ലീഗുകാര്‍ കയറാത്ത സമരപന്തലില്‍ എം.എസ്.എഫ് സംസ്ഥാന നേതാക്കളെത്തി
Mar 17, 2013, 23:42 IST
![]() |
| എന്‍ഡോസള്‍ഫാന്‍ സമരപന്തലിലെത്തിയ എം.എസ്.എഫ് നേതാക്കള്‍ സത്യാഗ്രഹം അനുഷ്ഠിക്കുന്ന എ.മോഹന്‍ കുമാറിനെ അഭിവാദ്യം അറിയിക്കുന്നു. |
കാസര്‍കോട് എം.എല്‍.എ ആയ എന്‍.എ.നെല്ലിക്കുന്ന് മാത്രമാണ് ഇതിനുമുമ്പ് സമരപന്തല്‍ സന്ദര്‍ശിച്ച ലീഗുകാരനായ ഏക നേതാവ്. അത് ലീഗ് നേതാവ് എന്ന നിലയില്‍ ആയിരുന്നില്ല. എം.എല്‍.എ എന്ന നിലയില്‍ സമരം അവസാനിപ്പിക്കാനുള്ള നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ക്കൊപ്പം വന്നതായിരുന്നു എന്‍.എ.നെല്ലിക്കുന്ന്. അതിനു മുമ്പോ, അതിന് ശേഷമോ ഒരു ലീഗ് നേതാവും സമരപന്തലിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉള്‍പെടെയുള്ള നേതാക്കള്‍ പലതവണ പന്തലിന് മുന്നിലൂടെയുള്ള റോഡിലൂടെ കാറില്‍ പോകുന്നുണ്ട്. എന്നാല്‍ പന്തലിന് മുന്നില്‍ വന്നിറങ്ങി സമരത്തെ കുറിച്ച് അന്വേഷിക്കാനോ, സത്യാഗ്രഹിക്ക് പിന്തുണ അര്‍പിക്കാനോ ആരും തയ്യാറായില്ല. കോണ്‍ഗ്രസിന്റെയും, ബി.ജെ.പിയുടെയും, സി.പി.എമ്മിന്റെയും ഉള്‍പെടെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും പ്രവര്‍ത്തകരും പലതവണ സമരപന്തലിലെത്തുകയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനവും യോഗവും നടത്തുകയും ചെയ്തിരുന്നു. നിരവധി സന്നദ്ധ-സാംസ്കാരിക സംഘടനകളും വ്യക്തികളും സമരത്തിന് പിന്തുണ അര്‍പിച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ലീഗിന്റെ പുറംതിരിഞ്ഞു നില്ക്കല് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെയാണ് എം.എസ്.എഫ് നേതാക്കളുടെ വൈകിയെങ്കിലുമുള്ള രംഗപ്രവേശം.
സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് കാസര്‍കോട് നഗരത്തില്‍ മനുഷ്യമതില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയിലേക്ക് ലീഗ് നേതാക്കളെയും യൂത്ത് ലീഗ് ഭാരവാഹികളെയും സമരസമിതി കണ്‍വീനര്‍ നേരത്തെ തന്നെ ക്ഷണിച്ചിരുന്നെങ്കിലും അതിന് അനുകൂലമായ ഒരു മറുപടിയും അവരില്‍ നിന്ന് ലഭിച്ചിരുന്നില്ലത്രെ. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ അധികം പേരും ലീഗിന്റെ ശക്തി കേന്ദ്രമായ പ്രദേശങ്ങളില്‍ പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഇരകളുടെ ക്ഷേമത്തിന് വേണ്ടി നടത്തുന്ന ന്യായമായ സമരത്തോട് ലീഗ് പ്രകടിപ്പിക്കുന്ന അവഗണന മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും അവമതിപ്പിന് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറില്‍ നിര്‍ണായക സ്വാധീനമുള്ള മുസ്ലിം ലീഗ് എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഇരകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ പലപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമായിരുന്നുവെന്ന അഭിപ്രായവും സമരസമിതിക്കുണ്ട്.
എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസിന്റെ നേതൃത്വത്തില്‍ നേരത്തെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തി രോഗികള്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെയും, കെ.എം.സി.സിയുടെയും നേതൃത്വത്തിലും മാതൃകാപരമായ സഹായങ്ങള്‍ എത്തിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കു വേണ്ടിയുള്ള സമരം ഒരു മാസം പിന്നിടുന്ന ഘട്ടത്തിലും മുസ്ലിം ലീഗ്-യൂത്ത് ലീഗ് നേതൃത്വങ്ങള്‍ സമരത്തോട് മുഖംതിരിച്ച നില്ക്കുന്ന സാഹചര്യത്തില്‍ എം.എസ്.എഫ് നേതാക്കളെങ്കിലും സമരപന്തലില്‍ വന്നതിനെ വലിയ സന്തോഷത്തോടും, ആശ്വാസത്തോടും കൂടിയാണ് സമരസമിതി കാണുന്നത്.
ഫെബ്രുവരി 18ന് ആരംഭിച്ച നിരാഹാര സമരം ഞായറാഴ്ച 28-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എ.മോഹന്‍കുമാര്‍ നിരാഹാരം അനുഷ്ഠിക്കുന്നത് ഞായറാഴ്ച 14-ാം ദിവസമാണ്. അവശനായ അദ്ദേഹം മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും സമരം ഒത്തുതീര്‍പാക്കാനുള്ള യാതൊരു നീക്കവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് സമര സമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന് പറയുന്നത്. കഴിഞ്ഞ ദിവസം ധന മന്ത്രി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കടുത്ത അവഗണനയാണ് ഉണ്ടായത്.
-രവീന്ദ്രന് പാടി
Keywords: MSF, Leaders, Visit, Endosulfan, Strike, Tent, Muslim league, Youth league, Congress, Protest, N.A.Nellikunnu, Cherkalam Abdulla, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News







