കോട്ടിക്കുളം റെയിൽവേ ഓവർ ബ്രിഡ്ജ്; റെയിൽവേ ബോർഡ് ചെയർമാന് രാജ്മോഹൻ ഉണ്ണിത്താൻ എം പി കത്തയച്ചു
Sep 2, 2020, 21:13 IST
ഉദുമ: (www.kasaragodvartha.com 02.09.2020) കോട്ടിക്കുളം റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണത്തിന് സത്വര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാന് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ കത്തയച്ചു. ജില്ലയിലെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് കോട്ടിക്കുളം റെയിൽവേ സ്റ്റേഷനെന്നും സ്റ്റേഷന്റെ പ്രധാനപ്പെട്ട അപര്യാപ്തത അതിന്റെ നടുവിലൂടെ ഒരു റോഡ് കടന്നുപോകുന്നു എന്നുള്ളതാണെന്നും ഇത് ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ടെന്നും എം പി കത്തിൽ വ്യക്തമാക്കി.
ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി റോഡ് ഓവർ ബ്രിഡ്ജ് (ROB) നിർമ്മിക്കുന്നതിനു വേണ്ടി കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (കിഫ്ബി) നിന്ന് 21 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എം പി കത്തിൽ ചൂണ്ടിക്കാട്ടി. 2018-19 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിലാണ് ഈ തുക വകയിരുത്തിയത്. എന്നാൽ ഇന്നേവരെ ഈ തുക ഉപയോഗിച്ചുകൊണ്ട്, ഈ റോഡ് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനു വേണ്ടി റെയിൽവേ യാതൊരു വിധ നടപടികളും കൈക്കൊണ്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ സത്വര നടപടി കൈക്കൊള്ളണമെന്നും കോട്ടിക്കുളത്തെ ഓവർ ബ്രിഡ്ജ് നിർമ്മാണം ത്വരിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവിനും, സൗത്തേൺ റെയിൽവേ ജനറൽ മാനേജർക്കും എം പി കത്തയച്ചിരിക്കുന്നത്.
നേരത്തേ ഇത് ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാന റെയിൽവേ വികസനം സംബന്ധിച്ചുള്ള വിശദമായ നിവേദനം കേന്ദ്ര റെയിൽവേ മന്ത്രിക്കും പ്രധാനമന്ത്രിക്കും എം പി സമർപ്പിച്ചിട്ടുണ്ട്.
മൂവ്മെൻറ് ഫോർ ബെറ്റർ കേരള (എം ബി കെ) എം പി ക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നു.
Keywords: Kerala, News, Kasaragod, Kottikulam, Railway Station, Over Bridge, Road, Letter, Railway Board, Chairman, Rajmohan Unnithan, MP, Kottikulam Railway Over Bridge; Rajmohan Unnithan MP sent letter to Railway Board Chairman.