കാനത്തൂര്‍ നാല്‍വര്‍ ദൈവസ്ഥാനം കളിയാട്ടം 27 മുതല്‍ ജനുവരി 2 വരെ
Dec 22, 2012, 20:00 IST
കാസര്‍കോട്: കാനത്തൂര്‍ ശ്രീ നാല്‍വര്‍ ദൈവസ്ഥാനത്തില്‍ പൗരാണികമായി ധനുമാസത്തില്‍ ആഘോഷിക്കുന്ന കളിയാട്ട മഹോത്സവം 2012 ഡിസംബര്‍ മാസം 27 മുതല്‍ 2013 ജനുവരി രണ്ടുവരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കളിയാട്ട മഹോത്സവത്തിന്റെ ഫലപ്രദമായ നടത്തിപ്പിനുവേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.ഡിസംബര്‍ 27 ന് വൈകുന്നേരം നാലുമണിക്ക് മഹോത്സവത്തിന് ആരംഭം കുറിച്ച് ശ്രീ നാല്‍വര്‍ ദൈവങ്ങളുടെ സന്നിധികളായ കാനത്തൂര്‍ കൊട്ടാരം, കളരിവീട് പടിപ്പുര, കാവ് എന്നിവിടങ്ങളില്‍ ബ്രഹ്മശ്രീ ഇരിവില്‍ കേശവ തന്ത്രികളുടെനേതൃത്വത്തില് ശുദ്ധികലശം പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് തറവാട്ടുകാരുടെയും വ്രതക്കാരായ കഴകക്കാരുടെയും സാന്നിധ്യത്തില്‍ കളരിവീട്ടില്‍ തറവാട്ട് കാരണവര്‍ ദൈവകോലധാരികള്ക്ക് അടയാളം നല്‍കും.
ഡിസംബര്‍ 28 ന് രാവിലെ കളരി കൊട്ടാര സന്നിധിയിലെ ആനപ്പന്തല്‍ അലങ്കരിക്കല്‍, 3.30 ന് മൂലസ്ഥാനം കാവില്‍ നിന്ന് തിരുവായുധങ്ങളും ഭണ്ഡാരങ്ങളും കൊട്ടാരത്തിലേക്ക് എഴുന്നെള്ളിക്കല്‍ തുടര്‍ന്ന് ഇളയോര്‍ ദൈവങ്ങളുടെ ദര്‍ശന ആരംഭവും കളരിവീട്ടിലേക്കുള്ള പുറപ്പാടും നടക്കും.
ഡിസംബര്‍ 29 ന് പുലര്‍ച്ചെ നാലിന് ചാമുണ്ടി ദൈവദര്ശനാരംഭം, തുടര്‍ന്ന് ഭാഗ്യത്തൂര് കണ്ടത്തിലേക്കുള്ള പുറപ്പാട്. 8.30 ന് പഞ്ചുര്‍ളി(ഉഗ്രമൂര്‍ത്തി) ദൈവദര്ശനാരംഭം, സന്ധ്യയ്ക്ക് മൂത്തോര് ദൈവങ്ങളുടെ ദര്‍ശനാരംഭം. തുടര്‍ന്ന് ഭാഗ്യത്തൂര് കണ്ടത്തിലേക്കുള്ള പുറപ്പാട്.
രാത്രി എട്ടുമണിക്കുശേഷം ദൈവങ്ങളുടെ വെളിച്ചപ്പാടിന്റെയും കാനത്തൂര്‍ കാനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദൈവങ്ങളുടെ വെളിച്ചപ്പാടിന്റെയും ശ്രീ മൂത്തോര് ദൈവങ്ങളുടെ മുമ്പാകെയുള്ള കൂടിക്കാഴ്ച.തുടര്‍ന്ന് ഭാഗ്യത്തൂര് കണ്ടത്തിലെ കരിമരുന്ന് പ്രയോഗം.
