city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീടുകളില്‍ ടെലിവിഷനും, കൈയില്‍ സ്മാര്‍ട് ഫോണും ഇല്ല; ഓണ്‍ലൈന്‍ ക്ലാസ് എന്തെന്ന് അറിയാതെ എല്ലാവരും പഠിക്കുമ്പോള്‍ നിസ്സഹായതയോടെ കുറേ വിദ്യാര്‍ത്ഥികള്‍

സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.06.2020) പൊതു വിദ്യാഭ്യസം ഡിജിറ്റല്‍ സമ്പ്രദായത്തില്‍ പുതിയ അധ്യയനത്തിനു തുടക്കം കുറിച്ചപ്പോള്‍ കാലത്തിന്റെ മാറ്റം അറിയാത്ത കുട്ടികള്‍ ഇന്ന് നമുക്ക് ഇടയില്‍ ഉണ്ട്. ഇവരുടെ കയ്യില്‍ സ്മാര്‍ട്ട് ഫോണുകളോ വീടുകളില്‍ ടെലി വിഷനോ ഇല്ല.കാലവര്‍ഷവും എത്തിയതോടെ ചോര്‍ന്നൊലിക്കുന്ന വീടുകളില്‍ കഴിയുമ്പോഴും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂന്നിയ പഠനം ഇവര്‍ സ്വപ്നം കാണുന്നു. ഇതിലേക്ക് ഇവരെ പ്രാപ്തരാക്കാന്‍ ഇതുവഴി ആരും വന്നുമില്ല.

കൂടെ പഠിക്കുന്ന മറ്റ് കുട്ടികള്‍ സ്മാര്‍ട്ട് ഫോണിലും ടെലിവിഷനിലും ലാപ് ടോപ്പിലും. കമ്പ്യൂട്ടറിലും, ടാബിലുമെല്ലാം പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുമ്പോള്‍ ഇവര്‍ക്ക് പരാതിയോ പരിഭവമോ ഇല്ല. വിധിയെന്ന് ഓര്‍ത്ത് പുഞ്ചിരി തൂകുന്ന മുഖവുമായി നില്‍ക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ഇന്ന് കണ്ടുമുട്ടി. ഇവരില്‍ കണ്ണൂര്‍ ജില്ലയിലെ കാവും ഭാഗം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സുചിത്ര സുരേഷ്. കാസര്‍കോട് വെസ്റ്റ് എളേരി പഞ്ചായത്തിലെ മുടന്തേന്‍ പാറ പട്ടിക ജാതി കോളനിയിലെ സുരേഷിന്റെയും സുധയുടെയും നാലുമക്കളില്‍ രണ്ടാമത്തെ കുട്ടിയാണ്.മൂത്ത കുട്ടി സുജിത് കതിരൂര്‍ ഗവ. ഹൈസ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയും.

രണ്ടു പേരും അവിടെ സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിന്ന് പടിക്കുന്നവരാണ്. ലോക് ഡൗണിനു മുമ്പ് നാട്ടിലെത്തിയ ഇരുവരും കഷ്ടതകള്‍ നിറഞ്ഞ കുടിലില്‍ അച്ഛനമ്മമാര്‍ക്കൊപ്പം ദുരിത ജീവിതം നയിക്കുമ്പോഴും പഠിച്ചു നല്ല നിലയില്‍ എത്തണം എന്നാ ഗ്രഹിക്കുന്നവരാണ്.
രണ്ടു പേരും നന്നായി പഠിക്കും.മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കെ കുടിലില്‍ നിന്നും പഠിക്കാനുള്ള മോഹവുമായി സര്‍ക്കാര്‍ വക കണ്ണൂര്‍ ജില്ലയിലേക്ക് മാറി പോയവരാണ് സുചിത്രയും സുജിത്തും.സുചിത്ര ഇക്കുറി ഒമ്പതാം ക്ലാസിലേക്കും. സുജിത് പത്താം ക്ളാസിലേക്കും വിജയിച്ചവരാണ്.

