രാജു കട്ടക്കയം ജനകീയ മുഖമുള്ള ജനപ്രതിനിധി: ഉമ്മൻചാണ്ടി
Oct 3, 2020, 15:16 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.10.2020) മലയോരത്തെ ജനകീയ ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയത്തെ യൂത്ത് കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റി ആദരിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ നടന്ന ജനഹൃദയങ്ങളിൽ കട്ടക്കയം എന്ന പരിപാടി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഉമ്മൻ ചാണ്ടി വീഡിയോ കോൺഫറൻസ് വഴി ഉൽഘാടനം ചെയ്തു.
മലയോരത്തെ ജനകീയ മുഖമുള്ള ജനപ്രധിനിധിയാണ് രാജു കട്ടക്കയമെന്നും ഇനിയും പൊതു രംഗത്ത് ശോഭിക്കുവാൻ എല്ലാവിധ അനുഗ്രങ്ങങ്ങളും നേരുന്നു വെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്ക് ഉൾപ്പെടെയുള്ള മലയോര വികസന പദ്ധതികൾക്ക് ചുക്കാൻ പിടിച്ച രാജു കട്ടക്കയത്തെ ആദരിക്കുന്ന ചടങ്ങിൽ ഓൺലൈൻ വഴി സ്ക്രീനിൽ ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.
ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ജോമോൻ ജോസ് അധ്യക്ഷത വഹിച്ചു. കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നിൽ രാജു കട്ടക്കയത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. യൂത്ത് കോൺഗ്രസിന്റെ ഉപഹാരവും അദ്ദേഹം രാജു കട്ടക്കയത്തിന് സമ്മാനിച്ചു.
തുടർന്ന് 25 വർഷം പൂർത്തിയാക്കിയതിന്റെ രജത ജൂബിലി മാധുര്യമുള്ള കേക്ക് മുറിച്ച് രാജു കട്ടക്കയത്തിന് മധുരവും നൽകി. കെ പി സി സി നിർവാഹ സമിതി അംഗം പി കെ ഫൈസൽ. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ബി പ്രദീപ് കുമാർ. മഹിളാ കോൺഗ്രസ്സ് നേതാവ് മീനാക്ഷി ബാലകൃഷ്ണൻ, ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം രാധാമണി, ഡി സി സി നേതാക്കളായ ബാലകൃഷ്ണൻ പെരിയ, വിനോദ് കുമാർ പള്ളയിൽ വീട്, ഹരീഷ് പി നായർ, തുടങ്ങി നിരവധി കോൺഗ്രസ്സ് നേതാക്കൾ ആശംസകൾ നേർന്നു സംസാരിച്ചു.
യൂത്ത് കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റി പ്രസിഡണ്ട് ബിബിൻ അഗസ്ത്യൻ സ്വാഗതം പറഞ്ഞു. രാജു കട്ടക്കയം ആദരവിനുള്ള നന്ദി പ്രസംഗം നടത്തി. രജത ജൂബിലി ആഘോഷ ത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളും പഠിക്കുവാൻ മിടുക്കരായ 25നിർദ്ധന വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി സ്കോളർഷിപ്പുകളും വിതരണം ചെയ്തു.