കൊട്ടാരത്തില്‍ ബംബേരിയന്‍, മാണിച്ചി തെയ്യങ്ങളുടെ ദര്‍ശനാരംഭം നടക്കും.രാത്രി 11.30 ന് കൊട്ടാരത്തില്‍ നിന്നും കളരിവീട്ടിലേക്ക് അന്തിവിളക്ക് എഴുന്നള്ളത്ത്.ഡിസംബര്‍ 30 ന് രാവിലെ രക്തേശ്വരി ദൈവങ്ങളുടെ ദര്‍ശനാരംഭം. 7.30 ന് കുണ്ടങ്കലയന്‍ ദൈവങ്ങളുടെ പുറപ്പാട്. 9.30 ന് പഞ്ചുര്‍ളി(ഉഗ്രമൂര്‍ത്തി) ദൈവദര്ശനാരംഭം.
ഡിസംബര്‍ 31 ന് രാവിലെ രക്തേശ്വരി ദൈവങ്ങളുടെ ദര്‍ശനാരംഭം. 11 മണിക്ക് ഭാഗ്യത്തൂര് കണ്ടത്തില്‍ വെച്ച് അനുഗ്രഹം നല്കി തിരുമുടി ധരിച്ച് കൊട്ടാരത്തിലേക്കുള്ള എഴുന്നള്ളത്ത്.തുടര്‍ന്ന് തുലാഭാരം. 2.30 മുതല്‍ വിഷ്ണുമൂര്‍ത്തി ദൈവങ്ങളുടെ അരങ്ങില്‍ പ്രവേശനം.തുടര്‍ന്ന് പ്രേതവിമോചനം പ്രസാദ വിതരണം. രാത്രി 12 മണിമുതല്‍ പാഷാണ മൂര്‍ത്തി ദൈവദര്ശനാരംഭം.
2013 ജനുവരി ഒന്നിന് പുലര്‍ച്ചെ നാലുമണിക്ക് നാല്‍വര്‍ ദൈവങ്ങളുടെ വെളിച്ചപ്പാട് ദര്‍ശനത്തോടുകൂടി കരിക്ക് കുളിക്കല്‍ ചടങ്ങിനായി ഇരിയണ്ണിയിലേക്കുള്ള പുറപ്പാട്. ഒമ്പതുമണിക്ക് രക്തേശ്വരി ദൈവദര്ശനാരംഭം. 2.30 മുതല്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദൈവങ്ങളുടെ അരങ്ങില്‍ പ്രവേശനം. നാലുമണിക്ക് പ്രസാദ വിതരണം പ്രേതമോചനം.
ജനുവരി രണ്ടിന് രാവിലെ 9.30 മുതല്‍ കഴകം ഒപ്പിക്കല്‍ ചടങ്ങുകള്‍ വിളക്കിറക്കല് ചടങ്ങിനുശേഷം നാല്വരുടെ വെളിച്ചപ്പാടിന്റെ ദര്‍ശനത്തോടെ തിരുവായുധങ്ങളുമായി മഹാലിംഗേശ്വര ക്ഷേത്രത്തിലേക്കും കളരിവീട്ടിലേക്കുമുള്ള എഴുന്നള്ളത്ത്. ശേഷം പുതുക്കുടി തറവാട്ടുകാര്‍ക്കും ഭണ്ഡാര വീട്ടുകാര്‍ക്കും ഭക്തജനങ്ങള്‍ക്കും പ്രസാദ വിതരണത്തോടെ കളിയാട്ട മഹോത്സവം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.ശശിധരന് നായര്‍, കെ.പി.ബലരാമന് നായര്‍, കെ.പി.കരുണാകരന് നായര്‍, കെ.പി.മോഹന്‍, കെ.പി.ബാലചന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kaliyattam, Kasaragod, Celebration, Press meet, Office- Bearers, Prayer meet, Programme, Theyyam, House, Kerala