ജൂണ്‍ പിറന്ന് പുതിയ അധ്യയനം ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ആരംഭിച്ചപ്പോള്‍ മുടന്തേന്‍ പാറയിലെ ഈ ഭാവി തലമുറയ്ക്ക് അതിന്റെ ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും. സ്മാര്‍ട്ട് ഫോണ്‍ എന്നത് സുചിത്രക്കും സുജിത്തിനും പറഞ്ഞു കേട്ട പരിചയം മാത്രം. മഴവന്നാല്‍ നനയുന്ന വീട്ടില്‍ ടെലി വിഷന്‍ മാത്രമല്ല വൈദ്യുതി പോലുമില്ല.ഇവരുടെ ഒരു സഹോദരന്‍ സുബീഷ് വള്ളിക്കടവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ഒരുകുടുംബത്തിലെ മൂന്ന് കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ ക്ലാസ് എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ വിദ്യാഭ്യാസ നയം ലഭിക്കാതെ വരുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടോ എന്നറിയാന്‍ വിദ്യാഭ്യാസ വകുപ്പിലെ ആരും ഇതുവഴി ആരും വന്നുമില്ല. വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി മുടന്തേന്‍ പാറ പട്ടിക ജാതി കോളനിയില്‍ മാത്രം ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്തെന്ന് അറിയാത്ത പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഇവരുടെ രക്ഷിതാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണോ വീടുകളില്‍ ടെലി വിഷനുകളോ ഇല്ല. 35 കുടുംബങ്ങള്‍ ഉള്ള ഇവിടെ രണ്ടു വീടുകളില്‍ മാത്രമേ ടെലിവിഷന്‍ ഉള്ളൂ.

കോളനിയിലെ കുഞ്ഞികണ്ണന്‍ - കാര്‍ത്ത്യായനി ദമ്പദികളുടെ മൂന്ന് മക്കള്‍ മാലോത്ത് കസബയിലെ വിദ്യാര്‍ത്ഥികളാണ്.മൂത്ത മകന്‍ മനീഷ് പ്ലസ് വണ്‍ കഴിഞ്ഞ് ഇനി പ്ലസ്ടുവിനാണ് പഠിക്കേണ്ടത്. മനീഷിന്റെ സഹോദരങ്ങളായ മഞ്ജിതും അനിതയും കസബയില്‍ഏഴിലും ആറിലും പഠിക്കുന്നവരാണ്. പഠിക്കാന്‍ മിടുക്കരായ ഇവരും ദുരിതം നിറഞ്ഞ വീട്ടിലാണ് താമസം.പഞ്ചായത്തില്‍ നിന്നും ലഭിച്ച പൂര്‍ത്തിയാകാത്ത വീട്ടില്‍ ടെലിവിഷനോ കൂലി പണിക്കാരായ അച്ഛനമ്മമാരുടെ കൈകളില്‍ സ്മാര്‍ട്ട് ഫോണോ ഇല്ല.മുടന്തേന്‍ പാറയിലെ ഈ ഭാവി വാക്ദാനങ്ങള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്തെന്ന് പോലും അറിയില്ല.
വീടുകളില്‍ ടെലിവിഷനും, കൈയില്‍ സ്മാര്‍ട് ഫോണും ഇല്ല; ഓണ്‍ലൈന്‍ ക്ലാസ് എന്തെന്ന് അറിയാതെ എല്ലാവരും പഠിക്കുമ്പോള്‍ നിസ്സഹായതയോടെ കുറേ വിദ്യാര്‍ത്ഥികള്‍

അടുത്തുള്ള വീടുകളില്‍ പോലും ഇവിടെ ടെലിവിഷന്‍ ഇല്ല. ഓണ്‍ലൈന്‍ ക്ലാസ് കണ്ടിരുന്നോ എന്ന ചോദ്യത്തിന് അത് എന്താണ് എന്നായിരുന്നു ഇവരുടെ മറുപടി. ഇതുപോലെയുള്ള നിരവധി കുട്ടികളാണ് വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഉള്ളത്. ഇവരെ കൂടി കണ്ടെത്തി ഓണ്‍ ലൈന്‍ പഠനത്തിന്റെ ഭാഗമാക്കാന്‍ ആരും തന്നെ ഇതുവരെ മുന്നോട്ട് വന്നിട്ടില്ലെന്നതാണ് ഖേദകരം.


Keywords: Kasaragod, Kerala, Vellarikundu, News, Students, Class, There are Students with no study class facilities

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia