Celebration | നെഹ്‌റുവിന്റെ സ്മരണയിൽ ശിശുദിനം ആഘോഷം; കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാം
● ജവഹർലാൽ നെഹ്‌റുവിനെ കുട്ടികൾ സ്നേഹപൂർവ്വം ചാച്ചാജി എന്ന് വിളിച്ചിരുന്നു.
● നെഹ്‌റുവിന്റെ ജീവിതകാലം മുഴുവൻ കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്നു.
● ശിശുക്ഷേമം എന്നത് ഇന്ത്യയുടെ വികസനത്തിന്റെ അടിസ്ഥാനമാണ്.
കാസർകോട്: (KasargodVartha) സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‌പിയും ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു (1889-1964) വിന്റെ ജന്മദിനത്തിലാണ് ഇന്ത്യയിലെമ്പാടും ശിശുദിനം ആഘോഷിക്കുന്നത്.
കുട്ടികളോട് നെഹ്റുവിനുണ്ടായിരുന്ന അതിരറ്റ വാത്സല്യത്തെ മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ ജന്മദിനം ഇതിനായി തിരഞ്ഞെടുത്തത്. ഭാരതത്തിൻ്റെ ഭരണചക്രം തിരിക്കുന്ന തിരക്കിലും കൊച്ചുകുട്ടികളോടൊപ്പം സമയം ചെലവഴിക്കാനും കളിക്കാനും ഉല്ലസിക്കാനുമെല്ലാം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കുട്ടികളാവട്ടെ അദ്ദേഹത്തെ സ്നേഹപൂർവ്വം 'ചാച്ചാജി' എന്നു വിളിച്ചുപോന്നു.
നെഹ്റുവിന് കുട്ടികളോടുണ്ടായിരുന്ന താൽപര്യത്തേയും നർമബോധത്തേയും വെളിപ്പെടുത്തുന്ന നിരവധി കഥകൾ പ്രചാരത്തിലുണ്ട്. ചിന്തകനായ ബക്സ്റ്റൺ പറയുന്നതുപോലെ 'ശിശുക്കളെ സന്തോഷവാന്മാരാക്കുകയാണ് ഒന്നാമത്തെ സേവനം' എന്ന് നെഹ്റു മനസ്സിലാക്കിയിരുന്നു.
ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ എല്ലായിടത്തും വിദ്യാലയങ്ങൾ തോറും ആഘോഷപരിപാടികൾ നടത്തുന്നു. ശിശുക്ഷേമസമിതിയുടെ സഹകരണത്തോടെ അംഗൻവാടികളിൽ വൈവിധ്യമാർന്ന പരിപാടികളാണ് ജില്ലകൾ തോറും സംഘടിപ്പിക്കാറുള്ളത്. വർണാഭമായ ശിശുദിനറാലി ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്.
യൂണിഫോമണിഞ്ഞ കുട്ടികളുടേതു മാത്രമല്ല ശിശുദിനം. ആവശ്യത്തിനു ആഹാരമോ അക്ഷരമോ വസ്ത്രമോ സ്നേഹമോ കിട്ടാത്ത കുട്ടികളും ശിശുദിനാഘോഷത്തിൻന്റെ പരിധിയിൽ വരണം.എല്ലാ ശിശുക്കളും ക്ഷേമൈശ്വര്യങ്ങളോടെ കഴിയുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാക്കിയെടുക്കാനാണ് ചാച്ചാജിയുടെ ജന്മദിനവും, ശിശുദിനവും കൊണ്ട് നമ്മൾ ലക്ഷ്യമാക്കേണ്ടത്.
ചാച്ചാജിയുടെ സ്വപ്നം എല്ലാ കുട്ടികളും സുഖമായി ജീവിക്കുന്ന ഒരു സമൂഹമായിരുന്നു. അതുകൊണ്ട്, ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് എല്ലാ കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെയാണ്.
#ChildrensDay #JawaharlalNehru #India #celebration #childwelfare #education #primeminister