അതിര്‍ത്തി കടക്കാന്‍ ഒരാഴ്ചത്തേക്ക് കോവിഡ് നെഗറ്റീവ് സെര്ടിഫികറ്റ് ആവശ്യമില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം
മംഗളൂരു: (www.kasargodvartha.com 25.02.2021) കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് സഞ്ചരിക്കാന്‍ അതിര്‍ത്തികളില്‍ ഒരാഴ്ചത്തേക്ക് കോവിഡ് നെഗറ്റീവ് സെര്ടിഫികറ്റ് ആവശ്യപ്പെടില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂടി കമീഷണര്‍ ഡോ. കെ വി രാജേന്ദ്ര പറഞ്ഞു. 'ഞങ്ങള്‍ ഒരിക്കലും ആര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരാഴ്ചത്തേക്ക് ഇളവ് വരുത്തുന്നു, സ്കൂളുകള്‍, കോളജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലുള്പെടെ വിവിധ സ്ഥലങ്ങളില്‍ കൊറോണ ടെസ്റ്റിന് ക്യാമ്പുകള്‍ സംഘടിപ്പിക്കും, നിയമം കര്‍ശനമായി പാലിക്കുന്നത്തിനായി ഇടപെടും' അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ആരെയും ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണനും മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ദിനേന കര്‍ണാടകയിലേക്ക് പോയി വരുന്നവര്‍ക്ക് എല്ലാ ദിവസവും കോവിഡ് നെഗറ്റീവ് സെര്ടിഫികറ്റ് ഹാജരാക്കുക പ്രയാസകരമാണ്, അത്തരം ആളുകളെ അതിര്‍ത്തിയില്‍ വെച്ചു സ്ക്രീനിംഗ് നടത്തി ലക്ഷണമുള്ളവരെ മാത്രം സര്‍കാര്‍ ഒരുക്കുന്ന ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തില്‍ നിന്നുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്ന് മൈസൂരു-കുടക് എം പി പ്രതാപസിംഹയും അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് നെഗറ്റീവ് റിപോര്‍ട് കാണിക്കാന്‍ കേരളത്തില്‍നിന്നുള്ളവരെ നിര്‍ബന്ധിക്കരുതെന്നും തെര്‍മല്‍ സ്കാനിങ്ങിനുശേഷം അവരെ കടത്തിവിടണമെന്നുമെന്നാണ് എംപി പറഞ്ഞത്.