Union Budget | മൂന്നാം മോദി സര്‍കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചു; സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വിലകുറയും
ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് മനംനിറച്ച് നിര്‍മല സിതാരാമന്‍
30 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 14 വന്‍ നഗരങ്ങളില്‍ ഗതാഗത വികസന പദ്ധതികള്‍ നടപ്പാക്കും
ന്യൂഡെല്‍ഹി: (KasargodVartha) മൂന്നാം മോദി സര്‍കാരിന്റെ ആദ്യ ബജറ്റില്‍ (Budget) കസ്റ്റംസ് തീരുവ (Customs duty) കുറച്ചു (Reduction) . ഇതോടെ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും ( (Gold silver and platinum) വിലകുറയും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് കുറച്ചത്. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനമായും കുറച്ചു.
ഇതിനൊപ്പം മൊബൈല്‍ഫോണുകളുടെ തീരുവയും കുറച്ചിട്ടുണ്ട്. ഇതോടെ മൊബൈല്‍ ഫോണുകള്‍ക്കും മൊബൈല്‍ ഫോണ്‍ ചാര്‍ജറുകള്‍ക്കും വിലകുറയും. കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കൈവിടാതെ കൂടെ നിന്ന ബിഹാറിനും ആന്ധ്രയ്ക്കും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് മനംനിറച്ചിരിക്കയാണ് മൂന്നാം നരേന്ദ്ര മോദി സര്‍കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാകേജ് പ്രഖ്യാപിച്ചപ്പോള്‍ ബിഹാറിലെ റോഡ് പദ്ധതികള്‍ക്കായി 26,000 കോടിരൂപയുടെ പദ്ധതികളും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ബിഹാര്‍, അസം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങള്‍ക്ക് പ്രളയ പ്രതിരോധ പദ്ധതികള്‍ക്കും പുനരധിവാസത്തിനും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കല്‍, തൊഴില്‍ നൈപുണ്യ വികസനം, മാനവശേഷി വികസനം, സാമൂഹ്യനീതി, ഉത്പാദനസേവന മേഖല, നഗര വികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഇന്നവേഷന്‍ ഗവേഷണം, വികസനം, പുതുതലമുറ വികസനം എന്നിവയാണ് ബജറ്റിന്റെ മുന്‍ഗണനാ വിഷയങ്ങള്‍.
30 ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 14 വന്‍ നഗരങ്ങളില്‍ ഗതാഗത വികസന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ചത്തെ സമ്പൂര്‍ണ ബജറ്റോടെ സ്വതന്ത്ര ഇന്‍ഡ്യയില്‍ തുടര്‍ചയായി ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തില്‍ സിഡി ദേശ് മുഖിനൊപ്പം ഇടംപിടിച്ചിരിക്കയാണ് ധനമന്ത്രി നിര്‍മല സീതാരാമനും.