Arrested | 'സ്‌കൂളില്‍ പോകാന്‍ ശാസിച്ച മാതാവിനെ മകന്‍ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി'; 15 കാരന്‍ അറസ്റ്റില്‍
ഈറോഡ്: (www.kasargodvartha.com) മാതാവിനെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സര്‍കാര്‍ ഉദ്യോഗസ്ഥയായ 36 കാരിയാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഈറോഡ് ജില്ലയിലെ ദമ്പതികള്‍ക്ക് 15 വയസുള്ള മകനും 12 വയസുള്ള മകളുമുണ്ട്. മകന്‍ ബോര്‍ഡിംഗ് സ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. കുട്ടി പഠനത്തില്‍ പിന്നോട്ടായതിനാല്‍ ഇതിന്റെ പേരില്‍ അമ്മ പലപ്പോഴും അവനെ ശകാരിച്ചു.
ഇതിനിടെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാന്‍ കഴിയില്ലെന്നും ഇനി വീട്ടില്‍ നിന്ന് ദിവസവും സ്‌കൂളില്‍ പോകുമെന്നും പഠിക്കുമെന്നും പറഞ്ഞ് വീട്ടിലെത്തി. തുടര്‍ന്ന് ദിവസവും വീട്ടില്‍ നിന്ന് സ്‌കൂളില്‍ പോയി വരികയായിരുന്നു. ഈ സമയങ്ങളില്‍ മകനെ നന്നായി പഠിക്കാന്‍ അമ്മ നിര്‍ബന്ധിക്കാറുണ്ട്. ഇത് മകനെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അര്‍ധവാര്‍ഷിക പരീക്ഷയിലും കുട്ടിക്ക് കുറഞ്ഞ മാര്‍ക് ലഭിച്ചു. ഇതൊക്കെ പറഞ്ഞ് അമ്മ മകനെ ശാസിച്ചു.
തുടര്‍ന്ന് സംഭവ ദിവസം രാത്രി, പിതാവിനോട് പറഞ്ഞ് കുട്ടിയെ ഹോസ്റ്റലില്‍ ആക്കുമെന്ന് അമ്മ ദേഷ്യത്തോടെ പറഞ്ഞു. തുടര്‍ന്ന് അമ്മയും മകനും തമ്മില്‍ വാക്ക് തര്‍കമുണ്ടായി. സംഭവം കോയമ്പതൂരില്‍ ജോലി ചെയ്യുന്ന പിതാവിനെ വിവരമറിയിച്ചു.
പിന്നീട് മകള്‍ക്കൊപ്പം വീടിന്റെ ഹാളില്‍ ഉറങ്ങുകയായിരുന്ന മാതാവിനെ മകന്‍, അര്‍ധരാത്രി സിമന്റ് കട്ട കൊണ്ട് ഇടിക്കുകയായിരുന്നു. ശബ്ദം കേട്ടുണര്‍ന്ന മകളാണ് ബന്ധുക്കളെ വിവരമറിയിച്ചത്. എല്ലാവരും എത്തിയപ്പോഴേക്കും മാതാവ് മരിച്ചിരുന്നു. മകനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു.
കുട്ടിക്കാലം മുതല്‍ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന മകനെ അപ്രതീക്ഷിതമായി ഹോസ്റ്റലിലേക്ക് മാറ്റിയതോടെ കുട്ടിയുടെ മാനസികനില തെറ്റിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി ജില്ലാ ശിശു സംരക്ഷണ സമിതി അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍ ഹോസ്റ്റല്‍ അധികൃതരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Keywords: news,National,India,Crime,Top-Headlines,Police,Student,Accuse,Arrested, 15-year arrested on murder case