Miracle | യാത്രയ്ക്കിടെ ഛർദി അനുഭവപ്പെട്ടു; വലിയ അപകടത്തിൽ നിന്ന് 5 പേർക്ക് അത്ഭുതരക്ഷ! സംഭവം ഇങ്ങനെ
ഉഡുപ്പിയിൽ നിന്ന് മംഗ്ളൂറിലേക്കുള്ള ഈ ചുരംറോഡ് രാജ്യത്തെ ഏറ്റവും അപകടകരമായ റോഡുകളിൽ ഒന്നാണ്
മംഗ്ളുറു: (KasargodVartha) യാത്രയിലെ ഓക്കാനം പലപ്പോഴും ശല്യമാണ്. എന്നാൽ അത് അഞ്ച് ജീവൻ രക്ഷിച്ചാലോ? അത്തരമൊരു സംഭവമാണ് ശനിയാഴ്ച ദക്ഷിണ കന്നഡ ജില്ലയിൽ സംഭവിച്ചത്. മംഗ്ളുറു - ബെംഗ്ളുറു ദേശീയപാതയിലെ ശിരാദി ഘട്ടിലെ ബർചിനഹള്ളിയിൽ കണ്ടെയ്നർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നാണ് അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ദാവൻഗരെ സ്വദേശികളായ ഗണേശ്, ശിവു, കാവ്യ, ദാന്തമ്മ, ഡ്രൈവർ അബ്ദുർ റഹ്‌മാൻ മുല്ല എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച ധർമസ്ഥലത്തും ശനിയാഴ്ച കുക്കെ സുബ്രഹ്മണ്യക്ഷേത്രത്തിലും ദർശനം കഴിഞ്ഞ് തിരികെ ദാവൻഗരെയിലേക്ക് പോകുന്ന വഴിയാണ് ശനിയാഴ്ച രാവിലെ 11.30 മണിയോടെ അപകടം ഉണ്ടായത്.
കാറിലുണ്ടായിരുന്ന കാവ്യക്ക് പെട്ടെന്ന് ഓക്കാനം അനുഭവപ്പെട്ടതിനെ തുടർന്ന് എല്ലാവരും കാറിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഡ്രൈവർ കാറിൽ നിന്ന് പുറത്തിറങ്ങി കുറച്ച് അകലെയായിരുന്നു നിന്നിരുന്നത്. ബന്ധുക്കൾ കാവ്യയെ ശുശ്രൂഷിക്കുന്നതിനിടയിലാണ് കണ്ടെയ്നർ ലോറി കാറിന് മുകളിൽ വീണത്. അപകടത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്.
മംഗ്ളുറു - ബെംഗ്ളുറു റൂടിൽ പുത്തൂർ താലൂകിൽ സ്ഥിതി ചെയ്യുന്ന ഈ ചുരംറോഡ് രാജ്യത്തെ ഏറ്റവും അപകടകരമായ റോഡുകളിൽ ഒന്നാണ്. വളവുകൾ വളരെ അപകടകരമാണ്. റോഡ് ഇടുങ്ങിയതും താഴ്ന്ന പ്രദേശങ്ങളിൽ വളരെ ഉയരത്തിലുമാണ് നിർമിച്ചിരിക്കുന്നത്. മഴക്കാലത്ത് ഈ റോഡ് വളരെ ദുർഘടമാകാറുണ്ട്. മണ്ണിടിച്ചിലും പതിവു കാഴ്ചയാണ്. വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
#ShiradiGhatAccident #MiraculousEscape #Karnataka #CarAccident #NearDeathExperience #SafetyFirst