മനുഷ്യ ജീവനുകളെടുത്ത് കാട്ടുപന്നികൾ; പ്രതിവിധികൾ കണ്ടെത്താനറിയാതെ അധികൃതർ
Dec 22, 2021, 22:30 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 22.12.2021) കാട്ടുപന്നിയുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചു മറ്റം ജോയ് എന്ന ഗൃഹനാഥൻ കൂടി മരിച്ചതോടെ വെള്ളരിക്കുണ്ട് താലൂകിൽ കാട്ടുപന്നിയുടെ അക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയാണ് താലൂകിൽ ഇത്രയും മനുഷ്യ ജീവനുകൾ കാട്ടുപന്നികൾ മൂലം പൊലിഞ്ഞത്. ഇവയുടെ നേരിട്ടുള്ള അക്രമണത്തിലാണ് നാലു പേരും മരിച്ചത്.
2018 മാർചിൽ ടാപിംഗ് തൊഴിലാളിയായ വെള്ളരിക്കുണ്ട് ആന മഞ്ഞളിലെ മാടത്താനി ജോസിനെ റബർ ടാപിംഗിനിടെയാണ് കാട്ടുപന്നി കുത്തിവീഴ്ത്തിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അദ്ദേഹം മരിച്ചു. 2018 ൽ തന്നെ ഡിസംബർ 29 ന് രാത്രി വീട്ടിലേക്ക് വരുന്നതിനിടെയാണ് മാലോം കാര്യോട്ട് ചാലിലെ കൊടക്കൽ കൃഷ്ണൻ, താൻ സഞ്ചരിച്ച സ്‌കൂടെറിന് കുറുകെ കാട്ടുപന്നി ചാടിയതിനെ തുടർന്ന് അപകടത്തിൽ പെടുന്നത്.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയ്ക്കിടെ മരണപ്പെട്ടു.
2020 മാർച് എട്ടിന് അട്ടക്കാട് താഴത്ത് വീട്ടിൽ വെള്ളനെ, സന്ധ്യയോടെ അയൽ വീട്ടിൽ പോയിതിരിച്ചു വരുന്നതിനിടെ വഴിയിൽ വെച്ച് കാട്ടുപന്നികൾ ആക്രമിക്കുകയും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ജില്ലയിൽ മറ്റുനാലു പേർ കൂടി കാട്ടുപന്നി ആക്രമണം മൂലം മരിച്ചിരുന്നു. 2020 നവംബർ 14 ന് മഞ്ചേശ്വരം കുമ്പണൂരിലെ രാജേഷിനെ പണിക്കു പോകുന്നതിനിടെ വീടിനടുത്ത് വെച്ച് കാട്ടുപന്നി അക്രമിക്കുകയും സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. ഡിസംബറിൽ ബദിയടുക്ക നീർച്ചാലിൽ കൂലിതൊഴിലാളിയായ ഐത്തപ്പനായക്കും 2021 ഒക്ടോബർ രണ്ടിന് കാറഡുക്ക കർമ്മംതോടി കാവുങ്കാലിലെ പി കുഞ്ഞമ്പു നായരും കാട്ടുപന്നിയുടെ ആക്രമണം മൂലം മരിച്ചിരുന്നു. സ്‌കൂടെറിൽ വീട്ടിലേക്ക് വരുന്നതുനിടെ പന്നി കുറുകെ ചാടിയുണ്ടായ അപകടത്തിലാണ് കുഞ്ഞമ്പു നായർ മരിച്ചത്.
സ്വന്തം വീട്ടുമുറ്റങ്ങളിൽ പോലും ആളുകൾ കാട്ടുപന്നി കളുടെ അക്രമണത്തിന് ഇരയാകുന്നു. ഒട്ടേറെ പേർ ഇപ്പോഴും കാട്ടുപന്നി അക്രമണത്തിന്റെ വൈകല്യം പേറുകയും ചെയ്തുവരികയാണ്. കാട്ടുപന്നി അക്രമം മൂലം മരിക്കുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വരെ നഷ്ട പരിഹാരം നൽകുന്നുണ്ട്. പക്ഷേ ഇത് ജീവന് പകരമാവുന്നില്ല. ഏറ്റവും ഒടുവിലായി മരിച്ച ജോയിയുടെ ജീവൻ രക്ഷിക്കാൻ വീട്ടുകാർ 15 ലക്ഷം രൂപയോളം ചിലവഴിച്ചിരുന്നു.
കാട്ടുപന്നികളുടെ ആക്രമണം മൂലം ജില്ലയിൽ കൂടുതൽ മരണങ്ങൾ ഉണ്ടായ ബളാൽ പഞ്ചായത്തിന് വന്യമൃഗങ്ങളെ തുരത്തുന്നതിന് പ്രത്യേക പരിഗണനകൾ വനം വകുപ്പും സംസ്ഥാന സർകാരും നൽകണമെന്നും വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരിച്ചവരുടെ അശ്രിതർക്ക് നഷ്ടപരിഹാരത്തിന് പുറമെ സർകാർ ജോലിയും നൽകണമെന്നും ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പഞ്ചായത്ത് നിവേദനം നൽകുമെന്നും ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.
Keywords: Kerala, News, Kasaragod, Vellarikundu, Balal, Animal, Death, Top-Headlines, Wild Pig, Death from boar attack is increasing.
< !- START disable copy paste -->