city-gold-ad-for-blogger

പടുവളത്തെ വിവാദ ബീവറേജസ് മദ്യശാല കാലിക്കടവിലേക്ക് മാറ്റാന്‍ നീക്കം

പടുവളത്തെ വിവാദ ബീവറേജസ് മദ്യശാല കാലിക്കടവിലേക്ക് മാറ്റാന്‍ നീക്കം
ചെറുവത്തൂര്‍: പിലിക്കോട് പടുവളത്തെ വിവാദ ബീവറേജസ് മദ്യശാല കാലിക്കടവിലേക്ക് മാറ്റാനുള്ള നീക്കം ശക്തമായി. നേരത്തെ കുടുംബശ്രീ പ്രവര്‍ത്തകരും സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പടുവളത്തുനിന്നും ബീവറേജസ് മദ്യശാല മാറ്റണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ രണ്ട് ദിവസം പടുവളത്തെ മദ്യശാലയ്ക്ക് മുന്നില്‍ ഉപരോധ സമരവും സംഘടിപ്പിച്ചിരുന്നു. പടുവളത്ത് പ്രവര്‍ത്തിക്കുന്ന മദ്യശാല ജനങ്ങള്‍ക്ക് ശല്യമായി മാറിയതോടെയാണ് കുടുംബശ്രീ പ്രവര്‍ത്തകരും നാട്ടുകാരും മദ്യശാലയ്‌ക്കെതിരെ രംഗത്തുവന്നത്.

അമിതമായി മദ്യം കഴിച്ച് ഏതാനും യുവാക്കള്‍ അപകടങ്ങളില്‍പ്പെട്ട് മരിച്ചതോടെയാണ് മദ്യശാലയ്‌ക്കെതിരെ നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും രംഗത്തുവന്നത്. മദ്യശാല പടുവളത്ത് പ്രവര്‍ത്തിക്കുന്നതു മൂലം യുവാക്കള്‍ ജോലിക്കോ മറ്റോ പോകാതെ സദാസമയവും ബീവറേജസ് മദ്യശാലയ്ക്ക് മുന്നില്‍ തമ്പടിക്കുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായത്. മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിക്കുകയും കുടുംബങ്ങളില്‍ അക്രമവും, അസ്ഥിരതയും ഉണ്ടാവുകയും ചെയ്തതോടെ പടുവളത്തെ ബീവറേജസ് മദ്യശാല ജനകീയ പ്രശ്‌നമായി മാറുകയായിരുന്നു. ഇപ്പോള്‍ ബീവറേജസ് മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം ഡിസംബര്‍ 30നകം ഒഴിയണമെന്ന് കോടതിവിധിയുണ്ട്.

ഉടമ ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും ബീവറേജസ് അധികൃതര്‍ കെട്ടിടം ഒഴിയാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ബീവറേജസ് അധികൃതരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കെട്ടിടം ഒഴിയുന്നത് കോടതി ആറുമാസത്തേക്ക് നീട്ടിക്കൊടുത്തത്. അതിനിടെയാണ് വിവാദ മദ്യശാല കാലിക്കടവിലേക്ക് പറിച്ച് നടാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നീക്കം നടക്കുന്നത്. കാലിക്കടവില്‍ മദ്യശാലയ്ക്ക് കെട്ടിടം കണ്ടുവെച്ചതായും വിവരം പുറത്തുവന്നിട്ടുണ്ട്. ബീവറേജസ് മദ്യശാലയ്ക്ക് കെട്ടിടം ആവശ്യമുണ്ടെന്ന് കാണിച്ച് ബീവറേജസ് അധികൃതര്‍ പ്രമുഖ പത്രങ്ങളിലടക്കം പരസ്യം നല്‍കിയിട്ടുണ്ട്. ചെറുവത്തൂര്‍, പിലിക്കോട്, തൃക്കരിപ്പൂര്‍ വില്ലേജ് പരിധിയില്‍ കെട്ടിടം ആവശ്യമുണ്ടെന്നാണ് പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പിലിക്കോട് പഞ്ചായത്തില്‍ നിന്നും മദ്യശാല മാറ്റണമെന്ന് നാട്ടുകാരും കുടുംബശ്രീയും ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് പടുവളത്തിന് തൊട്ടടുത്തുള്ള കാലിക്കടവില്‍ തന്നെ മദ്യശാല പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം നടക്കുന്നത്. നേരത്തെ ചീമേനി-ഞാണങ്കൈ റോഡില്‍ ഒരു കെട്ടിടം മദ്യശാലയ്ക്കായി കണ്ടുവെച്ചെങ്കിലും ഞാണങ്കൈ വളവില്‍ ത്രീസ്റ്റാര്‍ ബാര്‍ ഹോട്ടല്‍ ഉയര്‍ന്നത് ഇവിടെ ബീവറേജസ് മദ്യശാല പ്രവര്‍ത്തിക്കുന്നതിന് തടസമായി. വിവാദ മദ്യശാല ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത ഏതെങ്കിലും ഭാഗത്തേക്ക് മാറ്റണമെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന ആവശ്യം.

പടുവളത്ത് മദ്യശാല പ്രവര്‍ത്തിക്കുമ്പോള്‍ തൊട്ടടുത്ത പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിനികള്‍ ഉള്‍പെടെയുള്ള സ്ത്രീകള്‍ക്ക് പലവിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടായത്. നാട്ടുകാര്‍ സംഘടിച്ചതോടെയാണ് ഇതിന് അല്‍പമെങ്കിലും പരിഹാരമുണ്ടായത്. പടുവളത്ത് വിദേശ മദ്യശാല വന്നതിന് ശേഷം നിരവധി വാഹനാപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്നത് പടുവളത്താണ്. മദ്യശാല പിലിക്കോട് തന്നെ നിലനിര്‍ത്താന്‍ മദ്യശാലയിലെ ജീവനക്കാരടക്കമുള്ളവര്‍ ശ്രമം നടത്തിവരുന്നുണ്ട്. മദ്യശാല പൂട്ടിയാല്‍ ഇവര്‍ക്ക് നീലേശ്വരം, കാഞ്ഞങ്ങാട്, കാസര്‍കോട് ഭാഗങ്ങളിലെ മദ്യശാലകളിലേക്ക് കൂടുമാറേണ്ടിവരും. അതുകൊണ്ടുതന്നെ മദ്യശാല എങ്ങനെയായാലും പിലിക്കോട് നിലനിര്‍ത്താന്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടന്നുവരുന്നത്. ആഴ്ചയില്‍ മൂന്ന് ലോഡ് വരെ മദ്യം പടുവളത്തെത്തുന്നുണ്ട്.

Keywords: Pilicode, Beverages, Foreign liquor, Paduvalam, Kalikkadavu, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia