ഡെല്‍ഹി റിപബ്ലിക് ദിന പരേഡിൽ കേരള ഗുരു നിശ്ചലദൃശ്യ വിലക്ക്: മുൻ കേന്ദ്രമന്ത്രി ജനാർദന പൂജാരി നാളെ കുദ്രോളി ക്ഷേത്ര പദയാത്ര നടത്തും
Jan 25, 2022, 18:59 IST
മംഗളൂരു: (www.kasargodvartha.com 25.01.2022) ബുധനാഴ്ച ഡെല്‍ഹി റിപബ്ലിക് ദിന പരേഡിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ മുൻനിറുത്തിയുള്ള കേരള സർകാർ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിക്കുന്ന കേന്ദ്ര സർകാർ സമീപനത്തിൽ പ്രതിഷേധിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ബി ജനാർദന പൂജാരി പദയാത്ര നടത്തും. കങ്കനാടിയിൽ നിന്ന് ഗുരുവിന്റെ ഫോടോ ഏന്തിയുള്ള യാത്ര കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രത്തിലാണ് അവസാനിക്കുക.
കേരളത്തിൽ ശ്രീനാരായണ ഗുരു ദർശനങ്ങൾ സൃഷ്ടിച്ച ഓളം ദക്ഷിണ കനറയിലും വീശിയതിന്റെ ഫലമായിരുന്നു 1912ൽ കുദ്രോളി ഗോകർണനാഥ ക്ഷേത്രം നിർമിതി. ബില്ലവ സമുദായത്തിലെ വ്യാപാര പ്രമുഖൻ അധ്യക്ഷ കൊറഗപ്പ മുൻകൈയെടുത്തായിരുന്നു ഗുരുവിന്റെ ആശീർവാദത്തോടെ ജാതി വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും പ്രവേശിച്ച് പ്രാർഥിക്കാവുന്ന ക്ഷേത്രം പണിതത്. ജനാർദന പൂജാരിയുടെ നേതൃത്വത്തിൽ നവീകരണം നടത്തിയ ക്ഷേത്രം മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണ് 1991ൽ ഉദ്ഘാടനം നിർവഹിച്ചത്.
കേരളത്തിലെ ഈഴവരാണ് കർണാടകയിലെ പൂജാരി എന്നറിയപ്പെടുന്ന സമുദായം. കുദ്രോളി ക്ഷേത്രം മുഖ്യ ട്രസ്റ്റിയാണ് ജനാർദന പൂജാരി. റിപബ്ലിക് ദിനത്തിൽ ശ്രീനാരായണ ഗുരു നിന്ദക്കെതിരായ പ്രതിഷേധം അലയടിക്കേണ്ടതുണ്ടെന്ന് പൂജാരി പറഞ്ഞു. കേന്ദ്ര സർകാരും ബി ജെ പിയും ഗുരുദർശനങ്ങൾക്ക് എതിരാണ്.
ദക്ഷിണ കന്നട ജില്ല ചുമതല വഹിച്ച മന്ത്രി കൊട ശ്രീനിവാസ പൂജാരി കഴിഞ്ഞ ദിവസം കുദ്രോളി ഗോകർണനാഥേശ്വര ക്ഷേത്രം ദർശനം നടത്തി ശ്രീനാരായണ ഗുരു പ്രതിഷ്ഠക്ക് മുന്നിൽ പൂജയും പ്രാർഥനയും നടത്തിയിരുന്നു. ഇദ്ദേഹത്തെ ദക്ഷിണ കന്നട ജില്ല ചുമതലയിൽ നിന്ന് നീക്കി പകരം ഉത്തര കന്നട ജില്ല ചുമതല നൽകി തിങ്കളാഴ്ച കർണാടക മുഖ്യമന്ത്രി ഉത്തരവിറക്കിയിട്ടുണ്ട്.
എന്തിനാണ് കേരളത്തിന്റെ ഗുരു നിശ്ചലദൃശ്യം വിലക്കിയതെന്ന് വ്യക്തമാക്കാൻ കേന്ദ്രത്തെ അന്ധമായി പിന്തുണക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കടീൽ എം പിയും സന്നദ്ധമാവണമെന്ന് കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് എം എൽ സി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വഗുരുവായി എഴുന്നള്ളിക്കുന്നവർ സാമൂഹിക പരിഷ്കർത്താക്കളേയും സാംസ്കാരിക നായകരേയും എഴുത്തുകാരേയും തള്ളിപ്പറയുന്നതിൽ അത്ഭുതമില്ല. ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം ദർശനം ഉൾകൊള്ളാൻ ബി ജെ പിക്ക് കഴിയാത്തതാണ് വിഷയം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്താസമ്മേളനത്തിൽ യു ടി ഖാദർ എം എൽ എ, ഡി സി സി പ്രസിഡന്റ് ഹരീഷ് കുമാർ, മുൻ എം എൽ സി ഐവൻ ഡിസൂസ എന്നിവർ പങ്കെടുത്തു.
Keywords: News, Karnataka, New Delhi, Republic day celebrations, Kerala, Minister, Government, Mangalore, Temple, Inauguration, District, Press meet, MLA, Former Union Minister Janardhana Pujari will lead a foot rally tomorrow during the Delhi Republic Day Parade.