ദേശീയ പാതയിൽ കുഴിയിലേക്ക് മറിഞ്ഞ ടാങ്കർ ഖലാസികളുടെയും അഗ്നിശമന സേനയുടെയും സഹായത്തോടെ റോഡിലേക്ക് മാറ്റി
Sep 10, 2020, 10:50 IST
കാസർകോട്: (www.kasargodvartha.com 10.09.2020) ദേശീയപാതയിൽ കുഴിയിലേക്ക് മറിഞ്ഞ ടാങ്കർ ലോറി ഉയർത്തി മാറ്റി. ലോറിയിൽ നിന്ന് പാചകവാതകം മറ്റൊരു ടാങ്കറുകളിലേക്കു മാറ്റിയ ശേഷം ക്രെയിൻ ഉപയോഗിച്ചാണ് ലോറി റോഡിലേക്ക് കയറ്റിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ബേവിഞ്ചയിൽ നിയന്ത്രണം വിട്ട് ടാങ്കർ ലോറി 15 അടിയോളം താഴ്ചയിലേക്കു മറിഞ്ഞത്. പാചകവാതക ചോർച്ചയെത്തുടർന്നു സ്തംഭിച്ച വാഹന ഗതാഗതം 27 മണിക്കൂറിനു ശേഷം പുനരാരംഭിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ മംഗളൂരുവിൽ നിന്നെത്തിയ സംഘം ടാങ്കറിലെ പാചക വാതകം ഒഴിഞ്ഞ ടാങ്കറുകളിലേക്കു മാറ്റാനാരംഭിച്ചിരുന്നു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ ബുധനാഴ്ച ആറുമണിയോടെ 95 ശതമാനം പാചക വാതകവും ടാങ്കിൽ നിന്ന് കാലിയാക്കി. ബാക്കിയുണ്ടായിരുന്ന വാതകം അകത്തു വെള്ളം ചീറ്റി പുറത്തേക്കു കളയുകയായിരുന്നു.
പിന്നീട് ക്രെയിനുകളുടെയും ഖലാസികളുടെയും സഹായത്തോടെ ടാങ്കർ റോഡിലേക്കു കയറ്റുന്ന ജോലി തുടങ്ങി. 6 മണിക്കൂറെടുത്താണ് ലോറി റോഡിലേക്ക് കയറ്റിയത്. വൈകീട്ട് മൂന്നരയോടെ ലോറി നീക്കി ജോലി കഴിഞ്ഞെങ്കിലും സുരക്ഷാ മുന്നിൽ കണ്ട് അഞ്ചരയോടെയാണ് വൈദ്യുതി പുനസ്ഥാപിച്ചത്. പിന്നാലെ വാഹന ഗതാഗതവും പുനരാരംഭിച്ചു.
Keywords: Kerala, News, Kasaragod, Bevinja, Tanker-Lorry, Accident, National highway, Gas, Fire force, Police, The tanker, which overturned in a ditch on the national highway, was diverted to the road with the help of Khalasis and firefighters.