ഞു.
രക്ഷപ്പെടുത്തിയ ഒരാൾക്ക് കലശലായ നെഞ്ചുവേദന ഉണ്ടെന്നും പ്രഥമ ശുശ്രൂഷ നൽകിയിട്ടുണ്ടെന്നും കരക്കെത്തിച്ചാലുടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം 30 പേരെ കാണാതായിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. പിന്നീടാണ് 37 പേർ ബോടിൽ ഉണ്ടായിരുന്നുവെന്ന ഒടുവിലത്തെ കണക്കുകൾ പുറത്തുവന്നത്. കരയ്‌ക്കെത്തിച്ചവരിൽ ഒഡീഷ സ്വദേശിയായ ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ഇയാളുടെ പേരുവിവരം ലഭ്യമായിട്ടില്ല.
ഒരാളെ ഇപ്പോഴും കാണാനില്ലെന്നാണ് വിവരം. തൊഴിലാളികളിൽ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അതിനാൽ ബോടിൽ ഉണ്ടായിരുന്നവരുടെ കൃത്യമായ ചിത്രം വൈകിയാണ് പുറത്തുവന്നിരിക്കുന്നത്. കാണാതായെന്ന് പറയുന്ന ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണെന്നാണ് രക്ഷാ പ്രവർത്തകർ പറയുന്നത്.
#KeralaBoatAccident, #RescueOperation, #Tragedy, #KeralaNews, #IndiaNews