ഇളനീര് കുലവീണ് മരിച്ച യുവാവിന്റെ മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനയച്ചു
Oct 31, 2012, 19:23 IST
പരപ്പ: തെങ്ങിന് മുകളില്‍ വിളിച്ചുകയറ്റിയ അയല്‍വാസി ഇളനീര് കുല വെട്ടിയിട്ടതിനെ തുടര്‍ന്ന് നിലത്ത് തെറിച്ചുവീണ യുവാവ് മരണപെടാനിയായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
യുവാവിന്റെ തലയില്‍ മന:പൂര്‍വം ഇളനീര് കുല വെട്ടിയിട്ട് കൊന്നതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങി. പരപ്പ തുമ്പ കോളനിയിലെ കുഞ്ഞിരാമന്-കല്ല്യാണി ദമ്പതികളുടെ മകന് പ്രസാദ്(24)ആണ് തെങ്ങില്‍ നിന്ന് വീണ് മരിച്ചത്. ചൊവാഴ്ച വൈകിട്ട് പ്രസാദും അയല്‍വാസി നാരായണനും ഒന്നിച്ച് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ അയല്‍വാസി രാമുവിന്റെ പറമ്പിലെ തെങ്ങില്‍ നാരായണന് കയറുകയും ചെയ്തു.
തെങ്ങിന് മുകളിലെത്തിയ നാരായണന് താഴെ നില്‍ക്കുകയായിരുന്ന പ്രസാദിനോട് തെങ്ങിലേക്ക് കയറാന്‍ ആവശ്യപ്പെടുകയും തെങ്ങുകയറ്റ തൊഴിലാളി കൂടിയായ പ്രസാദ് തെങ്ങിലേക്ക് വലിഞ്ഞുകയറുകയും ചെയ്തിരുന്നു. ഏതാണ്ട് പകുതി ഉയരത്തില്‍ പ്രസാദ് എത്തിയ ഉടന്‍ മുകളിലുണ്ടായിരുന്ന നാരായണന് ഇളനീര് കുല വെട്ടി പ്രസാദിന്റെ തലയിലേക്ക് ഇട്ടുവെന്നാണ് ബന്ധുക്കളുടെ പരാതി. തലയില്‍ ഇളനീര് കുല പതിച്ച് നിലത്തേക്ക് തെറിച്ചുവീണ പ്രസാദ് സംഭവസ്ഥലത്തു തന്നെ തല്‍ക്ഷണം മരണപ്പെടുകയായിരുന്നു.
രാത്രി തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ച രാവിലെ വെള്ളരിക്കുണ്ട് എസ്ഐ രാജീവന് വലിയവളപ്പിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
പ്രസാദിനെ കൊലപ്പെടുത്തിയതാണെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഭാര്യയും മക്കളും ബന്ധുക്കളും. നാരായണനും പ്രസാദും തമ്മി ല്‍ നേരത്തെ അതിര്‍ത്തി പ്രശ്നം ഉള്ളതായി പറയപ്പെടുന്നു.
ബസ് ക്ലീനറായ നാരായണന് പ്രസാദ് മദ്യലഹരിയിലായത് മറയാക്കി മനപൂര്‍വം ഇളനീര് കുല പറിച്ച് യുവാവിന്റെ തലയിലിടുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിക്കുകയും ചെയ്ത ശേഷം മാത്രമേ മരണകാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മരണത്തില്‍ നാട്ടില്‍ ദുരൂഹതകളും അഭ്യൂഹങ്ങളും ഉയര്‍ന്നുവന്ന സാഹചര്യയത്തില്‍ വളരെ സൂക്ഷ്മമായും കരുതലോടെയും കൂടിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
കല്ലംചിറ സ്വദേശിനി രതിയാണ് ഭാര്യ. അഞ്ച് വയസിന് താഴെ പ്രായമുള്ള അശ്വതി, ശ്യാമ, ശിവ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: കുമാരന്, രാജന്, സന്തോഷ്, രവി, ഗിരിജ.
Related News:
ഇളനീര്‍കുല തലയില്‍ വീണ് യുവാവ് മരിച്ചു; കൊലയെന്ന് ബന്ധുക്കള്‍
Keywords: Kasaragod, Parappa, Accidental-Death, Postmortem Report, Police-Enquiry, Coconut Tree, Kerala, Nibour, Neighbour, Liquor, Malayalam News,






