ബോട്ടിലും തോണിയിലും മണല്‍ കടത്ത്; 15 പേര് പിടിയില്‍
Nov 18, 2012, 14:33 IST
കാസര്‍കോട്: മണല്‍തിട്ട വെട്ടി ചാക്കിലാക്കി ബോട്ടിലും തോണികളിലുമായി കടത്തുകയായിരുന്ന 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കണ്ണാട് തീരക്കടലില്‍ വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് കാസര്‍കോട് തീരദേശ പോലീസിന്റെ നേതൃത്വത്തിലാണ് മണല്‍വേട്ട നടത്തിയത്. 40 ചാക്ക് പൂഴിയും മണല്‍ കടത്താനുപയോഗിച്ച ബോട്ടും തോണിയും പോലീസ് പിടികൂടി.
ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലെ വലിയപറമ്പിലെ മണല്‍തിട്ടയാണ് ചാക്കിലാക്കി ബോട്ടില്‍ കടത്താന്‍ ശ്രമിച്ചത്. ചെറിയ തോണിയില്‍ മണല്‍ ചാക്കുകള്‍ കൊണ്ടുവന്ന് വലിയ ബോട്ടില്‍ നിറച്ച് കൊണ്ടുപോകാനായിരുന്നു ഉദ്ദേശം. മണല്‍വാരല്‍ തൊഴിലാളികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. ഇവരെല്ലാം തമിഴ്നാട്ടുകാരാണ്. മണല്‍വാരിയ സ്ഥലം ചന്തേര പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് ചന്തേര പോലീസിന് കൈമാറിയതായി എസ്.ഐ. മാധവ നായിക് പറഞ്ഞു. ആര്‍ക്കുവേണ്ടിയാണ് മണല്‍ വാരിയതെന്നതിനെ സംബന്ധിച്ചും ബോട്ടും തോണിയും ആരുടേതാണ് എന്നതിനെ കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
രഹസ്യവിവരം കിട്ടിയാണ് പോലീസ് തൃക്കണ്ണാട് കടലിലെത്തിയത്. പോലീസുകാരായ സുരേഷ്കുമാര്‍, രാജന്, പ്രേമരാജ്, വിജയന്, ദേവദാസ്, കരുണാകരന്, സുഭാഷ്, പ്രകാശന് എന്നിവരും മണല്‍വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Keywords : Kasaragod, Police, Sand, Chandera, Boat, SI. Madhava Nayik, Trikkannad, Sea, Malayalam news.






