കോടതി ഉത്തരവുണ്ടയിട്ടും ഭര്‍തൃവീട്ടില്‍ കയറ്റിയില്ല; യുവതിയും മകളും വീട്ടുവരാന്തയില്‍
Dec 20, 2012, 15:21 IST
ഉദുമ: ഭര്‍തൃ വീട്ടില്‍ കഴിയാന്‍ കോടതി ഉത്തരവിട്ടിട്ടും വീട്ടുകാര്‍ അതിന് സമ്മതിക്കാത്തതിനെതുടര്‍ന്ന് യുവതിയും മൂന്നു വയസുള്ള മകളും വീട്ടുവരാന്തയില്‍ കഴിയുന്നു. പാലക്കുന്ന് കുറുക്കന് കുന്നില്‍ ഹൗസിലെ ഷംസുദ്ദീന്റെ മകള്‍ ഷംസീറയാണ് (21) ഭര്‍ത്താവ് പി.എ. അബ്ദുല്ലയുടെ മകന് മുഹമ്മദ് ഹനീഫയുടെ (30) വീട്ടുവരാന്തയില്‍ കഴിയുന്നത്. മൂന്നു മാസം മുമ്പാണ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഷംസീറയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മകള്‍ ഫാത്തിമത്ത് റിസ (മൂന്ന്) യോടൊപ്പം വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്.
പിന്നീട് ഷംസീറ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും ഭര്‍തൃ വീട്ടില്‍ കഴിയുന്നതിന് അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ 10നാണ് ഷംസീറയ്ക്ക് കോടതിയില്‍ നിന്നും ഭര്‍തൃ വീട്ടില്‍ താമസിക്കാന്‍ അനുകൂല ഉത്തരവ് ലഭിച്ചത്.
യുവതിക്ക് ഭര്‍തൃ വീട്ടില്‍ കഴിയുന്നതിന് സംരക്ഷണം നല്കാന് ബേക്കല്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. വനിതാ പോലീസടക്കം ബേക്കല്‍ പോലീസ് ഷംസീറയുമായി ഹനീഫയുടെ വീട്ടില്‍ ചെന്നെങ്കിലും പോലീസിന്റെ മുന്നില്‍ വെച്ചുതന്നെ ഷംസീറയെയും മകള്‍ റിസയെയും ഭര്‍തൃ മാതാവും മറ്റും തള്ളിപുറത്താക്കുകയായിരുന്നു.
ഇതേതുടര്‍ന്നാണ് ഷംസീറ മകളോടൊപ്പം ഭര്‍തൃ വീട്ടിലെ വരാന്തയില്‍ കഴിയുന്നത്. മൂന്നു ദിവസമായി യുവതി ഇതേ വീട്ടില്‍ വരാന്തയില്‍ കഴിയുകയാണ്. ഷംസീറയെ അകറ്റുന്നതിന് വേണ്ടി വീട്ടിലെ വൈദ്യുതി ബന്ധവും വെള്ളവും കട്ട് ചെയ്തിരിക്കയാണ്. വീടിന്റെ പുറത്തുള്ള ബാത്ത്റൂമും അടച്ചുപൂട്ടി. 2007 ഒക്ടോബര്‍ 28 നാണ് ഷംസീറയും മുഹമ്മദ് ഹനീഫയും വിവാഹിതരായത്. ഭര്‍തൃ വീട്ടില്‍ താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഷംസീറയുടെ സ്വന്തം വീട്ടിലേക്ക് ഭര്‍ത്താവ് മുഹമ്മദ് ഹനീഫ മാസങ്ങളിടവിട്ട് 1,500 രൂപവീതം മണിയോഡര്‍ അയക്കുകയും ചെയ്തിരുന്നു.
ഷംസീറ ഭര്‍തൃ വീട്ടിലല്ല താമസമെന്ന് വരുത്താന്‍ വേണ്ടിയാണ് ഇങ്ങനെ മണിയോഡര്‍ അയച്ചതെന്നാണ് യുവതിയുടെ വീട്ടുകാര്‍ പറയുന്നത്. ഭര്‍തൃ വീട്ടുകാരുടെ എതിര്‍പുമൂലം യുവതിയെ വീട്ടിനകത്ത് കയറ്റാന്‍ കഴിയാതെ ബേക്കല്‍ പോലീസും കുഴങ്ങുകയാണ്. ഭര്‍തൃ വീട്ടില്‍ പ്രവേശിക്കുന്നത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷംസീറ വീണ്ടും ബേക്കല്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ്,
ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, മാതാവ് ഫാത്വിമ (60), സഹോദരങ്ങളും ബന്ധുക്കളുമായ മുഹമ്മദ് കുഞ്ഞി (43), അസീസ് (38), സഫ്രീന (30), ആസിയ (33), ഖദീജ (29), ബുഷ്റ (27), ജംസീര് (24) എന്നിവരെ എതിര് കക്ഷികളാക്കിയാണ് ഷംസീറ കോടതിയെ സമീപിച്ചത്.
Keywords: Court order, Husband, House, Women, Daughter-love, Udma, Palakunnu, Dowry-harassment, Protect, Bekal, Police, Kerala, House wife and daughter in courtyard






