Rescue Operation | പൈപിലൂടെ കിണറിനുള്ളിലേക്ക് ഓക്സിജൻ, 17 മണിക്കൂർ നീണ്ടൊരു രക്ഷാപ്രവർത്തനം; കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ കരകയറ്റിയത് ഇങ്ങനെ
* വീടിന് സമീപം കളിക്കാനായി പോയതായിരുന്നു കുട്ടി
ബെംഗ്ളുറു: (KasaragodVartha) കുഴല്‍കിണറില്‍ വീണ രണ്ട് വയസുകാരനെ ജീവനോടെ കരകയറ്റിയത് 17 മണിക്കൂർ നീണ്ട തീവ്രപരിശ്രമത്തിനൊടുവിൽ. കര്‍ണാടക വിജയപുര ജില്ലയിൽ ഇന്‍ഡി താലൂക്കിലെ ലചായന്‍ ഗ്രാമത്തിൽ സത്വിക് മുജഗൊണ്ട എന്ന കുട്ടി ബുധനാഴ്ച വൈകിട്ടാണ് കുഴല്‍കിണറില്‍ വീണത്. 16 അടി താഴ്ചയില്‍ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
വീടിന് സമീപം കളിക്കാനായി പോയിരുന്ന കുട്ടി കിണറില്‍ വീണതാവാമെന്നാണ് പൊലീസ് നിഗമനം. കുട്ടിയുടെ കരച്ചില്‍ കേട്ട പ്രദേശ വാസിയാണ് നാട്ടുകാരെയും പ്രദേശത്തെ വീടുകളിലും വിവരമറിയിച്ചത്. വൈകുന്നേരം 6.30ഓടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം വ്യാഴാഴ്ച ഉച്ചക്കാണ് അവസാനിച്ചത്.
പൊലീസ്, റവന്യൂ താലൂക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്‌സ് തുടങ്ങിയവയില്‍ നിന്നുള്ള സംഘങ്ങളെല്ലാം സ്ഥലത്തുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടിയുടെ ശബ്ദം കേള്‍ക്കാതെയായത് പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ ആശ്വാസ ചലനം കണ്ടെത്തിയിരുന്നു. പൈപ്പിലൂടെ കിണറിനുള്ളിലേക്ക് ഓക്സിജൻ നൽകിയായിയായിരുന്നു രക്ഷാപ്രവർത്തനം.